ശിവശങ്കർ കാൻസർ രോഗബാധിതനെന്ന് അഭിഭാഷകൻ...എന്നാൽ നേരത്തെ അസുഖവിവരം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം തൊട്ടടുത്ത ദിവസം ജോലിയിൽ പ്രവേശിച്ചുവെന്ന് ആരോപണമുണ്ടല്ലോയെന്ന് കോടതി.. രേഖകൾ സമർപ്പിക്കണം
ലൈഫ് മിഷൻ കോഴക്കേസിലെ എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ രേഖകളാണ് സിംഗിൾ ബെഞ്ച് വിളിച്ചു വരുത്തുന്നത്. ശിവശങ്കറിനെതിരായ കേസുകൾ വ്യത്യസ്തമാണെന്ന വാദത്തിൽ വ്യക്തത വരുത്താനാണ് നടപടി. ശിവശങ്കറിന്റെ ജാമ്യഹർജിയിൽ അന്തിമ വാദം ഈ രേഖകൾ പരിശോധിച്ച ശേഷം നടത്തും.
ശിവശങ്കറിനെതിരെ കൈക്കൂലിയായി കിട്ടിയ പണം വിദേശത്തേക്ക് കടത്തിയെന്ന ഗുരുതര ആരോപണമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശിവശങ്കർ ക്യാൻസർ രോഗബാധിതനെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ നേരത്തെ അസുഖവിവരം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം തൊട്ടടുത്ത ദിവസം ജോലിയിൽ പ്രവേശിച്ചുവെന്ന് ആരോപണമുണ്ടല്ലോയെന്ന് കോടതി ശിവശങ്കറിന്റെ അഭിഭാഷകനോട് ആരാഞ്ഞു. ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഏപ്രിൽ ആദ്യ ആഴ്ചയിലേക്ക് മാറ്റി.
അതേസമയം കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും മറ്റ് തെളിവുകളും ഇ.ഡി മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. വേണുഗോപാൽ, സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികളടക്കമാണ് കൈമാറിയത്. മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നതിനെ ശിവശങ്കർ എതിർത്തെങ്കിലും കോടതി അനുവദിച്ചില്ല.ലൈഫ് മിഷൻ കോഴ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുവാനൊരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് .
വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വീടൊരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടാൻ 4.50 കോടി രൂപ കോഴയും കമ്മിഷനും നൽകിയെന്ന കള്ളപ്പണക്കേസിലാണ് ഇഡിയുടെ നിർണായക ഇടപ്പെടൽ. നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ കൂട്ടുപ്രതികളായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവർ കൂടാതെ നിർമാണ കമ്പനിയായ യൂണിടാക്കിന്റെ ഉടമ സന്തോഷ് ഈപ്പൻ എന്നിവരാണു ലൈഫ് മിഷൻ കേസിലെയും പ്രതികൾ. ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസ്, മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവരുടെ മൊഴികൾ നിർണായകമായി മാറുകയാണ്.
https://www.facebook.com/Malayalivartha