മുൻവൈരാഗ്യം; വീടുകയറി ആക്രമണം നടത്തിയ കേസിൽ എട്ടുപേർ കൂടി അറസ്റ്റിൽ; സംഭവം കൊച്ചിയിൽ

കൊച്ചിയിൽ വീടുകയറി ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. കൊച്ചി തമ്മനം എ.കെ.ജി നഗറിലാണ് സംഭവം. കേസിൽ എട്ടുപേരെ കൂടി പൊലീസ് പിടികൂടിയത്. സംഭവത്തിൽ തമ്മനം എ.കെ.ജി നഗർ അരിക്കിനേഴത്ത് വീട്ടിൽ എ.ആർ. രാജേഷ്(51), തമ്മനം ഒടിയന്തറ കെ.ബി. വിനീഷ്(26), ചേർത്തല അരൂർ അരിക്കനേഴത്ത് എ.പി. ആനന്ദ്(26), തമ്മനം പള്ളത്ത് വീട്ടിൽ ജിബിൻ ആൽബി(27), തമ്മനം പള്ളത്ത് മെൽബിൻ ആൽബി(27), തമ്മനം പള്ളത്ത് റോബിൻ ആൽബി(27), തമ്മനം വാരിയംവീട്ടിൽ നിർമൽ ശശി(27), തമ്മനം പുതിയ റോഡ് വലിയവീട്ടിൽ ലിബിൻ ദാസ്(30) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ തമ്മനം എ.കെ.ജി നഗറിൽ കൊടിയന്ത്ര വീട്ടിൽ ബിനുവിനെയും ഇയാളുടെ ബന്ധുവായ രാജേഷിനെയുമാണ് ആക്രമിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. മാത്രമല്ല രാജേഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ ജനലിന്റെ ചില്ല് തകർക്കുകയും, സ്കൂട്ടറിന് കേടുപാടുകൾ വരുത്തുകയും ചെയ്തതിന് ശേഷമാണ് മടങ്ങിയത്.
അതേസമയം ഇന്നലെ കേസുമായി ബന്ധപ്പെട്ട് തമ്മനം എ.കെ.ജി കോളനിയിൽ പുളിക്കൽ വീട്ടിൽ വിഷ്ണു (25), അനാതുരുത്തിൽ വീട്ടിൽ അമൽ (24), ചേരാനല്ലൂർ ഇടയക്കുന്നം അഞ്ചനപ്പിള്ളി വീട്ടിൽ നോയൽ (24) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. പാലാരിവട്ടം എസ്.ഐമാരായ ടി.എസ്. രതീഷ്, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് ഇവരെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























