ലീഗ് ഇനി RSSനൊപ്പം? കുഞ്ഞാപ്പയെ വലിച്ചു കീറി... CPMന് അസ്ഥാനത്ത് അടി! മോദി കേരളത്തിലേക്ക്...

റബറിന്റെ വില മുന്നൂറിലെത്തിച്ചാൽ കേന്ദ്ര സർക്കാരിനെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ പുതിയ മുന്നൊരുക്കങ്ങൾക്ക് വിത്തു പാകി. സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ ഇത് മാറ്റുമോയെന്ന ആശങ്കിലാണ് ഭരണ-പ്രതിപക്ഷ മുന്നണികൾ.
കേരളത്തിൽ വേരു പിടിക്കാനാകാതെ വിഷമിക്കുന്ന ബി.ജെ.പി ശ്രമിക്കുന്നത് ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളെ എങ്ങനെയും കൂടെ നിറുത്താനാണ്. ലവ് ജിഹാദ് ഉയർത്തിയിട്ടു പോലും നടക്കാതെ പോയ ആ സ്വപ്നം റബറിലൂടെ നടപ്പാകുമോ എന്നാണ് കണ്ടറിയേണ്ടത്. ത്രിപുരയിൽ അധികാരം നിലനിറുത്തിയതിനു തൊട്ടുപിന്നാലെ, കേരളത്തിലും അധികാരം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഈ അവസരത്തിൽ ഓർത്തെടുക്കുകയാണ്. ഉറപ്പായും കേരളം പിടിച്ചെടുക്കണമെങ്കിൽ മത ന്യൂനപക്ഷ വേട്ട് സമാഹരിക്കേണ്ടതുണ്ട്.
അത് മനസ്സിലാക്കി എല്ലാ വശങ്ങളിൽ നിന്നും കരുക്കൾ നീക്കുകയാണ്. അതിന്റെ ഭാഗമായുള്ള ഒരു നീക്കമാണ് ഇപ്പോൾ മുസ്ലീം ലീഗിലും സംഭവിക്കുന്നത്. സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി പക്ഷം ആധിപത്യം നിലനിര്‍ത്തിയെങ്കിലും മുസ്‌ലിം ലീഗില്‍ പുതിയ പോര്‍മുഖം തുറന്ന് വിമതപക്ഷം.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആവശ്യ പ്രകാരം ആര്‍.എസ്.എസ്. നേതൃത്വവുമായി ഒരു മുസ്‌ലിം ലീഗ് എം.എല്‍.എ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്തെന്ന് വെളിപ്പെടുത്താന്‍ നേതൃത്വം തയാറാകണമെന്നും ആവശ്യപ്പെട്ട് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ. എസ്. ഹംസ രംഗത്തെത്തി.
മുസ്‌ലിം ലീഗ് എം.എല്‍.എയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് രണ്ടു ദിവസം മുമ്പാണ് ആര്‍.എസ്.എസ്. നേതാവ് തുറന്നു പറഞ്ഞത്. അത് ഏത് എം.എല്‍.എയാണെന്ന് ലീഗ് വെളിപ്പെടുത്തണമെന്ന് ഹംസ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ ആവശ്യ പ്രകാരമാണ് എം.എല്‍.എ. മലപ്പുറത്തുവച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടുള്ളത്. അത് ആരാണെന്ന് പറയേണ്ടത് ലീഗാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയല്ല മറ്റൊരു എം.എല്‍.എയാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.
മുസ്‌ലിംലീഗിനെ ഇടതു മുന്നണിയില്‍ എത്തിക്കുകയെന്നതായിരുന്നു ആ ചര്‍ച്ചയുടെ ലക്ഷ്യം. അതിനുള്ള ചരട് വലിക്കുന്നത് നാഗ്പുരില്‍നിന്നാണ്. ലീഗ് ഇടതുപക്ഷത്തോട് ചേര്‍ന്നാല്‍ അവരുടെ മതനിരപേക്ഷതയ്ക്കു കോട്ടം തട്ടും. പരമ്പരാഗതമായ ഹിന്ദു വോട്ട് ചോര്‍ന്ന് ബി.ജെ.പിക്ക് പോകും. ഇത് മുന്നില്‍ കണ്ടാണ് ആസൂത്രണം നടത്തിയത്.- ഹംസ പറഞ്ഞു.
