വെടി പൊട്ടിച്ച് ജയരാജൻ... മോദിയുടെ കേന്ദ്രം സംഘം ഇപിയുടെ അടുത്തേക്ക്? ചങ്കിടിച്ച് പിണറായിയും... റിസോർട്ടിൽ ഇഡി കുതിച്ചെത്തും!

വൈദേകം റിസോർട്ട് വിവാദത്തിൽ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ ഇ.പി.ജയരാജനെതിരെ യൂത്ത് കോൺഗ്രസ് വിജിലൻസിനു പരാതി നൽകി. ഇതിൽ അന്വേഷണാനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇ.പി. ജയരാജനെതിരേ ഉയർന്ന അനധികൃത സ്വത്ത് ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കേസെടുക്കാൻ ഒരുങ്ങുന്നു.
ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നോ എന്നതുൾപ്പെടെ വിവര ശേഖരണം ആരംഭിച്ചു. ഇ.പി. ജയരാജനെതിരേ സിപിഎം സംസ്‌ഥാന സമിതിയിൽ പി. ജയരാജൻ ആരോപണമുന്നയിച്ചെന്ന വാർത്തകളുടെ അടിസ്‌ഥാനത്തിലാണു പ്രാഥമികാന്വേഷണം. കണ്ണൂർ, മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് ഡയറക്‌ടർമാരുടെ ബാങ്ക് ഇടപാടുകൾ, വിദേശ യാത്രകൾ, ആഡംബര ജീവിതം എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് ഇ.ഡി. പരിശോധിക്കുന്നത്.
വിവാദമായ വൈദീകം റിസോർട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പി കെ ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികളാണ് ഉള്ളത്.
മകൻ പി.കെ.ജയ്സനു 10 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമാണുള്ളത്. രണ്ടു പേർക്കുമായി 9199 ഓഹരികളുണ്ട്. അയ്യായിരവും അതിൽ താഴെയുമാണ് മറ്റു നിക്ഷേപകരുടെ ഓഹരി. റിസോർട്ടിന്റെ ബോർഡ് ഓഫ് ഡയറകേ്ടഴ്സ് ചെയർപേഴ്സനും ഇന്ദിരയാണ്. റിസോർട്ടിൽ ഇന്ദിരയുടെ ഓഹരി വെളിപ്പെടുത്താൻ നേരത്തെ സി.ഇ.ഒ തയ്യാറായിരുന്നില്ല.
ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിക്ക് പിന്നിൽ ചരടുവലിച്ചുവെന്ന് വൈദേകം റിസോർട്ട് സി.ഇ.ഒ ആരോപിക്കുന്ന തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിനെയാണ്. പിണറായിയുടെയും കോടിയേരിയുടെയും കുടുംബ സുഹൃത്താണ് കൂടിയാണ് രമേഷ് കുമാർ. കോൺഗ്രസിലേയും ലീഗിലേയും എന്നുവേണ്ട എല്ലാ പാർട്ടികളിലെ നേതാക്കളുമായും ഇയാൾക്ക് അടുപ്പമുണ്ട്.
തലസ്‌ഥാനത്തെ ഒരു വ്യവസായ പ്രമുഖന്റെ ബാങ്ക് ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. പാർട്ടി തലത്തിൽ ഉന്നയിക്കപ്പെട്ട ആരോപണമായതിനാൽ കരുതലോടെ നീങ്ങാനാണ് ഇഡിക്കു ലഭിച്ച ഉന്നതതല നിർദേശം. പ്രാഥമിക അന്വേഷണത്തിൽ കേസിനു കഴമ്പുണ്ടെന്ന് കണ്ടാൽ ഇ. പി. ജയരാജനും റിസോർട്ട് ഡയറക്‌ടർമാരായ ഭാര്യക്കും മകനും ഉൾപ്പെടെ ഇഡി ചോദ്യം ചെയ്യൽ നോട്ടീസ് നൽകും.
മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ജയരാജൻ സ്വാധീനം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും ആന്തൂർ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും കാട്ടിയെന്നുമാണ് യൂത്ത് കോൺഗ്രസിന്റെ പരാതി. കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദേകം റിസോർട്ടിനെതിരേ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസഫ് നൽകിയ പരാതിയിൽ അന്വേഷണാനുമതി തേടി വിജിലൻസ് ആഭ്യന്തര വകുപ്പിനു കത്ത് നൽകി. കുടുംബാംഗങ്ങൾക്കു പങ്കാളിത്തമുള്ള റിസോർട്ടിന് വേണ്ടി മന്ത്രിയായിരുന്ന ഇ. പി. ജയരാജൻ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണു പരാതി.
റിസോർട്ടിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിൽ നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് തദ്ദേശഭരണ മന്ത്രി, അഡീഷനൽ ചീഫ് സെക്രട്ടറി, കലക്ടർ എന്നിവർക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പരാതി നൽകിയിട്ടുണ്ട്. മുൻ മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്കെതിരെ അന്വേഷണത്തിനു സർക്കാർ അനുമതി ആവശ്യമാണെന്ന അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ഫയൽ ആഭ്യന്തര വകുപ്പിനു നൽകിയത്.
റിസോർട്ട് നിർമാണത്തിനു നിയമം ലംഘിച്ച് അനുമതി നൽകാൻ ആന്തൂർ നഗരസഭാധ്യക്ഷയും ഉദ്യോഗസ്‌ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു. റിസോർട്ട് നിർമാണത്തിനും നടത്തിപ്പിനും പാരിസ്‌ഥിതികാനുമതി വാങ്ങിയില്ല. റിസോർട്ട് നിർമാണം, സാമ്പത്തിക സ്രോതസ് എന്നിവ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഇ.പിക്കെതിരെയല്ല, റിസോർട്ടിന് അനധികൃതമായി അനുമതി നൽകിയെന്ന നഗരസഭയ്ക്ക് എതിരായ പരാതിയിലാണ് വിജിലൻസ് അന്വേഷണ നടപടികളിലേക്ക് കടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
2021 ഡിസംബർ 17 നാണ് ഇന്ദിര ചെയർപേഴ്സനായത്. ജില്ലാ സഹകരണ ബാങ്ക് മാനേജരായി വിരമിച്ചശേഷം ഇന്ദിര ചെയർപഴ്സൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 2021 ഡിസംബർ 17നു ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് ഇന്ദിരയെ ചെയർപഴ്സനായി നിശ്ചയിച്ചത്. നേരത്തേ ജയ്സനായിരുന്നു ചെയർമാൻ.
ഇതോടെ ഇ.പിയുടെ കുടുംബത്തിൽ ഭാര്യക്കും മകനും മാത്രമായി 92 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോർട്ടിലുള്ളത്. 2014 ലാണ് കമ്പനി രൂപീകരിച്ചത്. സി.പി.എം. സഹയാത്രികനായ കെ.പി രമേഷ് കുമാറും ജയ്സണ് ഒപ്പം തുടക്കം മുതൽ തന്നെ കമ്പനിയുടെ പങ്കാളിയാണെന്നും പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ കമ്പനിയിൽ 11 ഡയറക്ടർമാരാണ് ഉള്ളത്.
ജില്ലാ സഹകരണ ബാങ്കിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച തുക ഇന്ദിര കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് സിഇഒ തോമസ് ജോസഫ് പറയുന്നത്. അക്കൗണ്ടിലൂടെയാണ് പണം കൈമാറിയതെന്നും വിശദീകരിക്കുന്നു. ഇക്കാര്യം തന്നെയാണ് ഇ.പി.ജയരാജൻ പാർട്ടി നേതാക്കളെ അറിയിച്ചതെന്നാണു വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha


























