വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. കേരളത്തിൻ്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകളാണ് ഇത് രണ്ടും. അതിന്റെ പ്രധാന്യവും പ്രസക്തിയും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് ഒരുപാട് ആൾക്കാർ നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്.
അതുകൊണ്ട് റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. നമുക്കറിയാം വന്ദേഭാരതിൽ ഈ ഇടക്കാണ് കല്ലേറുണ്ടായത്. സർകോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂർ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. അതിനിടയിലാണ് അവിടെ തന്നെ സ്റ്റോപ്പ് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് അയച്ചിരിക്കുന്നത്.
വന്ദേ ഭാരത് ട്രെയിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നുവെന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജിയായിരുന്നു ഹൈക്കോടതി തള്ളിയത്.
https://www.facebook.com/Malayalivartha
























