ആളുകള്‍ നിലവിളിച്ചെങ്കിലും.... നിര്‍ത്തിയിട്ട ചരക്കുതീവണ്ടിക്കടിയിലൂടെ പാളം മുറിച്ചുകടക്കുമ്പോള്‍ മറ്റൊരു തീവണ്ടി തട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ചരക്കുതീവണ്ടിക്കടിയിലൂടെ പാളം മുറിച്ചുകടക്കുമ്പോള്‍ മറ്റൊരു തീവണ്ടി തട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ മുരുകന്റെയും പരേതയായ കാര്‍ത്തികയുടെയും മകള്‍ പവിത്ര (15) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് തെക്കുഭാഗത്താണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു പവിത്ര. സ്റ്റേഷന്റെ തെക്കുഭാഗത്ത് പ്‌ളാറ്റ്ഫോം അവസാനിക്കുന്നിടത്തുകൂടിയാണ് പവിത്രയും കൂട്ടുകാരും പതിവായി വീട്ടിലേക്ക് പോകാറുള്ളത്. ബുധനാഴ്ച കൂട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല.
രണ്ടാമത്തെ ട്രാക്കിലായിരുന്നു ചരക്കുവണ്ടി നിര്‍ത്തിയിട്ടിരുന്നത്. ഇതിനടിയിലൂടെ കടന്ന് മൂന്നാമത്തെ ട്രാക്കിലേക്ക് പ്രവേശിച്ചതും കോയമ്പത്തൂര്‍-മംഗളൂരു എക്സ്പ്രസ് എത്തിയതും ഒരുമിച്ചായിരുന്നു. കടക്കല്ലേയെന്നു ആളുകള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
https://www.facebook.com/Malayalivartha
























