ഇ ഡി വരുന്നതിന് മുമ്പ് ഇ.പിയുടെ റിസോർട്ടിൽ വിജിലൻസ് വന്നതെന്തിന്? എല്ലാ അഴിമതി ഫയലുകളും കസ്റ്റഡിയിലെടുത്തോ..? ലൈഫിൽ നടന്നത് വൈദേകത്തിലും! തെളിവുകൾ എല്ലാം സ്വാഹ..?! എത്രയും വേഗം വൈദേകത്തിലെ ഫയലുകൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നോ..?

ഒടുവിൽ ഇ.പിയുടെ വൈദേകത്തിൽ വിജിലൻസ് വന്നു. വരാൻ ഇത്ര താമസമുണ്ടായതെന്തെന്ന ചോദ്യം മാത്രമാണ് ബാക്കി. മുമ്പ് ലൈഫ്മിഷൻ ഇടപാട് അന്വേഷിക്കാൻ വിജിലൻസ് വന്നതിന് സമാനം തന്നെയാണ് ഇതും.
വിജിലൻസ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പോക്കറ്റ് ഓർഗനൈസേഷനാണ്. എവിടെ വിജിലൻസ് വന്നാലും അതിനർത്ഥം പിണറായി അത് താൽപ്പര്യപ്പെടുന്നു എന്നാണ് അർത്ഥം. ഇത് ഇടതു മുന്നണി സർക്കാരിൻെറ മാത്രം പ്രത്യേകതയല്ല. ഏതു സർക്കാർ വന്നാലും വിജിലൻസ് അവരുടെ സ്വന്തം അന്വേഷണ ഏജൻസിയായി മാറും.
വൈദേകത്തിൽ എത്തിയ വിജിലൻസ് എല്ലാ അഴിമതി ഫയലുകളും കസ്റ്റഡിയിലെടുത്തെന്നാണ് രഹസ്യവിവരം. ഇ പി.ജയരാജൻെറയും കുടുംബത്തിൻ്റെയും പേരുകൾ മാത്രമാണ് ഇതുവരെ പുറത്തു വന്നതെങ്കിലും നിരവധി സി പി എം നേതാക്കൾക്ക് വൈദേകത്തിൽ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. സി പി എമ്മിൽ മറിയുന്ന കോടികൾ നിക്ഷേപിക്കുന്ന ഒരു സംവിധാനമാണ് വൈദേകം. മറ്റൊരു സംരംഭം ലേബർ സൊസൈറ്റിയാണ്. എത്രയും വേഗം വൈദേകത്തിലെ ഫയലുകൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു.
വൈദേകത്തിലെ അഴിമതി അന്വേഷിക്കാൻ ഇ.ഡി.തീരുമാനിച്ചിരിക്കുന്ന ഘട്ടത്തിലാണ് വിജില ൻസെത്തി ഫയലുകൾ കൊണ്ടുപോയത്. വൈദേകത്തിൽ ഇ ഡി. എത്തുമ്പോൾ ഒരു ഫയലും ബാക്കി കാണില്ല.ഫയലുകൾ ഇ ഡി ചോദിച്ചാൽ വിജിലൻസ് ഒട്ടും കൊടുക്കുകയുമില്ല. ഇതാണ് ലൈഫ്മിഷൻെറ കാര്യത്തിൽ സംഭവിച്ചത്. ലൈഫ് മിഷൻ അഴിമതിയിൽ ഇ.ഡി നട്ടം തിരിയാൻ കാരണം ഫയലുകൾ വിജിലൻസിൻ്റെ കൈവശമായതാണ്..
സ്വപ്ന സുരേഷിന്റെ എസ് ബി ഐ ലോക്കറിലുണ്ടായിരുന്ന ഒരു കോടി ലൈഫിന്റെ കമ്മീഷനാണെന്ന് സ്വപ്നയുടെ മൊഴി ലഭിച്ച സാഹചര്യത്തിലാണ് ലൈഫിനെ കുറിച്ച് ഇ.ഡി അന്വേഷണമാണ് അഭികാമ്യമെന്ന് എൻ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്.അപ്പോഴാണ് കേരള സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ഉൾപ്പെടെ ആരോപണവിധേയനായ സംഭവത്തിൽ വിജിലൻസ് അന്വേഷണമല്ല വേണ്ടതെന്നും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ക്ലീൻ ചിറ്റ് എഴുതി വാങ്ങാൻ വേണ്ടിയാണെന്നും പ്രതിപക്ഷം പറഞ്ഞത് ഇത് മുൻകൂട്ടി കണ്ടാണ്. എന്നാൽ മുഖ്യൻ്റെ ലക്ഷ്യം മറ്റൊന്നായിരുന്നു.
