വലഞ്ഞു ജനം... വൃശ്ചിക വേലിയേറ്റത്തിൽ വീടുകള്‍ മുങ്ങുന്നു

വൃശ്ചിക വേലിയേറ്റത്തില്‍ പറവൂര്‍ പുത്തന്‍വേലിക്കര പഞ്ചായത്തില്‍ വീടുകള്‍ മുങ്ങുന്ന പ്രതിഭാസത്തിൽ ജനം ബുദ്ധിമുട്ടുന്നു. 15, 16 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന തുരുത്തിപ്പുറം, വെള്ളോട്ടുപുറം പ്രദേശങ്ങളിലാണ് ജനങ്ങള്‍ പ്രതിസന്ധിയിലാകുന്നത്. പാതിരാത്രിയിലും പുലര്‍ച്ചയുമൊക്കെ വീട്ടില്‍നിന്ന് ഇറങ്ങി ഓടേണ്ട ഗതികേടാണ് മേഖലയിലെ ജനങ്ങള്‍ക്കുള്ളത്. പുഴയിലെയും തോട്ടിലെയും സകല മാലിന്യങ്ങളും വീടിനകത്തേക്ക് അടിച്ചുകയറും, ക്ലോസറ്റുകള്‍ നിറഞ്ഞുകവിയും, കക്കൂസ് മാലിന്യങ്ങള്‍ വീടുകളില്‍ പരക്കും. ഉപ്പുജലം കയറി ഭൂമിയില്‍ പുല്ലുപോലും കിളിര്‍ക്കാതായി.
പച്ചക്കറികള്‍ നട്ട് വളര്‍ത്താനാവാത്ത അവസ്ഥ. തല ചായ്ക്കാനൊരിടം കിട്ടിയാല്‍ ജനിച്ച നാടും വീടും ഉപേക്ഷിക്കാന്‍വരെ തയാറായ മാനസികാവസ്ഥയിലാണ് ഇവിടത്തെ ജനങ്ങള്‍. 2022ലെ വൃശ്ചികം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. അടിയന്തര പരിഹാരം ഉടന്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
പുഴയില്‍നിന്നും വെള്ളം കയറുന്ന തോടുകള്‍ വൃശ്ചിക വേലിയേറ്റം കഴിയും വരെ അടച്ചുവെച്ചാല്‍ ഉള്‍പ്രദേശത്തെ താഴ്ന്ന വീടുകളെ വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷിക്കാനാകും. തീരം കെട്ടി ഉയര്‍ത്തിയാല്‍ നേരിട്ട് വെള്ളം കയറുന്നതും തടയാം. ഈ രണ്ട് കാര്യങ്ങളും നടപ്പാക്കാന്‍ പുത്തന്‍വേലിക്കര അടിയന്തര തീരുമാനമെടുക്കണമെന്നും ശാസ്ത്രീയ പദ്ധതികള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നുമാണ് ആവശ്യം.
https://www.facebook.com/Malayalivartha
























