ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടി രാത്രി 10 മണിക്ക് അവസാനിപ്പിച്ചില്ലെന്നാരോപിച്ച് പൊലീസ് ക്ഷേത്രത്തിൽ കടന്നു കയറി മർദ്ദനം നടത്തി; ഗർഭിണിയടക്കം 25 ഓളം ഭക്തരെ തല്ലിച്ചതച്ചു; നിരവധി സ്ത്രീകൾക്ക് മർദ്ദനമേറ്റു; ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ പൊലീസ് നടത്തിയ അഴിഞ്ഞാട്ടം ക്ഷേത്ര വിശ്വാസികൾക്ക് നേരെയുള്ള വെല്ലുവിളിയാണ്; പൊട്ടിത്തെറിച്ച് സന്ദീപ് വാചസ്പതി

ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ പൊലീസിന്റെ അഴിഞ്ഞാട്ടം. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടി രാത്രി 10 മണിക്ക് അവസാനിപ്പിച്ചില്ലെന്നാരോപിച്ചാണ് പൊലീസ് ക്ഷേത്രത്തിൽ കടന്നു കയറി മർദ്ദനം നടത്തിയതെന്ന് ആരോപിച്ച് സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ പൊലീസ് നടത്തിയ അഴിഞ്ഞാട്ടം ക്ഷേത്ര വിശ്വാസികൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടി രാത്രി 10 മണിക്ക് അവസാനിപ്പിച്ചില്ലെന്നാരോപിച്ചാണ് പൊലീസ് ക്ഷേത്രത്തിൽ കടന്നു കയറി മർദ്ദനം നടത്തിയത്. ഗർഭിണി അടക്കം 25 ഓളം ഭക്തരെ തല്ലിച്ചതച്ചു. നിരവധി സ്ത്രീകൾക്ക് മർദ്ദനമേറ്റിട്ടുണ്ട്.
പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് ഒരു ചെറുപ്പക്കാരനെ പൊലീസ് വളഞ്ഞിട്ട് ഭീകരമായി മർദ്ദിച്ചു. അവിടെ നടന്ന കിരാത നടപടിയുടെ ഉത്തരവാദിത്വം എസ്.ഐയുടെ തോളിൽ വെച്ച് തല ഊരാനാണ് ജില്ലാ ഭരണകൂടം ഇപ്പൊൾ ശ്രമിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള കിടങ്ങാംപറമ്പ് ക്ഷേത്രത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ദേവ സന്നിധിയിൽ പൊലീസ് കയറുന്നത്. ക്ഷേത്ര ഭാരവാഹികളുടെ ഉന്നതമായ സാംസ്കാരിക ചിന്തയും സൗമനസ്യവും കൊണ്ടാണ് വൻ സംഘർഷം ഒഴിവായത്. ആയിരക്കണക്കിന് ആൾക്കാരെ നിയന്ത്രിക്കാൻ ഭാരവാഹികൾ കാണിച്ച സംയമനം അഭിനന്ദനാർഹമാണ്. ഗാനമേളയുടെ അവസാന ഗാനം പാടാനുള്ള 5 മിനിറ്റ് സമയം കൂടി അനുവദിച്ചാൽ സംസ്ഥാനത്തെ ക്രമസമാധാന നില തകരുമായിരുന്നോ എന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കണം.
(ഇതര മത ആരാധനാലയങ്ങളോടും ഇതേ കാർക്കശ്യം കാണിക്കുമോ എന്നും അങ്ങനെ ഉണ്ടായാൽ എന്താകുമായിരുന്നു പ്രതികരണം എന്നുമുള്ള ചോദ്യം ഉന്നയിക്കുന്നില്ല.) സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ചുമതല ഉണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ തന്നെയാണ് നില വഷളാക്കിയത് എന്നാണ് ക്ഷേത്ര ഭാരവാഹികൾ നൽകിയ വിവരം. ഇത്തരക്കാരെ സർവീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്താൻ അധികാരികൾ തയ്യാറാകണം.
പൊതു സമൂഹത്തിൻ്റെ കണ്ണിൽ പൊടിയിടാനുള്ള നടപടിയല്ല വേണ്ടത്. മർദ്ദനമേറ്റവരെയും ക്ഷേത്ര ഭാരവാഹികളെയും സന്ദർശിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, മണ്ഡലം അധ്യക്ഷൻ സജി.പി ദാസ്, ജനറൽ സെക്രട്ടറി ഡി. ജി സാരഥി, നഗരസഭാ കൗൺസിലർ മനു ഉപേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























