ലോകായുക്തയിൽ ഞെട്ടിത്തരിച്ച് പിണറായി വിധി പ്രതികൂലമായാൽ രാജി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പിൽ ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്. 15 തട്ടിപ്പുകളിൽ പ്രാഥമിക അന്വേഷണം നടത്താനും വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും. ഓപ്പറേഷൻ സിഎംഡിആർഎഫ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. വ്യാജരേഖകള്‍ സമർപ്പിച്ച് അനർഹർ ധനസഹായം തട്ടിയെടുത്തതും ഇടനിലക്കാർ കൂട്ട് നിന്നതും കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ വ്യാജരേഖകൾ സമർപ്പിച്ച് തട്ടിപ്പ് നടന്നതായി തെളിഞ്ഞ 7 കേസുകൾ രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് ഡയറക്ടറുടെ തീരുമാനം.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്യുക. തലസ്ഥാനത്ത് മാത്രം 3 കേസുകൾ. 7 കേസുകളിലും പണം കൈപ്പറ്റിയത് അനർഹരാണെന്നാണ് കണ്ടെത്തൽ.ഇതേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം. 7 കേസുകളിലും ഡോക്ർടമാർ, റവന്യുഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ പങ്ക് വിശദമായി പരിശോധിച്ച് അവരേയും പ്രതികളാക്കും. 7 ന് പുറമെ ക്രമക്കേട് സംശയിക്കുന്ന മറ്റ് 15 കേസുകളിലും വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദ്ദേശം നൽകിയിട്ടുണ്ട്.അന്വേഷണത്തിന് പിന്നാലെ ധനസഹായത്തിന് പരിധി കൂട്ടണമെന്ന ശുപാർശയും വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. നിലവിലെ രണ്ട് ലക്ഷമെന്ന വരുമാന പരിധി ഉയർത്തണമെന്നാണ് ശുപാർശ. വരുമാനപരിധിക്ക് പുറത്തുള്ള രോഗം ബാധിച്ച ചിലരും സഹായത്തിന് അർഹരാണെന്ന കണ്ടെത്തലിനെ തുടർന്നാണിത്. മുഖ്യമന്ത്രിക്കും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും ഉത്തരവിറക്കാത്തത് ചൂണ്ടിക്കാട്ടി ലോകായുക്തയ്ക്കെതിരേ ഹൈക്കോടതിയിൽ ഹർജി. ഉത്തരവിറക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാറാണ് ഹർജി നൽകിയത്. ലോകായുക്ത രജിസ്ട്രാറാണ് എതിർകക്ഷി. ലോകായുക്തയുടെ അധികാരം കവരുന്ന ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ പ്രതികൂല വിധി വന്നാൽ സർക്കാർ പ്രതിസന്ധിയിലാകും.
കഴിഞ്ഞവർഷം മാർച്ച് 18നാണ് വാദം തീർന്നത്. ലോകായുക്ത ഉത്തരവ് പ്രതികൂലമായാൽ പിണറായിക്ക് മുഖ്യമന്ത്രി പദം രാജിവയ്ക്കേണ്ടി വരും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജനകീയ പ്രതിരോധ ജാഥ നടത്തിയത് ഈ കേസുകൂടി മുന്നിൽ കണ്ടാണോയെന്ന ചർച്ച രാഷ്ട്രീയ വൃത്തങ്ങളിൽ മുറുകുകയാണ്. എം.എൽ.എ കൂടിയായ ഗോവിന്ദന് മുഖ്യമന്ത്രികസേരയിൽ കണ്ണുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മുഖ്യമന്ത്രിക്കും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരായ കേസിലാണ് ലോകായുക്ത ഉത്തരവ് വൈകിപ്പിക്കുന്നത്. 2022 ഫെബ്രുവരി 5നാരംഭിച്ച വാദം മാർച്ച് 18ന് പൂർത്തിയായിരുന്നു. വാദത്തിനിടെ, അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനമൊഴിയണമെന്ന് പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന ലോകായുക്തയുടെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസിറക്കി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത ഉത്തരവിലാണ് ബന്ധുനിയമനക്കേസിൽ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചത്.
അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ. കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ എട്ടരലക്ഷം, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യക്ക് 20 ലക്ഷം എന്നിങ്ങനെ അനുവദിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് കേസ്. ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലുള്ളത്.
ലോകായുക്ത റിപ്പോർട്ട് ബന്ധപ്പെട്ട അധികാരിക്ക് കൈമാറിയാൽ 3 മാസത്തിനകം നടപടിയെടുത്തിരിക്കണം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ അധികാരി ഗവർണറും മന്ത്രി, സെക്രട്ടറിമാരുടേത് മുഖ്യമന്ത്രിയുമാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരാണ് വിധിയെങ്കിൽ അത് വേഗത്തിൽ നടപ്പാക്കാനേ ഗവർണർ ശ്രമിക്കൂ എന്ന് ഉറപ്പാണ്.
ആരോപണം ശരിയാണെന്ന് ലോകായുക്ത പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രി സ്ഥാനമൊഴിയണം. ഈ സ്ഥിതിയൊഴിവാക്കാനാണ് പതിനാലാംവകുപ്പ് ഒഴിവാക്കി നിയമഭേദഗതി കൊണ്ടുവന്നത്. ഭേദഗതിയിൽ മുഖ്യമന്ത്രിക്കെതിരേ നടപടിക്ക് ഗവർണറെ ഒഴിവാക്കി നിയമസഭയെ അധികാരിയാക്കി. മന്ത്രിക്കെതിരായ വിധിയിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരെ സ്പീക്കറും അപ്പലേറ്റ് അധികാരിയാവും.
https://www.facebook.com/Malayalivartha

























