കിളികൊല്ലൂർ സഹോദരങ്ങളുടെ ഹർജി ഇന്ന് പരിഗണിക്കും; കേസ് പിൻവലിക്കാൻ സമ്മർദമെന്നും സഹോദരങ്ങൾ

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് മർദ്ദിച്ച സംഭവത്തിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന പരാതിക്കാരുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും. സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സിന്റെ ലീഗൽ അഡ്‌വൈസറായ അഡ്വക്കേറ്റ് അനിൽ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഹോദരങ്ങൾക്കായി ഹൈക്കോടതിയിൽ ഹാജരാകുന്നത്. കേസുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കുക, പോലീസ് മർദ്ദനത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു ഭീഷണിയുണ്ടെന്ന് വിഘ്‌നേഷ് പറഞ്ഞു. സിഐയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നതായും അതിനായി ഇരുവരെയും ചിലർ സമീപിച്ചതായും സഹോദരങ്ങൾ വ്യക്തമാക്കി.സഹോദരങ്ങൾ ഇപ്പോഴും ചികിത്സയിലാണ്. കോടതിയിൽ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന നിലപാട് ഏറെ നിർണ്ണായകമാകും.
വിഷ്ണുവിനേയും വിഘ്നേഷിനേയും മര്‍ദ്ദിച്ച എസ്എച്ച്ഒ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ വിനോദ്, എസ്ഐ അനീഷ്, എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍, സിപിഒ മണികണ്ഠന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
രണ്ട് മാസം മുന്‍പാണ് കരിക്കോട് സ്വദേശികളായ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും കിളികൊല്ലൂര്‍ സ്റ്റേഷനില്‍ അതിക്രൂരമായി പോലീസ് മര്‍ദ്ദിച്ചത്. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ പേരൂർ സ്വദേശിയായ വിഘ്‌നേഷിനെയും സഹോദരൻ വിഷ്ണുവിനെയും പോലീസ് വിളിച്ചുവരുത്തുകയായിരുന്നു . ഇതിനു വിസമ്മതിച്ചു വാക്കുതർക്കമുണ്ടായി . തുടർന്ന് പോലീസ് റൈറ്ററെ മര്‍ദ്ദിച്ചെന്നുമായിരുന്നു പോലീസിന്റെ ആരോപണം. ഇരുവരുടെയും മര്‍ദ്ദനത്തില്‍ പ്രകാശ് എന്ന പോലീസുകാരന്റെ തല പൊട്ടിയെന്നായിരുന്നു എഫ്‌ഐആര്‍. ഇരുവരെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയും ചെയ്തു. എന്നാൽ പോലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