ലൈഫ് മിഷനിൽ യു എ ഇ സഹായമായി റെഡ്ക്രസന്റ് എത്തിയത് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെയാണ്. യഥാർത്ഥത്തിൽ ഇത് കേന്ദ്ര നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശധനസഹായം വാങ്ങുന്നത് നിയമവിരുദ്ധമാണ്. അങ്ങനെ വാങ്ങിയെങ്കിൽ അതിനു പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടെന്ന് കേന്ദ്ര സർക്കാരിനറിയാം..
സംസ്ഥാന വിജിലൻസിന്റെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. ഇടതുസർക്കാർ അധികാരത്തിലെത്തിയത് മുതൽ ഇതാണ് സ്ഥിതി.. വിജിലൻസ് ആസ്ഥാനം പേരിന് മാത്രം പ്രവർത്തിക്കുന്നു എന്നേയുള്ളു. അതു കൊണ്ടുതന്നെ വിജിലൻസ് അന്വേഷണം പ്രഹസനമായി തീരും. വിജിലൻസ് അന്വേഷണത്തിന്റെ പേരു പറഞ്ഞ് ലൈഫിൽ ഇ ഡി അന്വേഷണം ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്
വിജിലൻസ് കോട്ടയം എസ് പി വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ലൈഫ് കോഴ വിവാദം അന്വേഷിച്ചത്. സ്വര്‍ണ്ണക്കടത്തിനൊപ്പം സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കിയ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയില്‍ പുറത്തുവന്നത് അടിമുടി ക്രമക്കേടുകളാണ്. റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മിലാണ് ധാരണപത്രം ഒപ്പിട്ടതെങ്കിലും നിർമാണ കരാർ ഒപ്പിട്ടത് നിർമാണ കമ്പനിയായ യൂണിടാക്കും യുഎഇ കോൺസുലേറ്റും നേരിട്ടാണ്.
സ്വർണക്കടത്ത് കേസിലെ പത്രിയായ സ്വപ്ന സുരേഷ് ഇടപാടിലെ ഇടനിലക്കാരിയായിരുന്നുവെന്നും ഇതിന് പ്രതിഫലമായി സ്വപ്നയ്ക്ക് ഒരു കോടി രൂപ കമ്മീഷൻ നൽകിയെന്നും യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഒരു കോടി അല്ല നാലേകാൽ കോടി രൂപയാണ് സ്വപ്നയ്ക്ക് കോഴ കിട്ടിയതെന്ന് മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവായ ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തി.
ധനമന്ത്രി തോമസ് ഐസക്കും ഇത് ശരിവച്ചു. എന്നാൽ ഈ എല്ലാ ഘട്ടത്തിലും സർക്കാരിന് ഇതിൽ ഒരു പങ്കുമില്ലെന്നും ഇടപാട് മുഴുവൻ യൂണിടാക്കും റെഡ് ക്രസന്‍റും തമ്മിലാണെന്നും വാദമുയർത്തി കയ്യൊഴിയുകായിരുന്നു സർക്കാർ. അത്യന്തം ദുരൂഹമായ ഇടപാടുകളെങ്കിലും ആരോപണമുയരുമ്പോൾ പാവപ്പെട്ടവന് വീട് നൽകുന്ന പദ്ധതി തകർക്കാനുള്ള നീക്കമെന്ന് ആരോപിച്ച് പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു സർക്കാർ. ഒടുവിൽ കേന്ദ്രം ലൈഫ് മിഷൻ ഇടപാട് അന്വേഷിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
ലൈഫിലെത്തിയ വിജിലൻസ് ആദ്യം ചെയ്തത് ക്രമക്കേട് സംബന്ധിക്കുന്ന എല്ലാ രേഖകളും കടത്തി എന്നതാണ്. വൈദേകത്തിലും ഇതേ കളി പിണറായി കളിച്ചു.
