അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും...

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിയുടെ മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളജിന് കൈമാറും. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ചാണ് തീരുമാനമെടുത്തത്.
രാവിലെ ഒന്‍പത് മണി മുതല്‍ പത്ത് മണി വരെ മൃതദേഹം ഹൈക്കോടതിയില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷമായിരിക്കും മൃതദേഹം കൈമാറുക. കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 79 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദണ്ഡപാണി, സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. 1996 ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു. 1968 ലാണ് കെ പി ദണ്ഡപാണി അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്.
2006 ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന സ്ഥാനം നല്‍കി ഹൈക്കോടതി ദണ്ഡപാണിയെ ആദരിച്ചിരുന്നു. മുല്ലപ്പെരിയാര്‍, സോളാര്‍ കേസുകളില്‍ ദണ്ഡപാണി കോടതിയില്‍ ഹാജരായിരുന്നു.
ഹൈക്കോടതി സീനിയര്‍ അഭിഭാഷക സുമതി ദണ്ഡപാണിയാണ് ഭാര്യ.
"
https://www.facebook.com/Malayalivartha


























