കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരിയായ പെണ്‍കുട്ടിയെ അവര്‍ നല്‍കിയ ഫോണ്‍ നമ്പറിലോ വിലാസത്തിലോ കണ്ടെത്താന്‍ പൊലീസിന് സാധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല ഉത്തരവ് പിന്‍വലിച്ചത്. എന്നാല്‍, സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി വീണ്ടും രേഖാമൂലം അപേക്ഷ നല്‍കിയാല്‍ ആവശ്യമായ സുരക്ഷ നല്‍കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ജൂലൈ 21-ന് കോടതി വീണ്ടും പരിഗണിക്കും.
അന്യമതസ്ഥനായ ഫര്‍മാന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും തനിക്കെതിരെ വലിയ രീതിയില്‍ വിദ്വേഷ പ്രചാരണങ്ങളും വധഭീഷണികളും ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ ഫോട്ടോകള്‍ തെരുവുകളില്‍ കത്തിക്കുകയും നേരില്‍ കണ്ടാല്‍ വെടിവച്ചു കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ 19-ന് കോടതി ഇവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും എന്നാല്‍ പിന്നീട് ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കാണാതാവുകയും ചെയ്യുന്നത് ഹര്‍ജിക്കാരിയുടെ പതിവായി മാറിയിരിക്കുകയാണെന്നും, ഇത്തരമൊരു സാഹചര്യത്തില്‍ സംരക്ഷണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനു മേല്‍ കെട്ടിവയ്ക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ തനിക്ക് നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനും കോടതിയില്‍ വ്യക്തമാക്കി.
കേരളത്തില്‍ വച്ചായിരുന്നു വൈറല്‍ പെണ്‍കുട്ടിയും സുഹൃത്തായ മുഹമ്മദ് ഫര്‍മാനും വിവാഹിതരായത്. എന്നാല്‍ ഫര്‍മാന്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് മധ്യപ്രദേശ് പൊലീസില്‍ പരാതി നല്‍കി. ഇതിനെതിരെ സംരക്ഷണം തേടിയാണ് ദമ്പതികള്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മധ്യപ്രദേശിലെ കോടതിയെ സമീപിക്കുന്നതിനായി ഫര്‍മാന് ഹൈക്കോടതി മുന്‍പ് ഒരു മാസത്തെ ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചിരുന്നു. തന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന് ആരോപിച്ച് പെണ്‍കുട്ടി മധ്യപ്രദേശ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതിനിടെ, മധ്യപ്രദേശിലെ പോക്‌സോ കോടതി ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ട്രാന്‍സിറ്റ് ജാമ്യം നീട്ടി നല്‍കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇവര്‍ക്കുള്ള പോലീസ് സുരക്ഷയും കോടതി റദ്ദാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























