അതിശക്തമായ മഴ... കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് നാരായണമംഗലത്ത് കനത്ത മഴയ്ക്കിടയില്‍ കിണര്‍ അപ്രത്യക്ഷമായി.... ഞെട്ടലോടെ നാട്ടുകാര്‍

അതിശക്തമായ മഴ... കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് നാരായണമംഗലത്ത് കനത്ത മഴയ്ക്കിടയില്‍ കിണര്‍ അപ്രത്യക്ഷമായി.... ഞെട്ടലോടെ നാട്ടുകാര്‍. പുല്ലൂറ്റ് നാരായണമംഗലം പൊക്കം ബസ് സ്റ്റോപ്പിനു കിഴക്കു വശത്താണ് കനത്ത മഴയ്ക്കിടയില്‍ കിണര്‍ അപ്രത്യക്ഷമായത്.
ചള്ളിയില്‍ പരേതനായ സദാനന്ദന്റെ ഭാര്യ മിനിയുടെ വീട്ടുമുറ്റത്തെ 25 അടി താഴ്ചയുള്ള കിണര്‍ ആണ് ഇടിഞ്ഞ് താഴ്ന്ന് പോയത്. രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
അതിഭയങ്കരമായ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കിണര്‍ ഇടിഞ്ഞതായി കാഴ്ചയില്‍ പെട്ടത്. കിണറിന്റെ മുകളില്‍ വിരിച്ചിരുന്ന ഇരുമ്പ് ഗ്രിലും തൊട്ടരികിലായി സ്ഥാപിച്ചിരുന്ന മോട്ടര്‍ ഷെഡും തകര്‍ന്നു കിണറ്റിലേക്ക് വീണു. സമീപവാസികളെല്ലാം ശുദ്ധജലത്തിനായി ഈ കിണറിനെയാണു ആശ്രയിച്ചു പോന്നിരുന്നത്.
അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂന മര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക തീരത്ത് സെപ്റ്റംബര്‍ 5 വരെ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























