ആദ്യം പർദ്ദയ്ക്കുള്ളിലെ മൊഞ്ചത്തി! ആരും മൈൻഡ് നോക്കാത്ത സാധാരണക്കാരനായി..! ഓടി തോൽപിക്കാൻ കഴിയാത്ത ജിതേഷിനെ അടപടലം പൂട്ടിയത് ലൗ സ്റ്റാർറ്റർജിയിൽ..!തൃപ്പൂണിത്തുറയിൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കൊലക്കേസ് പ്രതി പിടിയിലാത് ഇങ്ങനെ

തൃപ്പൂണിത്തുറയിൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ. പർദയണിഞ്ഞും വേഷം മാറിയും കാത്തു നിന്ന പോലീസ് ഒടുവിൽ തങ്ങളെ വട്ടം കറക്കിയ പ്രതിയെ പിടികൂടുകയായിരുന്നു. പിറവം ചെറുവേലിക്കുടിയിൽ ജിതേഷ് എന്ന 21-കാരനാണ് പിടിയിലായത്. പർദ ധരിച്ച് ഇൻസ്‌പെക്ടറും കൂലിപ്പണിക്കാരനായി പ്രിൻസിപ്പൽ എസ്‌ഐയും റെയിൽവേ സ്റ്റേഷൻ ഹോട്ടലിലെ പാചകക്കാരനായി എസ്‌ഐയും ഓട്ടോറിക്ഷ ഡ്രൈവറായി എഎസ്‌ഐയും വേഷം മാറിയാണ് പ്രതിയെ പിടികൂടിയത്.
പ്രതി ജിതേഷ് കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെയാണ് വേഷം മാറി പോലീസുകാർ സ്റ്റേഷനിൽ കാത്തു നിന്നത്. പ്രതിയായ ജിതേഷിനെ ചുറ്റുംവളഞ്ഞ് പിടികൂടിയപ്പോൾ മാത്രമാണ് ചുറ്റും നിന്നവർ പോലും ഇവർ പോലീസ് ഉദ്യോഗസ്ഥരാണെന്ന് മനസിലാക്കിയത്. വളരെ വേഗത്തിൽ ഓടുന്ന പ്രതിയെ ഓടിച്ചിട്ട് പിടികൂടാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വേഷം മാറാൻ പോലീസുകാർ തീരുമാനിച്ചത്.
ബൈക്ക് മോഷണ കേസിൽ തെളിവെടുപ്പിനായി കുറവിലങ്ങാട് വെമ്പള്ളിൽ ഭാഗത്ത് എത്തിച്ചപ്പോഴായിരുന്നു ഹിൽപാലസ് പോലീസിന്റെ കസ്റ്റഡിയിൽ നിന്നു വിലങ്ങോടെ പ്രതി കടന്നുകളഞ്ഞത്. ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിലാണ് ജിതേഷിനെ കോതനല്ലൂർ ഓമല്ലൂർ ഭാഗത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് തെളിവെടുപ്പിനായി പ്രതിയെ വെമ്പള്ളിയിൽ എത്തിച്ചു. ഈ സമയം പോലീസിനെ തള്ളിയിട്ട് ജിതേഷ് സമീപത്തെ വനത്തിലേക്ക് ഓടിമറഞ്ഞു. പ്രതിയെ പിടികൂടാൻ പോലീസുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഓടിപ്പോയ പ്രതി ഉഴവൂർ കല്ലട കോളനിയിലുള്ള പെൺസുഹൃത്തിന്റെ വീട്ടിലെത്തി. ശേഷം സുഹൃത്തിൽ നിന്നു വാങ്ങിയ മഴു ഉപയോഗിച്ച് റെയിൽവേ ലൈനിൽ വച്ച് കൈവിലങ്ങ് പൊട്ടിച്ച ശേഷം സമീപത്തെ പള്ളിയുടെ സ്‌കൂളിന്റെ വരാന്തയിൽ കഴിച്ചു കൂട്ടുകയും ചെയ്തു.
ജിതേഷ് തന്റെ പെൺസുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. രാത്രി പോലീസ് ജിതേഷിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽ കാത്തിരുന്നെങ്കിലും ജിതേഷ് എത്തിയില്ല. കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട് വഴിയാത്രക്കാരന്റെ ഫോണിൽ നിന്ന് ജിതേഷ് പെൺസുഹൃത്തിനെ വിളിച്ചതോടെ അവരെയും കൊണ്ട് പോലീസ് റെയിൽവേ സ്റ്റേഷനിലെത്തി. ശേഷം റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി പെൺസുഹൃത്തിന് സമീപം ബെഞ്ചിലിരുന്നപ്പോഴാണ് മഫ്തിയിൽ നിന്നിരുന്ന പോലീസ് പ്രതിയെ പിടികൂടിയത്. തിങ്കൾ രാത്രി 10-നാണ് കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പിറവത്ത് സെക്യൂരിറ്റി ജീവനക്കാരനെ ഹോളോ ബ്രിക്‌സ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി ഒട്ടേറെ വാഹന മോഷണ കേസുകളിലും ജിതേഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























