മിഷന്‍ അരിക്കൊമ്പന്‍ വിജയകരം... ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനുമായി എത്തിയ വാഹനവ്യൂഹം പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍.... കുമളിയില്‍ അരിക്കൊമ്പനെ പൂജയോടെ സ്വീകരിച്ചു; ആനയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി കുമളി പഞ്ചായത്തില്‍ ഇന്ന് രാവിലെ 7 മണിവരെ നിരോധനാജ്ഞ

ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനുമായി എത്തിയ വാഹനവ്യൂഹം പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍ പ്രവേശിച്ചു. ഇവിടെ നിന്ന് 22 കിലോമീറ്റര്‍ ദൂരെയാണ് ആനയെ തുറന്നുവിടുക. ആനയെ കൊണ്ടുവരുന്നത് പ്രമാണിച്ച് കുമളിയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ആനയെ കൊണ്ടുവരുന്നിടങ്ങളിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുന്നത് ഒഴിവാക്കാനാണ് ഇത്. പൂജ ചെയ്താണ് ആനയെ വനംവകുപ്പ് വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്
ശനിയാഴ്ച ഉച്ചയോടെയാണ് ആനയെ മയക്കുവെടിവെച്ച ശേഷം നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയത്. ശേഷം റേഡിയോ കോളര്‍ ഘടിപ്പിക്കുകയായിരുന്നു.
മേതകാനത്തേക്കുള്ള യാത്രയ്ക്കിടെ ആനയ്ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി. തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിബിഡമായ വനമേഖലയാണ് മേതകാനം. അരിക്കൊമ്പനെയും കൊണ്ടുള്ള ഇവിടേയ്ക്കുള്ള യാത്രയില്‍ ഏറെ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. വനംവകുപ്പ് സീനിയര്‍ വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്.
അരുണ്‍ സക്കറിയ, മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘമാണ് മേതകാനത്തേക്ക് അരിക്കൊമ്പനുമായുള്ള വാഹനത്തിന്റെ പിന്നിലുള്ളത്. അരിക്കൊമ്പനുമായി കടന്നുപോകുന്നതിന്റെ പശ്ചാത്തലത്തില്‍ കുമളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ചിന്നക്കനാല്‍-കുമളി റൂട്ടില്‍ വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തി.
അഞ്ചുവട്ടം മയക്കുവെടി വെച്ചതിന് പിന്നാലെ കോന്നി സുരേന്ദ്രന്‍, വിക്രം, സൂര്യന്‍, കുഞ്ചു എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്. കനത്തമഴ സൃഷ്ടിച്ച ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിച്ചുകൊണ്ടായിരുന്നു മിഷന്‍ അരിക്കൊമ്പന്‍ വിജയകരമായത്.
"
https://www.facebook.com/Malayalivartha

























