ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി തേടി കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ; ശ്രദ്ധ ക്ഷണിക്കലിലൂടെ ഈ ആവശ്യമുന്നയിച്ചത് കൗൺസിലർ എൻ സി മോയിൻ കുട്ടി

ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി വേണമെന്ന ആവശ്യവുമായി കോഴിക്കോട് രംഗത്ത് എത്തിയിരിക്കുകയാണ് കോർപ്പറേഷൻ കൗൺസിൽ. ശ്രദ്ധ ക്ഷണിക്കലിലൂടെ കൗൺസിലർ എൻ സി മോയിൻ കുട്ടിയാണ് ഇത്തരത്തിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കാളൂർ റോഡ് ഭാഗത്ത് നായ പ്രകോപനമില്ലാതെ കുട്ടികളടക്കം 12 പേരെ കടിച്ചതായി മോയിൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്സിൻ എടുത്തിട്ടും ആളുകൾ മരിക്കുന്നുവെന്ന വാർത്തവന്നതോടെ എല്ലാവരും ആശങ്കയിലാണ്. നായകൾ അരാജകത്വമുണ്ടാക്കുന്നു. എബിസി പദ്ധതിയുണ്ടായിട്ടും നായ ശല്യം കൂടിവരുന്നുവെന്നും മോയിൻകുട്ടി കൂട്ടിച്ചേർത്തു. തെരുവുനായ ശല്യം പരിഹരിക്കാൻ നഗരത്തിൽ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപ്പറേഷൻ തീരുമാനിക്കുകയുണ്ടായി. കൗൺസിലർ മോയിൻ കുട്ടി മുൻപിൽ വെച്ച ആവശ്യത്തിന് പിന്തുണയുമായി ഭരണ-പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തിയിരുന്നു.
ഇതോടെയാണ് പ്രത്യേക സമിതിയുണ്ടാക്കാൻ കൗൺസിൽ തീരുമാനിച്ചത് തന്നെ. ഈ സമിതി വിഷയം പരിശോധിച്ചതിന് ശേഷം നിയമപരമായി നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്വ്യക്തമാക്കി .
അതേസമയം കോർപ്പറേഷൻ കൗൺസിലിലെ എല്ലാ കക്ഷികളും അടങ്ങുന്നതാകും കമ്മിറ്റിയെന്നും മേയർ പറഞ്ഞു. കാട്ടുപന്നികളുടെ കാര്യത്തിലെന്നപോലെ ആക്രമണസ്വഭാവമുള്ള നായ്ക്കളെ വെടിവക്കാൻ അനുമതി നൽകണമെന്ന് വിശദമായ ചർച്ചകൾക്ക് ശേഷം കോർപ്പറേഷൻ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha
























