ആളൊഴിഞ്ഞ വീടിനോട് ചേർന്ന് ചെങ്കല്ലുകള്‍ ദേഹത്ത് വീണ് മരിച്ച നിലയിൽ യുവാവ്; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച കൊലപാതകി പത്തൊമ്പതുകാരൻ:- പതിനഞ്ചുകാരനെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്ന കേസ് നടത്താൻ പണത്തിനായി രണ്ടാം കൊലപാതകം

കോഴിക്കോട് നഗരത്തെ ഞെട്ടിച്ച് നഗര മധ്യത്തിൽ നടന്ന കൊലപാതകത്തിൽ പ്രതി പത്തൊമ്പതുകാരൻ. പശ്ചിമബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിൽ തമിഴ്‌നാട് അയന്‍കുറിഞ്ചിപ്പാടി കടലൂര്‍ പട്ടൈ സ്ട്രീറ്റ് സ്വദേശി അര്‍ജുന്‍ ആണ് പിടിയിലായത്. എട്ട് മാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് ഇത്. കേസിൽ നാല് ദിവസം കൊണ്ടാണ് പ്രതിയെ പോലീസ് പിടികൂടിയത്. ആദ്യത്തെ കുറ്റകൃത്യം നടത്തുന്നതിന് പണം ആവശ്യമായിവന്നതോടെ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി.
ചെന്നൈയിലെ റെഡ് ഹില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചു വയസ്സുള്ള കുട്ടിയെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്ന് കേസിന്റെ ആവശ്യത്തിനായിരുന്നു പണം ആവശ്യമായി വന്നിരുന്നത്. കഴിഞ്ഞ 11-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട സാദിഖ് ഷെയ്ഖിന്റെ മൃതദേഹം റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്നാണ് കണ്ടെത്തിയത്. അടുക്കിവെച്ച ചെങ്കല്ലുകള്‍ ദേഹത്ത് വീണ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
മഴയില്‍ കുതിര്‍ന്ന മൃതദേഹവും പരിസരവും ഇന്‍സ്‌പെക്ടര്‍ ബൈജു കെ പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചിരുന്നില്ല. അതിഥി തൊഴിലാളിയായതുകൊണ്ട് ആര്‍ക്കും മൃതദേഹം തിരിച്ചറിയാനും സാധിച്ചിരുന്നില്ല. തുടര്‍ന്ന് മരണപ്പെട്ടയാളുടെ കീശയിലുണ്ടായിരുന്ന ഫോണില്‍ വന്ന് കോളില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായത്.
കൊല്ലപ്പെട്ടത് പശ്ചിമ ബംഗാള്‍ വര്‍ദ്ധമാന്‍ സ്വദേശി സാദിഖ് ഷെയ്ഖ് ആണെന്നും ഇയാള്‍ പുഷ്പ ജംഗ്ഷന് സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്നും അവിടെ തന്നെയാണ് താമസമെന്നും പോലീസ് കണ്ടെത്തി. മൃതദേഹം കണ്ട വീട്ടിലെ സിസിടിവി ക്യാമറകള്‍ കേടായി കിടക്കുകയായിരുന്നു. തുടര്‍ന്ന് മരണപ്പെട്ടയാളുടെ കൂടെ ജോലി ചെയ്തിരുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമുള്ള സാദിഖ് ജോലി കഴിഞ്ഞ് രാത്രി സമയങ്ങളില്‍ ടൗണില്‍ നടക്കാനിറങ്ങാറുണ്ടെന്നും വിവരം ലഭിച്ചു.
സംഭവദിവസം രാത്രി ഏഴേമുക്കാലിന് സാദേഖിനെ ഫോൺ ചെയ്തപ്പോൾ മാർക്കറ്റിലാണെന്നാണെന്നും ഉടനെ വരാമെന്നുമാണ് പറഞ്ഞത്. പിന്നീട് വിളിച്ചെങ്കിലും ഫോൺ റിങ് ചെയ്തതല്ലാതെ ഒരു വിവരവും ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ബാര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദിഖ് ഒരു മൂലയില്‍ നിന്നുകൊണ്ട് മദ്യപിക്കുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്.
തന്റെ മുന്നിലുണ്ടായിരുന്ന വെളുത്ത ടീഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരനെ അയാള്‍ പരിചയപ്പെടുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് ലഭിച്ചു. ഇവര്‍ ഒരുമിച്ച് ബാറില്‍ നിന്നും പുറത്തിറങ്ങി കൊലപാതകസ്ഥലത്തേക്ക് നടന്നുപോവുന്നതും അല്പം കഴിഞ്ഞ് വെളുത്ത ടീഷര്‍ട്ടു കാരന്‍ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. ഈ വെളുത്ത ടീഷര്‍ട്ടുകാരനാണ് കൊലപാതകി എന്ന് പിന്നീട് പൊലീസ് തിരിച്ചറിയുകയായിരുന്നു. പഴുതടച്ചുള്ള അന്വേഷണത്തില്‍ പിടിയിലായ പ്രതി ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
ബാറില്‍ നിന്നും പ്രതി അര്‍ജുന്‍ പരിചയപ്പെട്ട സാദിഖ് ഷെയ്ഖിന്റെ കീശയില്‍ പണം കണ്ടതിനെ തുടര്‍ന്ന് പുറകെ കൂടുകയായിരുന്നു. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദിഖിന്റെ കയ്യിലുണ്ടായിരുന്നു. ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദിഖിനെ കൊണ്ടുപോയ അര്‍ജുന്‍ ഇയാളെ താഴെ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊന്നത്.
സാദിഖിന്റെ പഴ്‌സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ പൗലോസ് ന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ തമിഴ് നാട്ടില്‍ വെച്ച് സാഹസികമായി പിടികൂടിയത്. പ്രതിയെ ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ അറസ്റ്റ് ചെയ്തു.
പ്രതിയെ കുറിച്ച് അന്വേഷണ സംഘം കടലൂര്‍ ഭാഗങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് പ്രതി അര്‍ജുന്‍ മറ്റൊരു കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് കേരളത്തില്‍ എത്തിയതെന്ന് മനസിലായത്. പതിനഞ്ച് വയസുള്ള ഒരു കുട്ടിയെ ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയാണ് അര്‍ജുന്‍. പ്രതിയെ പിടികൂടിയതിന് പിന്നാലെ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























