'കെ.എസ്.യു' വിൽ ചേർന്നപ്പോൾ പതിനാറാം വയസില്‍ വീട്ടില്‍ നിന്നും പുറത്താക്കി, റേഷന്‍കാര്‍ഡിലെ പേര് വെട്ടിമാറ്റി, സതീശന്റെ ഇരിങ്ങല്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ മത്സരിച്ചത് ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായി വിലയിരുത്തപ്പെട്ടു, വി.എസിനെ വെല്ലുവിളിച്ചു, ഒടുവിൽ കോണ്‍ഗ്രസുകാരനായി മരിച്ചു

കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും കോണ്‍ഗ്രസ് തേൃത്വത്തിലെത്തിയ നേതാവായിരുന്നു സതീശന്‍ പാച്ചേനി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലെ പാച്ചേനിയില്‍ നിന്നും കേരള രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സതീശന്‍ പൊതു പ്രവര്‍ത്തന രംഗത്തെത്തിയത്. ജീവിതകാലം മുഴുന്‍ കോണ്‍ഗ്രസിനുവേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
1979 ല്‍ പരിയാരം ഹൈസ്‌കൂളില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ച് അതിന്റെ പ്രസിഡന്റായാണ് അദ്ദേഹം പാര്‍ട്ടിയിലെത്തിയത്.1986 കെ.എസ്.യു കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയായി.1988-1993 കാലഖട്ടത്തില്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.1999 ല്‍ കെ.എസ്.യു വിന്റെ സംസ്ഥാന പ്രസിഡന്റായി സതീശന്‍ പാച്ചേനി മാറി.2001 മുതല്‍ പതിനൊന്ന് വര്‍ഷക്കാലം കെ.പി.സി. സി ജനറല്‍ സെക്രട്ടറിയായിരുന്നു.2016 മുതല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാര്‍ട്ടിയില്‍ വലിയ സ്ഥാനമാനങ്ങള്‍ വഹിച്ചെങ്കിലും അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതുവരെ വിജയിക്കാനായില്ല. സിപിഎം ന്റെ അതികായന്‍മാരോടാണ് അദ്ദേഹം ഏറ്റുമുട്ടിയിട്ടുള്ളത്. ജയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും പാര്‍ട്ടി നിര്‍ദ്ദേശത്തെ സധൈര്യം ഏറ്റെടുത്ത നേതാവായിരുന്നു അദ്ദേഹം. 1996 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ തളിപറമ്പ് മണ്ഡലത്തിലാണ് അദ്ദേഹം മത്സരിച്ചത്.
സതീശന്റെ ഇരിങ്ങല്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ മത്സരിച്ചത് ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായി വിലയിരുത്തപ്പെട്ടുള്ള പ്രചരണങ്ങളും നടന്നു.യൂത്ത് കോണ്‍ഗ്രസിന്‍ കത്തി നില്ക്കുന്ന കാലത്താണ് അദ്ദേഹം മത്സര രംഗത്തിറങ്ങിയത്. സിപിഎം ന്റെ കോട്ടയായ തളിപറമ്പില്‍ കോണ്‍ഗ്രസ് പരീക്ഷിച്ചെങ്കിലും നിസാര വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു.
വി.എസ്.അച്യുതാനന്ദന്റെ മാരാരിക്കുളത്തെ പരാജയം സിപിഎം ന്റെ തലവരതന്നെ മാറ്റിയെഴുതി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയ വി.എസിനെ പാര്‍ട്ടി വളഞ്ഞിട്ട് തോല്പിച്ചെന്ന ആരോപണം പാര്‍ട്ടിയുടെ വിഭാഗീയതയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. വി.എസ്. മുഖ്യമന്ത്രി പദത്തിലെത്താതിരിക്കാന്‍ പിണറായി പക്ഷക്കാര്‍ പ്രത്യേക നിര്‍ദ്ദേശത്തിലൂടെ വിഎസിനെ തോല്പ്പിക്കുകയായിരുന്നെന്ന് പിന്നീട് പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തി. തൊട്ടടുത്ത അതായ്ത 2001 ലെ തിരഞ്ഞെടുപ്പില്‍ വിഎസിന് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലം കണ്ടെത്താന്‍ പാര്‍ട്ടി ഒരുപാട് നിര്‍ദ്ദേശങ്ങള്‍ വെച്ചെങ്കിലും വിഎസ് അംഗീകരിച്ചില്ല.
