സംസ്ഥാനത്തെ നടുക്കി തെരുവ്നായകൾ; വീട്ടിനുള്ളിലും രക്ഷയില്ല; പെൺകുട്ടിയെ നായ കിടപ്പുമുറിയില്‍ കയറി കടിച്ചു

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. വെഞ്ഞാറമൂട് കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായയുടെ കടിയേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം നടന്നത്.
വീട്ടിലെ തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയില്‍ കയറി അഭയയെ കടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് നായയെ ആട്ടിയോടിച്ചു.
അതേസമയം വീട്ടില്‍നിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറി. ഇതോടെ നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. പിന്നാലെ അഭയ ആശുപത്രിയില്‍ ചികിത്സ തേടി.
നിലവിൽ സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കാനിരിക്കുകയാണ്. വൈകിട്ട് മൂന്ന് മണിക്ക് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ആണ് വിഷയം പരിഗണിക്കുക.
https://www.facebook.com/Malayalivartha


























