വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തി; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം; സംഭവം കഴക്കൂട്ടത്ത്

കഴക്കൂട്ടത്ത് വാഹനാപകടത്തിൽ 46 കാരന് ദാരുണാന്ത്യം. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് കാറിടിച്ച് മരിക്കുകയായിരുന്നു. കണിയാപുരം എസ്.എസ് മൻസിലിൽ സുൽഫീക്കർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ കണിയാപുരം ബസ് ഡിപ്പോയ്ക്ക് അടുത്ത് ദേശീയപാതയിലാണ് അപകടം.
ഇന്നലെ വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിലേക്ക് ബൈക്കിൽ പോകുമ്പോൾ പള്ളിപ്പുറം ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ തന്നെ സുൽഫീക്കറിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവാവിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ഖബറടക്കം ഇന്ന് കണിയാപുരം പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്തിൽ നടക്കും. ഒന്നരയാഴ്ച മുമ്പാണ് ഇയാൾ ഗൾഫിൽ നിന്നെത്തിയത്. ഭാര്യ: ബുഷറ. മക്കൾ: സൽമി, സഫ്ന. പിതാവ്: പരേതനായ അഹമ്മദ് കുഞ്ഞ്. മാതാവ്: ഷെരീഫാബീവി.
https://www.facebook.com/Malayalivartha

























