അഴിമതി നടത്തി വാരിക്കൂട്ടിയതെല്ലാം ചികഞ്ഞെടുക്കാന്‍ ഇഡിയെത്തും പിണറായി മുതല്‍ തുടങ്ങും മോദിയെ കണ്ടിട്ടെന്ത് കാര്യം ?

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ മുന്‍നിര നേതാവായ ഇപി ജയരാജനെതിരെയുള്ള ആരോപണത്തിന്റെ മറവില്‍ സിപിഎമ്മിനെതിരെ ബിജെപി പടയൊരുക്കം നടത്തുവാനൊരുങ്ങുന്നതായി സൂചനകള്‍. ഇ.പി.ജയരാജന്റെ ആയ്യുര്‍വ്വേദ റിസോര്‍ട്ട് സാമ്പത്തിക അഴിമതി ആരോപണവും പി.ജയരാജനെതിരെ ഇപി അനുകൂലികളുടെ കൂട്ടപരാതിയും സിപിഎമ്മിനെ വല്ലാത്തൊരു പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.
സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ യുഡിഎഫ് രാഷ്ട്രീയാക്രമണം കടുപ്പിച്ചതോടെ നിര്‍ണ്ണായക നീക്കവുമായി ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലേതുപോലെ സിപിഎമ്മിനെ വെട്ടിലാക്കാനാണ് ബിജെപി നീക്കം. അതിന്റെ ഭാഗമായാണ് സംഭവത്തില്‍ ഇഡി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയത്. സംഭവത്തില്‍ ഇഡി അന്വേഷണം വന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ച് അതു വലിയൊരു തിരിച്ചടിയായിരിക്കുമെന്നുള്ള കാര്യവും ഉറപ്പാണ്.
തുടര്‍ഭരണത്തിന്റെ ആലസ്യത്തിനിടയ്ക്ക് ഒന്നിനുപിറകേ ഒന്നായി ആരോപണങ്ങള്‍ സിപിഎമ്മിനെ വേട്ടയാടുകയാണ്. മുന്‍ ആരോപണങ്ങള്‍ പാര്‍ട്ടിയെ ലക്ഷ്യം വച്ച്, പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ ഉന്നയിച്ചതാണെന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താമായിരുന്നു. എന്നാല്‍ ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയാണ്.
ഇപി ജയരാജന് എതിരെ ആരോപണവുമായി രംഗത്തെത്തിയ പി ജയരാജന് എതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വലിയ ആക്രമണമാണ് നടക്കുന്നത്. പി. ജയരാജനെതിരെ ക്വട്ടേഷന്‍ ബന്ധങ്ങളും വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫണ്ട് തിരിമറിയും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നു കഴിഞ്ഞു. പി ജയരാജന് എതിരെ നിരവധി പരാതികളാണ് നേതൃത്വത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപിക്ക് എതിരെയുള്ള പരാതികള്‍ അന്വേഷിക്കേണ്ടി വന്നാല്‍ പാര്‍ട്ടിക്ക് പി ജയരാജന് എതിരെയും അന്വേഷണം നടത്തേണ്ടിവരുമെന്നുള്ളതും ഉറപ്പാണ്.
ഇപി ജയരാജന്‍ കേന്ദ്രകമ്മിറ്റിയംഗമാണെങ്കിലും കേരളത്തിലെ പാര്‍ട്ടി ഘടകത്തിന്റെ നേതൃത്വത്തില്‍ത്തന്നെ അന്വേഷണം നടത്തുകയാവും ചെയ്യുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അനുവാദമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ഇപി രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാന സമിതിയില്‍ നേതൃത്വമറിഞ്ഞാണ് ആസൂത്രിത ഗൂഢനീക്കമാണുണ്ടായതെന്ന് സംശയിക്കുന്ന ഇപി, വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചേക്കുമെന്നാണ് സൂചനകള്‍. മുമ്പ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിച്ചിരുന്നുവെന്നും അത് തള്ളിയെന്നും ഇപി വാദിച്ചേക്കും. അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം സൂചന നല്‍കിയെങ്കിലും അതിന് തയ്യാറാവില്ലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പി. ജയരാജന്‍ കണ്ണൂരില്‍ മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ടതും സംശയത്തോടെയാണ് ഇപി വീക്ഷിക്കുന്നതെന്നാണ് സൂചനകള്‍. പാറപ്രം സമ്മേളന വാര്‍ഷികമുള്‍പ്പെടെ കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പാര്‍ട്ടി പരിപാടികളിലൊന്നും ഇ.പി പങ്കെടുത്തില്ലെന്നുള്ളതും പാര്‍ട്ടിയുമായുള്ള ഇപിയുടെ തെറ്റലിന്റെ സൂചനകളാണെന്നും പറയപ്പെടുന്നു.
അതേസമയം സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ആരോപണം എഴുതി നല്‍കാമെന്ന് പി ജയരാജന്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് സൂചനകള്‍. വിഎസും പിണറായിയും പോരടിച്ച കാലത്ത് പല വിഷയങ്ങളിലെയും നിലപാടുകളായിരുന്നു ഏറ്റുമുട്ടലിന് കാരണമായി ജനങ്ങളുടെ മുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് സാമ്പത്തിക തട്ടിപ്പുകളിലേക്കു വരെ കടന്നു കഴിഞ്ഞതായാണ് ആരോപണം ഉയരുന്നത്. കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കിടയില്‍ നാളുകളായി പുകയുന്ന മൂപ്പിളമത്തര്‍ക്കത്തിന്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും പ്രവര്‍ത്തകര്‍ കരുതുന്നു.
നിര്‍ണ്ണായകമായ നീക്കങ്ങളിലൂടെയാണ് ഇപിക്ക് എതിരെ പി ജയരാജന്‍ പോരിനിറങ്ങിദയത്. റിസോര്‍ട്ട് മുന്‍ എംഡിയായിരുന്ന വ്യവസായി ഇ.പിയുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് ആരോപണത്തിന് അടിസ്ഥാനമായ രേഖകള്‍ പി ജയരാജന് കൈമാറിയെന്നാണ് സൂചനകള്‍. സംസ്ഥാന കമ്മിറ്റി യോഗത്തിന് രണ്ട് ദിവസം മുമ്പ് ഇപിയുടെ വസതിയിലെത്തി സൗഹൃദ സംഭാഷണം നടത്തിയ വ്യക്തിയാണ് പി ജയരാജന്‍. അതുകൊണ്ടുതന്നെ പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിക്കകത്ത് ഇത്തരമൊരാരോപണമുയര്‍ത്തിയത് ഇ..പി ജയരാജനെ ഞെട്ടിപ്പിച്ചിരുന്നു. അതേസമയം ആരോപണ വിവാദം മുറുകിയതിന് പിന്നാലെയും ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സൂചനകളുണ്ട്.
കോണ്‍ഗ്രസ്, ലീഗ്, ബിജെപി എല്ലാവരും ഒറ്റക്കെട്ടായി സിപിഎം നെ പ്രതിരോധത്തിലാക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ബിജെപി തന്ത്രങ്ങള്‍ ഉപയോഗിച്ച് ഇഡിയെ രംഗത്തിറക്കിയാല്‍ പല നേതാക്കളുടെയും അനധികൃത സ്വത്തുക്കളും സമ്പാദ്യങ്ങളും വെളിയില്‍ വരും. സിപിഎം അത് ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് ആരോപണങ്ങളെ മുളയിലെ നുള്ളി ഒത്തു തീര്‍പ്പിനാണ് സാധ്യതയേറുന്നത്.
https://www.facebook.com/Malayalivartha






















