ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു

തിരുവല്ലത്ത് ടെക്‌നോപാർക്കിലെ രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ നിർണ്ണായക വഴിത്തിരിവായിരുന്നു സംഭവിച്ചത്. തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം നടന്ന ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി (25), തൊടുപുഴ സ്വദേശിനി മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്. നിയന്ത്രണം തെറ്റി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പൊലീസിന്റെ കാര്യക്ഷമമായ അന്വേഷണമാണ് യഥാർത്ഥ കാരണം പുറത്തുകൊണ്ടുവന്നത്.
വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്ന നവീനും മൃദുലയും നവീന്‍റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കോവളത്ത് ഭക്ഷണം കഴിക്കാൻ പോയത്. മടങ്ങിവരുന്നതിനിടയിലുണ്ടായ അപകടത്തിൽ ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. മൃദുല അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന നവീനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നാലെ തിരുവല്ലം പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിയിരുന്നു. അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഹാൻഡിലിൽ മറ്റൊരു വാഹനത്തിന്റെ പെയിന്റ് പുരണ്ടതായി കണ്ടതാണ് കേസിൽ വലിയ സംശയങ്ങൾക്ക് വഴിതുറന്നത്. തുടർന്ന് പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചപ്പോഴാണ് ബൈക്കിന് തൊട്ടുപിന്നിലായി അതിവേഗത്തിൽ കടന്നുപോകുന്ന ഒരു കാർ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ, ബൈക്കിന് പിന്നിൽ കാറിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ മലയിൻകീഴിലെ വീട്ടിൽ നിന്നും കണ്ടെത്തുകയും കാർ ഓടിച്ചിരുന്ന മലയിൻകീഴ് സ്വദേശി വിഷ്ണുവെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ താൻ ഓടിച്ച കാർ തട്ടിയാണ് ബൈക്ക് അപകടത്തിൽപ്പെട്ടതെന്ന് വിഷ്ണു പൊലീസിനോട് സമ്മതിച്ചു.
അപകടം നടന്നയുടൻ കാർ മുന്നോട്ട് മാറ്റി നിർത്തിയിരുന്നുവെന്നാണ് വിഷ്ണു മൊഴി നൽകിയത്. എന്നാൽ അപകടസ്ഥലത്ത് ആളുകൾ ഓടിക്കൂടുന്നത് കണ്ടപ്പോൾ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്നാണ് നിർത്താതെ പോയത്. പരിക്കേറ്റവരുടെ അവസ്ഥ കണ്ട് പരിഭ്രാന്തനായതോടെ മറ്റാരോടും പറയാതെ കാറുമായി മലയിൻകീഴിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. പിടിയിലായ വിഷ്ണുവിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























