ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്...

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ മുന്നൊരുക്കങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് വിലയിരുത്തി. ഓണ്‍ലൈനായായിരുന്നു യോഗം. ജില്ല പൊലീസ് മേധാവിമാരും റേഞ്ച് ഡി.ഐ.ജിമാരും സോണ്‍ ഐ.ജിമാരും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി.
ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കാനായി ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. മാത്രവുമല്ല സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലത്തും ബ്ലാക്ക് സ്‌പോട്ടുകളിലും പൊലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും ഇതിനായി പ്രത്യേക പട്രോളിങ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.
കൂടാതെ എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ഇടത്താവളങ്ങളിലും പൊലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കും. പ്രധാന ജങ്ഷനുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യും.
സ്നാനഘട്ടങ്ങളില്‍ അവശ്യമായ പ്രകാശം ഉറപ്പാക്കാനും ആഴം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുകയും ടാക്സി വാഹനങ്ങളിലും മറ്റും യാത്രാനിരക്കുകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുന്ന നടപടി ഏകോപിപ്പിക്കുകയും ചെയ്യും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























