പണത്തിനായി ആളുകളെ തട്ടിക്കൊണ്ടു പോകൽ, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസിലും പ്രതി; കുപ്രസിദ്ധ ഗുണ്ട കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പെരിങ്ങാല ദേശത്തിനകം കണ്ടിശേരി പടീറ്റതിൽ വീട്ടിൽനിന്നും ദേശത്തിനകം ശ്യാമള മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന മാളു എന്ന് വിളിക്കുന്ന അൻസാഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് അടച്ചത്.
അതേസമയം കുപ്രസിദ്ധ ഗുണ്ടയായ ഇയാളെ 2017-ലും 2019-ലും കരുതൽ തടങ്കലിലാക്കിയിരുന്നു. തുടർന്ന് 2020-ൽ ഇയാളെ ജില്ലയിൽ നിന്നു കാപ്പാ നിയമപ്രകാരം നാടു കടത്തിയിരുന്നെങ്കിലും ഇത് ലംഘിക്കുകയായിരുന്നു. ഇയാൾക്കെതിരെ തമിഴ്നാട് പെരുംതുറൈ പൊലീസ് സ്റ്റേഷൻ പരിധിയിലും ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലും കേസുകളുണ്ട്. ഇവിടെയെല്ലാം പണത്തിനായി ആളുകളെ തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള കേസിലും കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസിലും ഇയാൾ പ്രതിയായിട്ടുള്ളതാണന്ന് പൊലീസ് പറഞ്ഞു.
മാത്രമല്ല ജില്ലാ പൊലീസ് മേധാവി ജെ. ജയ്ദേവ് നൽകിയ ശിപാർശ അംഗീകരിച്ചാണ് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ഐഎഎസ് മാളുവിനെതിരെ ഒരു വർഷക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രൻ, സുനിൽകുമാർ, ബിജുരാജ്, അനീഷ് എന്നിവരാണ് മാളുവിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























