ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനചടങ്ങ് നിര്‍വഹിക്കുക. ഇതോടെ റിവര്‍ ക്രൂയിസ് കപ്പലായ 'എംവി ഗംഗാ വിലാസ്' വാരണാസിയില്‍ നിന്ന് ആദ്യ യാത്ര പുറപ്പെടും.
3,200 കിലോമീറ്ററിലധികം ദൂരം ഈ കപ്പല്‍ സഞ്ചരിക്കും. ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവര്‍ ക്രൂയിസ് എംവി ഗംഗാ വിലാസ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ക്രൂയിസ് കപ്പലാണ്. റിവര്‍ ക്രൂയിസ് സെക്ടറിലെ സ്വാശ്രയ ഇന്ത്യയുടെ (ആത്മനിര്‍ഭര്‍ ഭാരത്) പ്രതീകമാണിത്.
ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാല്‍ തുടങ്ങി 27 നദികളിലൂടെയാണ് കപ്പല്‍ സഞ്ചരിക്കുക.
ആഡംബര ട്രിപ്പിള്‍ ഡെക്ക് ക്രൂയിസായ എം വി ഗംഗാ വിലാസ് തിങ്കളാഴ്ചയാണ് കൊല്‍ക്കത്തയില്‍ നിന്ന് കാശിയിലെത്തിയത്. വാരണാസിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്കാണ് പ്രഥമ യാത്ര നിശ്ചയിച്ചിട്ടുള്ളത്. സ്വിസ് വിനോദസഞ്ചാരികളാണ് ആദ്യ യാത്രാ സംഘത്തിലുള്ളത്. ഒരു ജര്‍മന്‍ പൗരനുമുണ്ട്. ആകെ 33 പേരാണ് സീറ്റ് ബുക്ക് ചെയ്തിട്ടുള്ളത്.
വാരണാസിയില്‍ നിന്ന് ദിബ്രുഗഢിലേക്ക് 3200 കിലോമീറ്റര്‍ ദൂരമാണ് യാത്ര. അമ്പത് ദിവസമെടുത്താണ് യാത്ര പൂര്‍ത്തീകരിക്കുക. ഏകദേശം 13 ലക്ഷം രൂപയാണ് ഈ യാത്രയ്ക്കായി ഒരാള്‍ക്ക് ചെലവാകുക. അതായത്. ഒരു ദിവസം ഉദ്ദേശം 25000 രൂപ വേണ്ടിവരും.യാത്രയില്‍ സഞ്ചാരികള്‍ക്ക് ലോക പൈതൃക പട്ടികയില്‍ ഇടം നേടിയതടക്കമുള്ള 50ലധികം സ്ഥലങ്ങള്‍ കണ്‍നിറയെ കാണാനും അവസരമുണ്ട്. സുന്ദര്‍ബന്‍സ് ഡെല്‍റ്റ, കാസിരംഗ നാഷണല്‍ പാര്‍ക്ക് തുടങ്ങിയ ദേശീയ പാര്‍ക്കുകളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കപ്പല്‍ കടന്നുപോകും.
62.5 മീറ്റര്‍ നീളവും 12.8 മീറ്റര്‍ വീതിയുമുള്ള ഭീമന്‍ കപ്പലാണ് എം വി ഗംഗാ വിലാസ്. എല്ലാ സൗകര്യങ്ങളോടും കൂടിയ 18 സ്യൂട്ടുകള്‍ ഇതിലുണ്ട്. യാത്രയ്ക്കിടെ സംഗീത, സാംസ്‌കാരിക പരിപാടികളും ഒരുക്കും. മാത്രവുമല്ല ജിം, സ്പാ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