ഇ.പിക്കെതിരെ പി.ജയരാജനാണ് അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിൽ പ്രതിഷേധിച്ചു ഇ പി.ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. പാർട്ടി നിലപാട് തനിക്ക് എതിരാണെന്നു വന്നാൽ അദ്ദേഹം കടുത്ത നടപടിക്കു മുതിർന്നേക്കുമെന്നും സൂചന ഉണ്ടായിരുന്നു. . അതിനിടെ, പി.ജയരാജനെതിരെ പാർട്ടി നേതൃത്വത്തിലേക്കു പരാതികൾ പ്രവഹിച്ചു തുടങ്ങി. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു ഫണ്ടിൽ കൃത്രിമം നടന്നെന്നുമുള്ള ആരോപണങ്ങളാണ് ഇപിയെ അനുകൂലിക്കുന്നവരിൽ നിന്ന് പി ജെ ക്കെതിരെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾക്കു ലഭിച്ചത് കമ്മിഷൻ ഇതെല്ലാം പരിശോധിച്ചു തീർപ്പു കൽപിച്ചതാണെന്ന ആത്മവിശ്വാസത്തിലാണ് പി.ജയരാജൻ.ഇതോടെ പി ജയരാജൻ ഔട്ടാവുകയും ഇ പി ജയരാജൻ ഇൻ ആവുകയും ചെയ്തു. ഇടതു മുന്നണി യോഗത്തിൽ ഇ പി വിജയശ്രീലാളിതനായി തിരികെയെത്തി.
ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര സഹകരണ ബാങ്കിലെ ജോലിയിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച തുകയാണ് റിസോർട്ടിൽ നിക്ഷേപിച്ചതെന്നാണ് ന്യായീകരണം ഉണ്ടായത്. ഇപിയും ഇങ്ങനെതന്നെയാണ് പാർട്ടി നേതാക്കളോടു പറഞ്ഞത്. ഇപിയുടെ ഭാര്യയ്ക്കും മകനും കൂടി 79 ലക്ഷം രൂപയുടെ ഓഹരിയുണ്ടെന്നാണു വിവരം. 10 കോടി രൂപ വരെ ഓഹരി സ്വീകരിക്കാവുന്ന തരത്തിലാണു കമ്പനിയുടെ ഘടന. ഇതിനകം 6.5 കോടി രൂപയുടെ ഓഹരി സമാഹരിച്ചു. 79 ലക്ഷം ഇ.പി പുറത്തു് പറയുന്ന കണക്കാണ്. രഹസ്യമായി എത്രയുണ്ടെന്ന് കണ്ടറിയണം. വിവാദം കടുത്തതോടെ തങ്ങളുടെ ഓഹരികൾ ബിനാമികൾക്ക് വിൽക്കാൻ ഇ പി. തീരുമാനിച്ചു.
2014 ൽ രജിസ്റ്റർ ചെയ്ത കണ്ണൂർ ആയുർവേദ കെയർ ലിമിറ്റഡ് എന്ന കമ്പനിക്ക് ആയുർവേദ റിസോർട്ട് നിർമ്മിക്കാനുള്ള അനുമതി 2017 ലാണ് ആന്തൂർ നഗരസഭ നൽകുന്നത്. ഇ പി ജയരാജന്‍റെ മകൻ പി കെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെ പി രമേഷ് കുമാറും സ്ഥാപക ഡയറക്ടറായ കമ്പനി വെള്ളിക്കീലിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഉടുപ്പ കുന്നിടിച്ച് നിർമ്മാണം തുടങ്ങി. പിന്നാലെ ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നിടിക്കുന്നതിനെതിരെ രംഗത്തെത്തി. അഗ്നിസുരക്ഷ അനുമതിയില്ലെന്നും കുന്നിടിക്കാനും കുഴൽകിണർ കുത്താനും ജിയോളജി വകുപ്പിന്‍റെ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകി. കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകുന്നില്ലല്ലോ എന്ന വിചിത്ര വാദം ഉന്നയിച്ചാണ് നഗരസഭ ഇതിനെ നേരിട്ടത്.
ഇ പി ജയരാജന്‍റെ മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി വിജിലൻസ് തേടിയെങ്കിലും ഒന്നും സംഭവിച്ചില്ല.. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. നഗരസഭ അധ്യക്ഷ പാർട്ടി സെക്രടറി സഖാവ് ഗോവിന്ദൻ്റെ ഭാര്യയാണ്.
അതിനിടെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കരുതലോടെ കൈകാര്യം ചെയ്യാനാണ് ദേശീയ നേതൃത്വം നിർദേശം നൽകിയത്.. പരസ്യ ചേരിതിരിവിലേക്ക് പോകരുതെന്നും സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം നിർദേശം നല്‍കി. അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന ഘടകത്തിന് തീരുമാനം എടുക്കാമെന്നുമാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജൻ ആരോപണം ഉന്നയിച്ചത്. വിവാദമായ കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ ഇപി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പാര്‍ട്ടി നേതാവെന്ന പദവി വച്ചാണ് എല്ലാം ചെയ്തതെന്നും പി ജയരാജന്‍ തുറന്നടിച്ചു. ആധികാരിക രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തന്‍റെ ആരോപണമെന്നും പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട പി ജയരാജനോട് പരാതി രേഖാമൂലം എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു എംവി ഗോവിന്ദന്‍ മറുപടി നൽകിയത്.
മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗമായ തന്നെ തഴഞ്ഞ് എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇപി ഉടക്കി നില്‍ക്കുകയായിരുന്നു. കണ്‍വീനറായിട്ട് കൂടി എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍മാര്‍ച്ചില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളാള്‍ ലീവെടുത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും തൃശൂരില്‍ നടന്ന കിസാന്‍സഭാ അഖിലേന്ത്യാസമ്മേളനത്തില്‍ ഇപി ജയരാജന്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. വിഎസ്- പിണറായി വിഭാഗീയ കാലത്തും ഒന്നാം പിണറായി സര്‍ക്കാരിന‍്‍റെ കാലത്തും ഏറ്റവും പ്രമുഖനായിരുന്ന കണ്ണൂരിലെ ശക്തനായ നേതാവായ ഇപി ജയരാജന്‍ പാര്‍ട്ടിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട് നില്‍ക്കുന്ന സമയത്താണ് അതിഗുരുതര സ്വഭാവമുള്ള ആരോപണം സംസ്ഥാനസമിതിയില്‍ അദ്ദേഹത്തിനെതിരെ ഉണ്ടായത്. ഇത് ഇ.പി ക്കുണ്ടാക്കിയ മുറിപ്പാട് ചെറുതല്ല.
കണ്ണൂര്‍ ഉടുപ്പയിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ വിജിലന്‍സില്‍ പരാതി നൽകിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ്..
പാര്‍ട്ടിയുടേയും മുന്‍ മന്ത്രിയെന്ന സ്വാധീനവും ഉപയോഗിച്ചാണ് വൈദേകം റിസോര്‍ട്ട് നിര്‍മിക്കുന്നതിനും പ്രവര്‍ത്തിക്കാനും അനുമതി നേടിയെടുത്തത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയിലും അഴിമതിയിലും പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. റിസോര്‍ട്ടിന്റെ മറവിലെ കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ അന്വേഷിക്കുന്നതിനായി വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ്.
റിസോര്‍ട്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ നടപടിയും അന്വേഷണവുമാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും. റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. യോഗത്തില്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ വിജിലൻസ് കോടതികളിൽ ആയിരക്കണക്കിന് അഴിമതിക്കേസുകളാണ് കെട്ടികിടക്കുന്നത്. വിജിലൻസിൻ്റെ പ്രധാന ജോലി രേഖകൾ കണ്ടെടുത്ത് സർക്കാരിന് നൽകുക എന്നത് മാത്രമാണ്.
വർഷങ്ങളായി വിചാരണ നടക്കാതെ വിജിലൻസ് കോടതികളിൽ കെട്ടികിടക്കുന്നത് ആയിരകണക്കിന് കേസുകളാണ്. ആറു വിജിലൻസ് കോടതികളിൽ വിചാരണ പൂർത്തിയാകാനുള്ളത് 1415 കേസുകളാണ്. കേസ് നടത്തിപ്പിന് ആവശ്യത്തിന് പ്രോസിക്യൂട്ടർമാർ ഇല്ലാത്തതാണ് കാരണം. എട്ടു കോടതികളിലായി ആകെ ഉള്ളത് മൂന്ന് പ്രോസിക്യൂട്ടർമാർ മാത്രം. പ്രോസിക്യൂട്ടർമാർ ഇല്ലെങ്കിൽ സർക്കാർ ഭാഗം പറയാൻ ആളുണ്ടാവില്ല. സർക്കാർ ഭാഗം പറയാൻ ആളില്ലാതെ വരുമ്പോൾ കേസ് തള്ളിപോകും. ഉന്നത രാഷ്ട്രീയ നേതാക്കൾ പ്രതികളായ കേസുകളിൽ സർക്കാരിൻ്റെ താത്പ്പര്യവും ഇതുതന്നെയാണ്.
