വി.എസിന് വെറുക്കപ്പെട്ടവനാണെങ്കിലും മറ്റ് പല നേതാക്കള്‍ക്കും സിനിമാക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ് ഫാരിസ്...ഫാരിസിനെ മനസ്സില്‍ കണ്ടാണ് രണ്‍ജി പണിക്കര്‍ പല സിനിമകൾക്കും തിരക്കഥ എഴുതിയത്...

ഒന്നര പതിറ്റാണ്ട് മുമ്പ് സി.പി.എമ്മിനെയും അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെയും വിവാദത്തിലാക്കിയ വിവാദനായകനാണ് ഫാരിസ് അബൂബേക്കര്‍. വി.എസ് അച്യുതാനന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ വെറുക്കപ്പെട്ടവന്‍. വി.എസിന് വെറുക്കപ്പെട്ടവനാണെങ്കിലും മറ്റ് പല നേതാക്കള്‍ക്കും സിനിമാക്കാര്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ് ഫാരിസ്. നഷ്ടത്തിലായിരുന്ന ദീപിക പത്രം ഏറ്റെടുത്തതോടെയാണ് ഫാരിസ് അബൂബക്കര്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഇടംനേടിയത്. നഷ്ടത്തിലോടിയ ദിപികയെ അദ്ദേഹം കരകയറ്റി. ഫാരിസ് പത്രം ഏറ്റെടുത്തതിന് പിന്നാലെ ഇരുന്നുറോളം ജീവനക്കാരെ സ്വയം വിരമിക്കല്‍ പദ്ധതിയുടെ മറവില്‍ നിര്‍ബന്ധിതമായി പുറത്താക്കിയിരുന്നു. അതും വലിയ വിവാദമായിരുന്നു. ദീപിക ഏറ്റെടുക്കുന്നതിന് മുമ്പ് സിനിമാക്കാര്‍ ഉള്‍പ്പെടെ പലര്‍ക്കും ഫാരിസിനെ അറിയാമായിരുന്നു. അതിലൊരാളാണ് പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തും നടനുമായ രണ്‍ജിപണിക്കര്‍.
സംവിധായകന്‍ ജോഷി മോഹന്‍ലാലിനെ നായകനാക്കി 2001ല്‍ ഒരുക്കിയ പ്രജ എന്ന സിനിമയിലെ നായകകഥാപാത്രത്തിന്റെ പേര് സക്കീര്‍ അലി ഹുസൈന്‍ എന്നാണ്. ഫാരിസിനെ മനസ്സില്‍ കണ്ടാണ് രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതിയതെന്ന് സിനിമാ ഇന്‍ഡസ്ട്രിയില്‍ സംസാരമുണ്ട്. മുംബൈ അധോലോകം അടക്കിവാഴുകയും അതിനൊപ്പം കേരളത്തില്‍ പാവങ്ങളെ സഹായിക്കുകയും ചെയ്യാനായി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നയാളാണ് സക്കീര്‍ അലി ഹുസൈന്‍.രണ്‍ജി പണിക്കരും ഫാരിസും തമ്മില്‍ നല്ല സൗഹൃദമായിരുന്നു. 2007ല്‍ സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലിലാണ് ഫാരിസിന്റെ അഭിമുഖം ആദ്യമായി സംപ്രേക്ഷണം ചെയ്യുന്നത്. അതുവരെ ഈ വിവാദനായകനെ പൊതുജനം നേരില്‍ കണ്ടിട്ടില്ലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനെതിരെ ഫാരിസ് ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം വിവാദമായി. ഇതിന് പിന്നാലെ രണ്ട് സംഭവങ്ങള്‍ നടന്നു. ബ്രിട്ടാസ് കൈരളിയില്‍ നിന്ന് രാജിവെച്ചു. ഫരിസിന്റെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമാക്കി മെട്രോ വാര്‍ത്തന്ത ആരംഭിച്ചു.
പത്രത്തിന്റെ എം.ഡിയായി രണ്‍ജി പണിക്കര്‍ ചുമതലയേറ്റു. അത്രയ്ക്ക് ആത്മബന്ധമായിരുന്നു രണ്‍ജിപണിക്കരും ഫാരിസും തമ്മിലുണ്ടായിരുന്നത്. ഇതിന് പിന്നില്‍ മറ്റൊരു കാര്യംകൂടിയുണ്ടായിരുന്നു. കടുത്ത വി.എസ് വിമര്‍ശകനായിരുന്നു രണ്‍ജി പണിക്കര്‍. ഇരുവരും ആലപ്പുഴക്കാരായതിനാല്‍ പണിക്കര്‍ക്ക് വി.എസിനെ നന്നായി അറിയാം. അന്ന് പിണറായി -വി.എസ് പോര് സി.പി.എമ്മില്‍ രൂക്ഷമായിരുന്നു. വി.എസിനെതിരെ ശക്തമായ നിലപാടാണ് മെട്രോവാര്‍ത്ത സ്വീകരിച്ചത്. അതിനിടെ മമ്മൂട്ടിയെ നായകനാക്കി രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത രൗദ്രം പുറത്തിറങ്ങി. നേതാവും മകനുമായിരുന്നു സിനിമയിലെ വില്ലന്മാര്‍. വിജയരാഘവന്‍ അവതരിപ്പിച്ച നേതാവിന് വി.