മീശയ്ക്ക് മാത്രമല്ല, പോരാളി ഷാജിക്കും പിണറായിയുടെ അവാർഡ്.... മീശ ഏത് മൂശയിലാണ് വാർത്തയെന്ന് മനസിലാകും

മീശ എന്ന നോവലിന് എസ്. ഹരീഷിന് വയലാർ അവാർഡ് നൽകിയതിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനും നൽകുന്നതാണ് പുതിയ രീതിയെന്ന് സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മലയാളിക്ക് മനസിലാകും. ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡ് കിട്ടുന്ന കാലം വിദൂരമല്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...
അവാർഡുകൾ ഇഷ്ടക്കാർക്കു നൽകുന്നത് കേരളത്തിൽ പുതിയ കാര്യമല്ല. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനുമായി നൽകുന്നതാണ് കേരളത്തിന്റെ പുതിയ രീതി. മീശ മഹത്തായ സൃഷ്ടിയാണെന്നും കേരളത്തിൽ അത് വലിയ ചലനങ്ങളുണ്ടാക്കിയെന്നുമാണ് ജൂറിയുടെ കണ്ടുപിടുത്തം. സാറാ ജോസഫും ജെയിംസും രാമൻ കുട്ടിയുമടങ്ങുന്ന അവാർഡ് നിർണ്ണയ സമിതി ഇതിനു മുമ്പുള്ള വയലാർ അവാർഡുകളും അവാർഡിനാധാരമായ കൃതികളും ഒരുവട്ടം ഓർക്കുന്നത് നല്ലതാണ്.
ലളിതാംബിക അന്തർജ്ജനം മുതൽ ബന്യാമിൻ വരെയുള്ള അവാർഡു ജേതാക്കൾക്കളുടെ നീളുന്ന പട്ടികയും കൃതികളും. തകഴിക്കും വൈലോപ്പിള്ളിക്കും ഒ. എൻ വിക്കും സുഗതകുമാരിക്കും എംടിക്കും അഴീക്കോടിനും കെ. സുരേന്ദ്രനും മാധവിക്കുട്ടിക്കും ടി. പത്മനാഭനും വിഷ്ണുനാരായണൻ നമ്പൂതിരിക്കും ലീലാവതിക്കുമടക്കം അവരവരുടെ ഉദാത്തമായ സൃഷ്ടികളെ അധികരിച്ചാണ് അവാർഡുകൾ നൽകിയത്. ഹരീഷിനാവട്ടെ അദ്ദേഹത്തിന്റെ നിലപാടിനു ലഭിച്ച അവാർഡ് എന്നേ കരുതാനാവൂ . മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മനസ്സിലാക്കാനുള്ള വിവേകമൊക്കെ മലയാളിക്കുണ്ടെന്നേ പറയാനുള്ളൂ. ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡുകിട്ടുന്ന കാലം വിദൂരമല്ല
https://www.facebook.com/Malayalivartha





















