മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ മോഹന്‍റെ സഹധർമ്മിണിക്ക് യാത്ര ചെയ്യാൻ സർക്കാർ കാർ! കാലടി സർവകലാശാല അധ്യാപികയായ ഡോ.പൂർണ്ണിമ മോഹൻ വഞ്ചിയൂരിലെ കോളേജിലേക്ക് പോകുവാനും വരാനും മോഹനന് സർക്കാർ അനുവദിച്ച വാഹനമാണ് ഉപയോഗിക്കുന്നത്; സ്വന്തം ഓഫീസിലെ ഉന്നതന്‍റെ അധികാര ദുർവിനിയോഗത്തിൽ മുഖ്യമന്ത്രി നടപടിയെടുക്കുമോയെന്ന് ഉറ്റു നോക്കി രാഷ്ട്രീയ കേരളം

പിണറായി സർക്കാർ ഇതാ അടുത്ത കുടുക്കിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ മോഹന്‍റെ സഹധർമ്മിണിക്ക് യാത്ര ചെയ്യാൻ സർക്കാർ കാർ ഉപയോഗിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാലടി സർവകലാശാല അധ്യാപികയായ ഡോ.പൂർണ്ണിമ മോഹൻ വഞ്ചിയൂരിലെ കോളേജിലേക്ക് പോകുവാനും വരാനും മോഹന് സർക്കാർ അനുവദിച്ച വാഹനമാണ് ഉപയോഗിക്കുന്നത്.
2018 നവംബർ 28 ന് നിയമസഭയിൽ അന്നത്തെ നാട്ടിക എംഎൽഎ സർക്കാർ വാഹനങ്ങളിൽ വീട്ടിൽ പോയി വരാൻ അനുവദിച്ചിട്ടുള്ളത് ഏതെല്ലാം തസ്തികയിലെ ഉദ്യോഗസ്ഥരെയാണെന്ന് ചോദിച്ചിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിമാർ മുതൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ വരെ പന്ത്രണ്ട് ഇനം തിരിച്ച് മുഖ്യമന്ത്രി അന്ന് മറുപടി കൊടുത്തിരുന്നു.
വാഹനങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്ന കാര്യമാണ്. പക്ഷേ വീട്ടുകാർക്കും കുടുംബക്കാർക്കും വേണ്ടി ട്രിപ്പ് അടിക്കൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ നടക്കുകയാണ്. ആർ മോഹൻ ഇന്ത്യൻ റവന്യു സർവീസിൽ നിന്നും സ്വയം വിരമിച്ച വ്യക്തിയാണ്. അതിന് ശേഷം ഒന്നാം പിണറായി മന്ത്രിസഭ മുതൽ മുഖ്യമന്ത്രിയുടെ ഓഫീസൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം.
എൽഡിഎഫ് സർക്കാരിന്റെ ആദ്യത്തെ ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം . രണ്ടാം ടേമിൽ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയിലേക്ക് നിയമനം കിട്ടി. കാലടി സർവകലാശാലയുടെ വഞ്ചിയൂരുള്ള സെന്‍ററിൽ പ്രൊഫസറാണ് ഭാര്യ ഡോ.പൂർണ്ണിമ മോഹൻ .
സർവകലാശാല അധ്യാപികമാർക്ക് സർക്കാർ വാഹനമില്ലെന്നിരിക്കെ ഡോ.പൂർണ്ണിമാ മോഹനെ കോളേജിലെത്തിക്കാനും തിരികെ കൊണ്ടു പോകാനും KL01 BF 4444 സ്റ്റേറ്റ് കാർ എത്തുന്നുവെന്നതാണ് ഗുരുതരമായ വീഴ്ച്ച . ആരുടെതാണ് ഈ കാർ എന്ന് വാഹനങ്ങൾ അനുവദിക്കുന്ന ടൂറിസം വകുപ്പിൽ അന്വേഷിച്ചപ്പോൾ കാര്യം വ്യക്തമാകുകയായിരുന്നു.
ഒരു ദിവസം മാത്രം നടക്കുന്ന കാര്യമല്ല ഇത്. . എല്ലാം ദിവസവും രാവിലെ കോളേജിലേക്കും വൈകിട്ട് നാല് മണിക്ക് കോളേജിൽ നിന്നും നെട്ടയത്തുള്ള വീട്ടിലേക്കും പോകുന്നതും വരുന്നതും സർക്കാർ വാഹനത്തിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . അധ്യാപികയെ വീട്ടിൽ ഇറക്കിയ ശേഷം തിരികെ വണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിക്കാറാണ് പതിവ്.
സംസ്കൃതം അധ്യാപികയാണ് പൂർണിമാ മോഹൻ . ഇവരെ കേരള സർവകലാശാലയുടെ മലയാളം നിഘണ്ടു വിഭാഗത്തിന്‍റെ പ്രധാന സ്ഥാനത്തേക്ക് ചട്ടംലംഘിച്ച് കൊണ്ടുവന്നിരുന്നു. ഇത് വമ്പൻ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു.
എന്നാൽ ഈ പരാതി ഗവർണറുടെ അടുക്കൽ എത്തിയപ്പോൾ ഡോ. പൂർണ്ണിമ രാജിവച്ചു പോയി . അതിന് ശേഷമാണ് കാലടി സർവകലാശാലയുടെ തിരുവനന്തപുരത്തെ സെന്‍ററിലേക്ക് എത്തുന്നത്. രണ്ട് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന സർവകലാശാല അധ്യാപികയാണ് ഡോ. പൂർണ്ണിമ. അങ്ങനെ ഉള്ള വ്യക്തിയാണ് അനർഹമായി സർക്കാർ വണ്ടി ഉപയോഗിക്കുന്നത്.
സ്വന്തം ഓഫീസിലെ ഉന്നതന്‍റെ അധികാര ദുർവിനിയോഗത്തിൽ മുഖ്യമന്ത്രി നടപടിയെടുക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. എന്തായാലും ഈ വിഷയവുമായി ബന്ധപ്പെട്ടനാടുക്കുന്ന വിവരമാണ് പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha


