വിജിലൻസ് ഇങ്ങനെ പ്രവർത്തിക്കുന്നത് കാരണം കൈക്കൂലി വാങ്ങുമ്പോൾ പിടികൂടി റിമാൻഡിൽ പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ ഏതാനും മാസങ്ങള്‍ക്കകം സർവ്വീസിൽ തിരികെ കയറുന്നു. സ ർവീസ് സംഘടനകളുടെ സഹായത്തോടെ രാഷ്ട്രീയ സ്വാധീനത്തിൽ വീണ്ടും നിർണായക കസേരയിൽ തന്നെ അഴിമതിക്കാർ എത്തുന്നു. സർവ്വീസ് കാലാവാധി പൂർത്തിയാക്കി ഇവർ വിരമരിക്കുന്നു. സർവ്വീസിൽ ഇരുന്ന അഴിമതി നടത്തിയാലും, നിർമ്മാണ പ്രവർത്തനങ്ങളിൽ കരാറുകാരുമായി ഒത്തു കളിച്ചാലുമെല്ലാം സ്ഥിതി വ്യത്യസ്ഥമല്ല. സർവ്വീസിലിരിക്കുമ്പോള്‍ തന്നെ അഴിമതിക്കാർക്കെതിരെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചാലും സമയബന്ധിതമായി വിചാരണ പൂർത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കുന്നില്ല. അഴിമതിക്കാർക്ക് സമയബന്ധിതമായി ശിക്ഷ ലഭിക്കാത്തതിനാൽ വീണ്ടും അഴിമതിക്കാർ കൂടുന്നു. വർഷങ്ങള്‍ കഴിഞ്ഞ് കേസ് വിചാരണക്കെടുമ്പോള്‍ സാക്ഷികളെല്ലാം മാറിയിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരും വിരമിക്കും.
ഒരു അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ പൂത്തിയാകാൻ പത്തുവർഷത്തിൽ അധികമെടുക്കുന്നുവെന്ന് ചുരുക്കം. സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ കെട്ടിക്കിടക്കുന്നത് മൂവാറ്റുപ്പുഴ കോടതിയിലാണ്. 389 കേസുകളിൽ 324 കേസുകളുടെ കുറ്റപത്രം നൽകിയിട്ട് അഞ്ചു വഷത്തിലധികമായി. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വിചാരണ പൂർത്തിയാകാനുള്ളത് 279 കേസുകള്‍, 121 കേസുകള്‍ അഞ്ചു വർഷം മുമ്പ് കുറ്റപത്രം നൽകിയത്. തൃശൂർ- 249 കേസുകള്‍, കോട്ടയം- 226,തലശേരി, കോഴിക്കോട്-106 എന്നിങ്ങനെയാണ് കെട്ടികിടക്കുന്ന കേസുകള്‍. ഇതിൽ മൂവാറ്റുപുഴയിലാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻ്റെതുൾപ്പെടെയുളള കേസുകൾ നടക്കുന്നത്.
വിചാരണ പൂർത്തിയാകാൻ ഉള്ളതിൽ മലബാർ സിമന്‍റ്സ് കേസും, പാലാരിവട്ടം അഴിമതി കേസും ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദന കേസും ഉള്‍പ്പെടുന്നു. ആറ് വിജിലൻസ് കോടതികളും രണ്ട് വിജിലൻസ് ട്രിബ്യൂണലുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളിൽ ആകെ ഉണ്ടായിരുന്നത് മൂന്ന് പ്രോസിക്യൂട്ടർമാർ മാത്രമാണ്. ഏതാനും ദിവസങ്ങൾ മുമ്പാണ് കൂടുതൽ പ്രോസിക്യൂട്ടർമാരെ നിയമിച്ചത്. ഇങ്ങനെയുള്ള വിജിലൻസാണ് വൈദേകത്തിലെ ഫയലുകൾ കൊണ്ടുപോയത്. അതായത് ഇ ഡി യുടെ കാര്യം ഗോവിന്ദ!
https://www.facebook.com/Malayalivartha

