ഒടുവില്‍ പാലക്കാട് മത്സരിക്കാന്‍ അദ്ദേഹം തയ്യാറായി. പാലക്കാട് ഇടത് വലത് മുന്നണികളെ പോലെ ബിജെപിയ്ക്കും വേരോട്ടമുളള മണ്ഡലമാണ്. ഈ സാഹചര്യത്തില്‍ വിഎസിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം വിമുഖത കാട്ടിയപ്പോള്‍ കണ്ണൂര്‍കാരനായ സതീശന്‍ പാച്ചേനിയേയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. വിഎസിന്റെ മാരാരിക്കുളം പരാജയത്തിന് പ്രതികാരം ചെയ്യാനാണ് അദ്ദേഹം പാലക്കാടെത്തിയതെന്ന പ്രചരണം ശക്തമായി നിന്ന കാലമായിരുന്നു. തിരഞ്ഞെടുപ്പിന് ഇരുപത് ദിവസം മുന്‍പാണ് സതീശന്‍ പാച്ചേനിയേ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വത്തെ ഏറ്റെടുത്ത് അദ്ദേഹം വിഎസിനെതിരെ രംഗത്തിറങ്ങി.
ആ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. 2006 ലും പാലക്കാട് മത്സരിച്ചെങ്കിലും വിജയം വിഎസിന് തന്നെയായിരുന്നു.2009 ലെ പാര്‍ലെമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്‌സഭ മണ്ഡലത്തിലും അദ്ദേഹം മത്സരിച്ചെങ്കിലും വിജയം അദ്ദേഹത്തിനെ അനുഗ്രഹിച്ചില്ല. എതിര്‍ സ്ഥാനാര്‍ത്ഥിയായ എം.ബി.രാജേഷ് 1800 വോട്ടുകള്‍ക്കാണ് അന്ന് സതീശനെ പരാജയപ്പെടുത്തിയത്.2016, 2021 വര്‍ഷത്തെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം കണ്ണൂരില്‍ തന്നെ മത്സരിച്ചു. രണ്ട് തിരഞ്ഞെടുപ്പുകളിലും കടന്നപ്പള്ളി രാമചന്ദ്രനോട് അദ്ദേഹം പരാജയപ്പെട്ടു. 2016 ല്‍ 1194 വോട്ടിനും, 2021 ല്‍ 1745 വോട്ടിനുമാണ് സതീശ്# പരാജയപ്പെട്ടത്.ഭാഗ്യം അദ്ദേഹത്തെ അവിടെയും തുണച്ചില്ല.
പാര്‍ലമെന്ററി രംഗത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കിലും കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ പേര് എക്കാലവും ഓര്‍ക്കപ്പെടും. മുഖ്യമന്ത്രിയായി മാറിയ വി.എസിനെതിരെ മത്സരിച്ച് കോണ്‍ഗ്രസുകാരനെന്ന നിലയില്‍ അദ്ദേഹം ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്. വി.എസിന്റെ ചരിത്രത്തില്‍ സതീശന്‍ പാച്ചേനിയുടെ ജീവിതവും മത്സരവും തളളിക്കളയാനാവില്ല. അന്‍പത്തിനാല് വയസുവരെയുളള അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ജീവിതവും സമരങ്ങളും എന്നും പൊതുജനങ്ങളോടൊപ്പമായിരുന്നു.
തലപ്പോറിലെ രക്തസ്രാവത്തിന് ശസ്ത്രക്രിയ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. എ.കെ.ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും വലതുപക്ഷം ചേര്‍ന്ന് നടന്നത്. അടിയന്തിരാവസ്ഥയുെട ദുരുപയോഗത്തിനെതിലെ ഗുവാഹത്തി എ.ഐ.സി.സി സമ്മേളനത്തില്‍ എ.കെ.ആന്റണി നടത്തിയ പ്രസംഗം വായിച്ചറിഞ്ഞാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന പാച്ചേനി കോണ്‍ഗ്രസിലേയ്ക്ക് എത്തിയത്. എ.കെ.ആന്റണി മുന്നോട്ട്ുവെച്ച് മൂല്യാധിഷ്ടിത രാഷ്ട്രീയം അന്ന കേരളത്തില്‍ നിരവധി ചെറുപ്പക്കാരെ കോണ്‍ഗ്രസുകാരാക്കി. തളിപറമ്പിലെ
പ്രമാദമായ മാവിച്ചേരി കേസില്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയും നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്ത ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചുമകനായിരുന്ന സതീശന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയത് അന്ന് ഏരെ വിവാദങ്ങളുണ്ടാക്കി. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരന്‍ കെ.എസ്.യു ആയെന്നറിഞ്ഞപ്പോള്‍ പതിനാറാം വയസില്‍ വീട്ടില്‍ നിന്നും സതീശനെ പുറത്താക്കി. അരിശം തീരാത്ത വീട്ടുകാര്‍ റേഷന്‍ കാര്‍ഡില്‍ നിന്നും അദ്ദേഹത്തിന്റെ പേരും വെട്ടിമാറ്റിയെങ്കിലും അദ്ദേഹം തളര്‍ന്നില്ല.