എസിന്റെ മാനറിസങ്ങളുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ശേഷം രണ്‍ജി പണിക്കര്‍ മെട്രോവാര്‍ത്തയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും പത്രം മോശമല്ലാത്ത നിലയിലായി. ദിപിക ദിനപത്രം കത്തോലിക്ക സഭയ്ക്ക് തിരിച്ചു നല്‍കിയതിനു പിന്നാലെയാണ് ഫാരിസ് മെട്രോ വാര്‍ത്ത ആരംഭിച്ചത്. ആദ്യം ടാബ്ലോയിഡ് രൂപത്തിലാണ് മെട്രോ വാര്‍ത്ത പുറത്തിറങ്ങിയത്. പിന്നീട് എല്ലാ പേജുകളും കളറില്‍ അച്ചടിക്കുന്ന സമ്പൂര്‍ണ ദിനപത്രമായി. എല്ലാ പേജും കളറില്‍ അച്ചടിക്കുന്ന മലയാളത്തിലെ ആദ്യത്തെ പത്രമായിരുന്നു മെട്രോ വാര്‍ത്ത. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് മെട്രോ വാര്‍ത്തക്ക് എഡിഷനുകളുണ്ടായിരുന്നത്. പത്രത്തിന്റെ എല്ലാ കാര്യങ്ങളും എം.ഡിയായ രണ്‍ജി പണിക്കരാണ് നോക്കിനടത്തിയിരുന്നത്. അതിനിടെ നിര്‍മാതാവ് ആന്റോ ജോസഫ് നിരന്തരം രണ്‍ജി പണിക്കരുടെ ഓഫീസില്‍ കയറിയിറങ്ങാന്‍ തുടങ്ങി. രണ്‍ജി പണിക്കര്‍ എഴുതി ഷാജികൈലാസ് സംവിധാനം ചെയ്ത ദ കിംഗ് പോലെയുള്ള ഒരു സിനിമ എഴുതണം എന്നായിരുന്നു ആന്റോയുടെ ആവശ്യം.
കിംഗ് മാത്രമെന്തിനാ കമ്മിഷണറൂടെ ചേര്‍ത്ത് ഒരു സാധാനം കാച്ചാമെന്ന് രണ്‍ജിപണിക്കര്‍ പറഞ്ഞു. അപ്പോഴും ഒരു പ്രശ്‌നം മുന്നിലുണ്ടായിരുന്നു. മമ്മൂട്ടിയുമായി സുരേഷ് ഗോപി പിണക്കത്തിലായിരുന്നു. അതുകൊണ്ട് കമ്മിഷണറിലെ നായകനായ സുരേഷ് ഗോപി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമോ എന്ന് സംശയിച്ചു. പഴശ്ശിരാജയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാകാത്തതിനാല്‍ സുരേഷ് ഗോപിക്ക് വെച്ച വേഷം ശരത്കുമാറാണ് ചെയ്തത്. പക്ഷെ, സുരേഷ് ഗോപിയ താരമാക്കിയ ഷാജി കൈലാസും രണ്‍ജി പണിക്കരും വിളിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചു. ദേശീയ രാഷ്ട്രീയമായിരുന്നു സിനിമയുടെ ഇതിവൃത്തം. അതുകൊണ്ട് പാര്‍ലമെന്റ് മന്ദിരത്തിലുള്‍പ്പെടെ ചിത്രീകരിക്കണം. അനുമതി കിട്ടാന്‍ പ്രയാസമാണ്. രണ്‍ജി പണിക്കര്‍ ഇക്കാര്യം ഫാരിസിനോട് സംസാരിച്ചു. ഫാരിസ് ഉടനെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരത്തെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെയാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും നായകന്മാരായ ചിത്രം പാര്‍ലമെന്റ് വളപ്പില്‍ ഷൂട്ട് ചെയ്തത്. ഫാരിസിന്റെ ബന്ധങ്ങള്‍ അത്രയ്ക്ക് ശക്തമാണ്. 2013ല്‍ ഫാരിസ് അബൂബക്കര്‍ പ്രമുഖ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ കാര്‍ണിവലിന് മെട്രോ വാര്‍ത്ത പത്രം വിറ്റു. അതോടെ രണ്‍ജി പണിക്കരും സ്ഥാനം ഒഴിഞ്ഞു. അങ്ങനെ ഫാരിസ് അബൂബക്കര്‍ ചര്‍ച്ചകളില്‍ നിന്ന് അപ്രത്യക്ഷനായി. അദ്ദേഹത്തെ പൊതുജനം മറന്നു. കഴിഞ്ഞ ഡിസംബറില്‍ ഫാരിസിന്റെ പിതാവ് അന്തരിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോഴിക്കോട്ട് ചില പരിപാടികള്‍ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാരിസിന്റെ വീട് സന്ദര്‍ശിച്ചു.
ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് ഫാരിസിന്റെ ബന്ധുവാണെന്ന് പി.സി ജോര്‍ജ് പലതവണ ആരോപിച്ചിട്ടുണ്ട്. ഇതിനോട് മുഖ്യമന്ത്രിയോ, മുഹമ്മദ് റിയാസോ പ്രതികരിച്ചിട്ടില്ല. ഫാരിസിന്റെ കോഴിക്കോട്ടെ വീട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ വാര്‍ത്ത ചൊവ്വാഴ്ച ഇറങ്ങിയ പത്രങ്ങളിലെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ തിരുവനന്തപുരം എഡിഷനില്‍ മാത്രം ഈ വാര്‍ത്തയില്ല. അതിന് കാരണം തിരയേണ്ട കാര്യമില്ല. അത്രയ്ക്ക് ശക്തമാണ് ഫാരിസിന്റെ ബന്ധങ്ങള്‍.
https://www.facebook.com/Malayalivartha


























