യൂറോപ്പ് താണ്ടാൻ ആക്രാന്തം കാണിച്ച് പിണറായി വിജയൻ... രാജാവ് നഗ്നനെന്ന് സഖാക്കൾ... സിപിഎമ്മിൽ വൻ പൊട്ടിത്തെറി.. മൂട്ടിൽ തീ പിടിച്ച് പിണറായി

മുത്തച്ഛൻ, മുത്തശ്ശി, കുഞ്ഞമ്മ, ചിറ്റപ്പൻ, ചേട്ടൻ, ചേച്ചി, മോൾ, മോൻ, കൊച്ചുമോൻ, മാമി, മാമൻ, അപ്പുപ്പൻ, അമ്മുമ്മ..ഫോട്ടോഗ്രാഫർ, വൈഫ്, വൈഫിന്റെ ചേച്ചി ചേച്ചിയുടെ മോൻ, സെക്രട്ടറി മാമൻ, മാമന്റെ മാമി, അവരുടെ കുഞ്ഞമ്മ... എല്ലാവരും കൂടി കേരളത്തെ രക്ഷിക്കാൻ യൂറോപ്യൻ ടൂർ നടത്തുകയാണെന്ന പരിഹാസമാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്നത്.
യാത്ര അടുത്ത മാസം നടത്തിയാൽ ഇവിടെ ആകാശം ഇടിഞ്ഞു വീഴില്ല എന്ന് പറയാൻ ഇരട്ടചങ്കുള്ള മറ്റു നേതാക്കൾ ഒന്നും ഇവിടെ ഇല്ലേ എന്ന ചോദ്യം ഇതിനോടകം പല സഖാക്കളും ഉയർത്തിക്കഴിഞ്ഞു. പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് ഉയർന്ന് തുടങ്ങി. അതിനിടയിലാണ് ഈ വിഷയം ഉയർത്തിക്കാട്ടി മുതിർന്ന മാധ്യമ പ്രവർത്തകനും വിഎസിൻ്റെ വിശ്വസ്തനുമായ ജി. ശക്തിധരൻ രംഗത്ത് വന്നിരിക്കുന്നത്.
ഏകദേശം മൂന്ന് പതിറ്റാണ്ടിലധികം പത്രപ്രവർത്തന രംഗത്ത് പരിചയസമ്പത്തുള്ള മാധ്യമപ്രവർത്തകൻ കൂടിയായ ജി. ശക്തിധരൻ പങ്കുവയ്ച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. താൻ വിശ്വസിക്കുന്ന പാർട്ടിയെ നഖശിഖാന്തം എതിർത്തയാളാണ് ശക്തിധരൻ. ഭാഷ നന്നായി ഉപയോഗിച്ച് വിമർശിക്കുന്നവരോട് ബഹുമാനവും സ്നേഹവും, ആദരവും പ്രകടിപ്പിച്ചാണ് അദ്ദേഹം മറുപടി നൽകുന്നത്.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്....
യൂറോപ്പ് താണ്ടാൻ
എന്തിനീ ആക്രാന്തം?
സ: പിണറായിക്ക് ജോലിത്തിരക്കിന്റെ സമ്മർദ്ദവും ഉറ്റ സഹപ്രവർത്തകന്റെ പൊടുന്നനെയുള്ള വിയോഗത്തിന്റെ ആഘാതവും കാരണം ചിലപ്പോൾ എടുക്കുന്ന ഔദ്യോഗിക തീരുമാനം തെറ്റിപ്പോയെന്നു വരാം. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. മനുഷ്യസഹജമായ വീഴ്ചയായി ജനങ്ങൾ അത് പൊറുക്കും. ആ തെറ്റ് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് തിരുത്തുകയാണ് മാന്യതയുള്ളവർ ചെയ്യേണ്ടത്. പ്രത്യേകിച്ചും കമ്മ്യുണിസ്റ്റ് നേതാക്കൾ. തിരുത്തലുകൾക്ക് അതീതനായ അത്ഭുത ജന്തുവാണെന്ന ചിലരുടെ നാട്യമാണ് നേതാവിനെയും പാർട്ടിയെയും അവഹേളനത്തിന് വഴിയൊരുക്കുന്നത്.
എന്നാൽ ചുറ്റും നിഴൽ പോലെ വ്യാപരിക്കുന്ന ഉപദേഷ്ടാക്കളിൽ ഒരാൾക്കു പോലും ഇത് വിദേശ സന്ദർശനത്തിന് പറ്റിയ സമയം അല്ലെന്ന് എന്തുകൊണ്ട് മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് തോന്നിയില്ല എന്നതാണ് മാപ്പർഹിക്കാത്ത ക്രൂരത. ഈ പര്യടനം മറ്റൊരു അവസരത്തിലേക്ക് മാറ്റിവെച്ചത് കൊണ്ട് ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ? കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രയ്ക്കു ചെറിയ അലോസരം ഉണ്ടാകാമെന്നല്ലാതെ കേരളത്തിന്റെയോ ജനങ്ങളുടെയോ ജീവിതത്തിൽ അതുകൊണ്ട് എന്ത് ദോഷമാണ് സംഭവിക്കുന്നത്?