കോണ്‍ഗ്രസായാല്‍ കയറികിടക്കാന്‍ വീടും പഠിക്കാന്‍ പണവും കിട്ടില്ലെന്ന് ഉറപ്പായിട്ടും കോണ്‍ഗ്രസാകാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. കെ.എസ്.യുവില്‍ നിന്ന നേരെ കെ.പി.സി. സി സെക്രട്ടറിയായാണ് അദ്ദേഹം പാര്‍ട്ടിയില്‍ ഉയര്‍ന്നത്. സിപിഎം ന്റെ ഏറ്റവും ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് മറക്കാനാവില്ല. സ്വന്തമായി വീട് നിര്‍മ്മിക്കുന്നതിന് മുമ്പേ കണ്ണൂര്‍ ഡിസിസി ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാനാണ് അദ്ദേഹം തയ്യാറായത്. കണ്ണൂരില്‍ ഉയര്‍ന്നു നില്ക്കുന്ന കോണ്‍ഗ്രസ് ഭവന്‍ സതീശന്റെ നിശ്ചയ ദാര്‍ഡ്യത്തിന്റെ കൂടി പങ്കാണ്. ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയുള്ള കോണ്‍ഗ്രസ് ഓഫീസെനന്ന ഖ്യാതി കണ്ണൂര്‍ കോണ്‍ഗ്രസ് ഭവനാണെന്നെത് സതീശന്റെ പാര്‍ട്ടി സ്‌നേഹത്തിന്റെ തെളിവാണ്.
മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം തോറ്റെങ്കിലും പരാതികളില്ലാതെ പാര്‍ട്ടിയില്‍ സജീവമായി അദ്ദേഹം നിലകൊണ്ടു. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സാധാരണ പ്രവര്‍ത്തകന്റെ ശബ്ദമാകാന്‍ സതീശന് കഴിഞ്ഞിട്ടുണ്ട്. മുല്യാധിഷ്ടിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്നു. അവസാന കാലത്ത് സ്ഥാനമാനങ്ങള്‍ ഒന്നുമില്ലായിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമായിരുന്നു.
തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്വി അദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യതകളാണ് വരുത്തി വെച്ചത്. കോണ്‍ഗ്രസ് അധികാരം കയ്യാളിയിരുന്നപ്പോളൊന്നും അധികാരത്തിന്റെ ഇടനാഴികളില്‍ അലയാത്ത അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാളായിരുന്നു സതീശന്‍ പാച്ചേനി.
തിരഞ്ഞെടുപ്പുകളിലെ പരാജയം അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ജീവിതത്തെ ബാധിച്ചിട്ടില്ല. കണ്ണൂരില്‍ കെ.സുധാകരന്റെ മേല്‍വിലാസമില്ലാതെ വളര്‍ന്നു വന്ന നേതാവായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടന്നാക്രമണങ്ങളേയും കൊലപാതക രാഷ്ട്രീയത്തെയും വെല്ലുവിളിച്ചാണ് കണ്ണൂരിന്റെ മണ്ണില്‍ അദ്ദേഹം വളര്‍ന്നിറങ്ങിയത്. ആ പ്രത്യേകത തന്നെയാണ് അധ്യാപകനെതിരെ മത്സരിക്കാനുളള യോഗ്യതയായി പാര്‍ട്ടി വിലയിരുത്തിയതും.
കൊലപാതകം കണ്ണൂരില്‍ അതിന്റെ എല്ലാ സീമകളും ലംഘിച്ച് മുന്നേറി കൊണ്ടിരുന്ന കാലത്താണ് പാച്ചേനി ഡിസിസി പ്രസിഡന്റായത്. എന്നിട്ടും ഒരു കൊലപാതകത്തില്‍ പോലും സതീശന്‍ പാച്ചേനിയുടെ പേര് കൂട്ടികെട്ടാന്‍ സിപിഎം പോലും തയ്യാറായിട്ടില്ലെന്നെത് ശ്രദ്ധേയമാണ്. വ്യക്തിപരമായ ആക്രമണങ്ങള്‍ രാഷ്ട്രീയത്തില്‍ വേണ്ടായെന്ന നിലപാടുകാരനായിരുന്നു. അതുകൊണ്ട് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സതീശന്റ പ്രവര്‍ത്തനങ്ങളോട് യോജിപ്പാണ്. വിവാദങ്ങളില്‍ പെടാതെയും പാര്‍ട്ടിയെ വിവാദങ്ങളില്‍ ചാടിയ്ക്കാതെയും നടന്നു നീങ്ങിയ സതീശന്‍ പാച്ചേനി കണ്ണൂരുകാരുടെ പ്രിയപ്പെട്ടവനാകുന്നതും അതു കൊണ്ട് തന്നെ.
https://www.facebook.com/Malayalivartha


