പാര്‍ട്ടി യോഗത്തില്‍ എ.ആര്‍. നഗര്‍ ബാങ്ക് അഴിമതിയും ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസും ഉന്നയിക്കപ്പെട്ടപ്പോള്‍ ഇ.ഡിയെ സെറ്റില്‍ ചെയ്തിട്ടുണ്ടെന്നാണു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി. ചോദ്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. കെ.ടി. ജലീലുമായുള്ള വാഗ്വാദം പെട്ടെന്ന് അവസാനിച്ചതിന് പിന്നിലും മറ്റുചില കളികള്‍ നടന്നിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീന വലയത്തിലാണ്. ചന്ദ്രികയുടെ അക്കൗണ്ടില്‍ നോട്ട് നിരോധനത്തിന് പിന്നാലെ 10 കോടി വന്നു. ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ മൂന്ന് കോടിക്കടുത്ത് രൂപ പിഴ കെട്ടി. ഇതോടെ കുറ്റം സമ്മതിച്ച പോലെയായി. ഇതൊന്നും ഹൈദരലി തങ്ങള്‍ അറിഞ്ഞില്ല. അപ്പോഴേക്കും എല്ലാ രേഖകളും തങ്ങള്‍ക്കെതിരായി കഴിഞ്ഞിരുന്നു.- കെ.എസ്. ഹംസ പറഞ്ഞു. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ പൂര്‍ണപിന്തുണയോടെയാണ് കെ.എസ്. ഹംസയുടെ നീക്കങ്ങള്‍.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിനെതിരേ കോടതിയെ സമീപിക്കും. സംസ്ഥാന കൗണ്‍സിലിലേക്ക് മല്‍സരിക്കാതിരിക്കാനാണ് തന്നെ പുറത്താക്കിയതെന്നും കെഎസ് ഹംസ ആരോപിച്ചു. ശനിയാഴ്ചയാണ് ഹംസയെ ലീഗില്‍നിന്നും പുറത്താക്കിയത്.
ഉന്നതാധികാര സമിതി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി. എം.എ. സലാമിന്റെ പേര്‍ നിര്‍ദേശിക്കുകയായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെയാണ് സലാം തെരഞ്ഞെടുക്കപ്പെട്ടത്. അതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയൊന്നാകെ പ്രചാരണ രംഗത്തു സജീവമാക്കാന്‍ ബി.ജെ.പി. ഘടകങ്ങള്‍ക്കു നിര്‍ദേശം.
പലയിടത്തും ആര്‍.എസ്.എസുമായി ബി.ജെ.പിക്കുള്ള ഭിന്നത പറഞ്ഞുതീര്‍ക്കും. ഇതിന് ആര്‍.എസ്.എസ്. മുന്‍കൈയെടുക്കും. അതനുസരിച്ച് മേഖലായോഗങ്ങള്‍ വിളിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍.എസ്.എസ്. അമിതമായി ഇടപെടുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. എന്നാല്‍ ബി.ജെ.പി. അണികളേക്കാള്‍ സ്വീകാര്യത പലയിടത്തും ആര്‍.എസ്.എസ് നേതാക്കള്‍ക്കുണ്ടെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. സംഘപരിവാറിനെ ആഭ്യന്തരപ്രചാരണത്തിനിറക്കാനാണു തീരുമാനം.
സമുദായ നേതാക്കളെയും ന്യൂനപക്ഷ മേഖലകളില്‍ അവരുടെ പ്രതിനിധികളേയും പ്രചാരണത്തിനിറക്കും. വോട്ടര്‍ പട്ടിക അരിച്ചു പെറുക്കി പരിശോധിച്ച് കൃത്യമായ കണക്കുകള്‍ ഉണ്ടാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ആദ്യ ഘട്ടത്തില്‍ ഇതിനാണ് ഊന്നല്‍ നല്‍കുക. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിജയിച്ച പ്രചാരണ തന്ത്രമാണിത്. ദേശീയ നേതാക്കള്‍ വരെ ഈ രീതിയില്‍ താഴേത്തട്ടില്‍ വോട്ടുകള്‍ സ്വരൂപിക്കാനിറങ്ങും.
തൃശൂര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പി. മണ്ഡലങ്ങളില്‍ അമിത്ഷാ അടങ്ങുന്ന ഉന്നതനേതൃത്വം കണക്കുകളും വിശകലനങ്ങളും പരിശോധിക്കും. അടുത്ത മാസം അവസാനത്തോടെ ബൂത്ത് പ്രചാരണത്തിന്റെ രൂപരേഖ അന്തിമമായി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണിയെടുക്കാത്ത ഒരു നേതാവിനും സ്ഥാനമുണ്ടാകില്ലെന്നു നേതൃത്വം മുന്നറിയിപ്പു നല്‍കി. പുതുമുഖങ്ങള്‍ക്കു കൂടുതല്‍ ചുമതല നല്‍കാനും ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നു ലോക്സഭാ സീറ്റ് ലഭിക്കാൻ കേന്ദ്ര നേതൃത്വം ഏതറ്റം വരെയും പോകാൻ തയ്യാറായിരിക്കെയാണ് റബർ പ്രശ്നം അടക്കം ബി.ജെ.പിക്കു മുന്നിൽ വരുന്നത്. ക്രിസ്ത്യൻ സഭകളുടെ പിന്തുണ കേരളത്തിൽ നിന്ന് ലോക്സഭ എം.പിമാരെന്നതിൽ ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നതാണ്.
ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഈ ലക്ഷ്യത്തിനു നേർക്കാണ് ബിഷപ്പ് ചൂണ്ട കൊരുത്തിരിക്കുന്നത്. ബിഷപ്പിന്റേത് വികാര പ്രകടനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും, അത് അപ്രായോഗികമാണെന്ന ഇടതുനേതാക്കളുടെ നിരീക്ഷണവും കേരള രാഷ്ട്രീയം മാറി മറിയുമോയെന്ന് ആശങ്കയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
https://www.facebook.com/Malayalivartha
