കോടിയേരിയുടെ ആകസ്മിക മരണമാണ് യാത്രയിൽ ഭേദഗതി വരുത്താൻ നിർബന്ധിതമായതെന്നു ആതിഥേയരോട് തുറന്നു പറഞ്ഞാൽ അവരെന്താ നമ്മുടെ മുഖ്യമന്ത്രിയെ പിടിച്ചു വിഴുങ്ങിക്കളയുമോ? അതല്ലെങ്കിൽ ഹേഗിലെ ലോക കോടതിയിൽ കൊണ്ടുപോയി പ്രോസിക്യൂട്ട് ചെയ്യുമോ? എന്തിന് മുഖ്യമന്ത്രി ആ ധൈര്യം കാട്ടണം?.
2018 ആഗസ്റ്റിൽ കേരളം പ്രളയജലത്താൽ വീർപ്പുമുട്ടിയപ്പോൾ സ്വന്തം ചികിത്സക്ക് അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രിക്ക് ആ യാത്ര നീട്ടിവെക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസും മാത്രമാണ് ഈ യാത്ര റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
പ്രളയം നിയന്ത്രണവിധേയമായിരുന്നെങ്കിലും ആയിരങ്ങൾ അപ്പോഴും അഭയാർത്ഥി ക്യാമ്പുകളിൽ ആയിരുന്നു. അന്നത്തെ സ്ഥിതിഗതിയുടെ ഗൗരവം മനസിലാക്കിയാണ് മുഖ്യമന്ത്രി വിദേശയാത്ര വൈകിപ്പിക്കാൻ തീരുമാനിച്ചത്. അതേ മുഖ്യമന്ത്രി കുടുംബാംഗങ്ങളുടെ സമ്മർദ്ദം കൊണ്ടാണ് ഇപ്പോഴത്തെ യൂറോപ്യൻ യാത്ര മാറ്റാൻ കൂട്ടാക്കാത്തതാണെന്നാണ് മനസിലാകുന്നത്. പാർട്ടി നേതാക്കളിൽ മിക്കവരും ഇതിൽ സംതൃപ്തരല്ലത്രേ.
ഈ പര്യടന പരിപാടി ചീറ്റിപ്പോകാതിരിക്കാൻ അണിയറയിൽ നടന്ന കരുനീക്കങ്ങൾ ഇപ്പോൾ പരസ്യമാണ്. ഫിൻലാൻഡ് സന്ദർശനം മാത്രമേ മാറ്റൂ എന്ന സന്ദേശം മുഖ്യമന്ത്രിയുടെ അടുത്ത കേന്ദ്രങ്ങൾ തുടക്കം മുതലേ പ്രചരിപ്പിച്ചിരുന്നു. ഏതൊക്കെ "മെൻറ്റർമാർ" ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതും വരും നാളുകളിലെ പൂർണ്ണമായി പുറത്തുവരൂ.
സ: കോടിയേരിയുടെ ആകസ്മിക മരണത്തിൽ നേരിട്ട ആഘാതത്തെക്കാൾ വലിയ നഷ്ടം ഈ സന്ദർശനം മാറ്റിവെച്ചാൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരിടുമായിരുന്നു എന്നാണ് അടുത്ത കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നത്. സ: കോടിയേരി എന്തായാലും പൊയ്ക്കഴിഞ്ഞു അതിന്റെ പേരിൽ നമ്മൾ എന്തിന് പൊന്മുട്ടയിടുന്ന താറാവിനെ നഷ്ടപ്പെടുത്തണമെന്നത്രെ അഭ്യുദയ കാംക്ഷികൾ ചോദിച്ചത്. അതുകൊണ്ടാണ് തൊട്ടടുത്ത വിമാനത്തിൽ തന്നെ രാജ്യം വിടാൻ രാത്രിയ്ക്കു രാത്രി മുഖ്യമന്ത്രിയും കുടുംബവും തീരുമാനിച്ചത്.
നേരം പുലർന്നപ്പോൾ ജനങ്ങൾ കേട്ട വാർത്ത മുഖ്യമന്ത്രിയും കുടുംബവും അപ്രതീക്ഷിതമായി രാജ്യം വിട്ടു എന്നതായിരുന്നുവല്ലോ. പ്രളയകാലത്തെക്കാൾ വിലപ്പെട്ട എന്തോ കൈവിട്ടുപോകും എന്ന ഭയമാകാം ഈ മന്ത്രിസഭയുടെ അവസാന കാലത്തെത്തിയ ഘട്ടത്തിൽ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നത്. കടുംവെട്ട് വെട്ടുന്ന സമയമാണ് എന്ന് ദോഷൈകദൃക്കുകൾ ആരോപിക്കുന്നത് വെറുതയാകണമെന്നില്ല.
https://www.facebook.com/Malayalivartha





















