വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

ചാത്തമംഗലത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തിലണിഞ്ഞ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍. ചേവായൂര്‍ കോട്ടക്കുന്ന് വില്ലിക്കാട് ഷനൂപ് (26)ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ചാത്തമംഗലത്തുവെച്ച് പൂളപ്പറമ്പ് സ്വദേശിനി ദേവകിയമ്മയുടെ കഴുത്തില്‍ അണിഞ്ഞ ഒന്നര പവന്‍ തൂക്കംവരുന്ന സ്വര്‍ണാഭരണമാണ് ഇയാള്‍ പൊട്ടിച്ചെടുത്തത്. ആശുപത്രിയില്‍ പോയി മടങ്ങിവരുന്ന സമയത്ത് ബൈക്കിലെത്തിയ പ്രതി ദേവകിയമ്മയോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്ത ശേഷം കുറച്ചുദൂരം വണ്ടിയില്‍ സഞ്ചരിച്ച് തിരിച്ചെത്തി ദേവകിയമ്മയുടെ കഴുത്തിലണിഞ്ഞ സ്വര്‍ണാഭരണം വലിച്ച് പൊട്ടിക്കുകയായിരുന്നു.
തുടര്‍ന്ന് ദേവകിയമ്മ കുന്ദമംഗലം പോലീസില്‍ പരാതിനല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും അന്നുതന്നെ പ്രതിയെ പിടികൂടുന്നതിന് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് സമാനമായ വിധത്തില്‍ മോഷണം നടത്തിയവരേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചും പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഷനൂപ് പിടിയിലായത്.
ഇയാള്‍ക്കെതിരെ വിധത്തില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ സ്വര്‍ണാഭരണം പിടിച്ചുപറിച്ച കേസുകള്‍നിലവിലുണ്ട്. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മാനേജരായി ജോലി ചെയ്യുകയാണ് പ്രതി. ജോലിയുടെ ഒഴിവുസമയങ്ങളിലാണ് മോഷണത്തിന് ഇറങ്ങുന്നത്. പിടികൂടിയ പ്രതിയെ തെളിവെടുപ്പിനുവേണ്ടി സംഭവസ്ഥലത്ത് എത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha


























