അമ്മയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും

കൊല്ലം തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു.
ആറര മണിക്കൂറോളം ഗേറ്റിനു പുറത്തുനിന്ന ശേഷം നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. സ്‌കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്.
ഒരു രാത്രി മുഴുവൻ അമ്മയേയും കുട്ടിയേയും പുറത്തു നിർത്തിയിട്ടും അനങ്ങാതിരുന്ന പൊലീസ് മാധ്യമങ്ങളിൽ വാര്‍ത്ത വന്നതിന് ശേഷമാണ് അതുല്യയുടെ മൊഴിയെടുത്തതും പിന്നീട് കേസ് നടപടകിളിലേക്ക് നീങ്ങിയതും.
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ്മ ഭർത്താവിനെതിരെ എഫ്ഐആർ എടുക്കാൻ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു . പ്രാഥമികാന്വേഷണത്തിന് ശേഷം അറസ്റ്റ് ചെയ്യാനും ഡിജിപിക്ക് അയച്ച കത്തിൽ നിർദേശിച്ചു.
സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. 100 പവൻ സ്വര്‍ണവും പണവും സ്ത്രീധനായി നൽകിയിട്ടും ഭര്‍ത്താവും അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് അതുല്യയുടെ പരാതിയിൽ പറയുന്നത്.
അഞ്ചരവയസുകാരനെ വീടിന് പുറത്ത് നിര്‍ത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. വ്യഴാഴ്ച്ച വൈകിട്ട് മൂന്നരക്ക് സ്കൂളിൽ നിന്നെത്തിയ മകനെ വിളിക്കാൻ അതുല്യ പുറത്തു പോയ സമയത്താണ് ഭർതൃമാതാവ് അജിതകുമാരി വീട് പൂട്ടിയിട്ടത്. 20 മണിക്കൂറിന് ശേഷം ചാത്തന്നൂർ എസിപി, സിഡബ്ല്യൂസി ജില്ലാ ചെയര്‍മാൻ, വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ എന്നിവർ ചര്‍ച്ച നടത്തിയ ശേഷം മാത്രമാണ് അതുല്യയേയും കുഞ്ഞിനേയും ഭര്‍തൃ മാതാവ് വീടിന് അകത്തേക്ക് കയറ്റിയത്.
കുഞ്ഞിനും അമ്മയ്ക്കും സംരക്ഷണം നൽകാതിരുന്ന പൊലീസ് നടപടി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. കുട്ടിയെ പുറത്ത് നിർത്തിയതിന് ഭർതൃ മാതാവിനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി.
സ്ത്രീധനത്തിന്റെ പേരിൽ സമാനമായ പീഡനങ്ങള്‍ തനിക്കു നേരെയും ഉണ്ടായെന്ന് ആരോപിച്ച് അജിതാകുമാരിയുടെ മൂത്ത മരുമകളായ വിനിയും രംഗത്തെത്തി. ഉപദ്രവം സഹിക്കാതെ വീടു വിട്ടിറങ്ങിയെന്നും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ നല്‍കിയ കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും വിനി പറഞ്ഞു. വനിതാ കമ്മീഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















