പാലക്കാട് മലമ്പുഴയിൽ യുവാവിനെയും പെൺകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലമ്പുഴയിൽ 14 വയസുകാരിയെയും 24കാരനെയും മരച്ചില്ലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്ജിത്ത്, പതിനാലുകാരി എന്നിവരെയാണ് വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പ് കാണാതായ ഇരുവരെയും കണ്ടെത്താന്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. രഞ്ജിത്തും, പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും സൗഹൃദം തുടരുന്നതില്‍ ബന്ധുക്കള്‍ക്കും പരാതിയുണ്ടായിരുന്നു. പിന്തിരിപ്പിക്കാന്‍ പലവട്ടം ശ്രമം നടന്നു.
ഇതിനിടയിലാണ് മൂന്ന് ദിവസം മുമ്പ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ മലമ്പുഴ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ ഇരുവരെയും കൃഷിയിടത്തിനോട് ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മന്ത്രിമാര്‍ ജില്ലയിലുണ്ടെന്ന കാരണം പറഞ്ഞ് പരാതി നല്‍കിയ ദിവസം തുടങ്ങി ഇരുവരെയും കണ്ടെത്താന്‍ പൊലീസ് ആത്മാര്‍ഥമായി ശ്രമിച്ചില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം.
പരാതി നല്‍കിയതിന് പിന്നാലെ ബന്ധുക്കളും സ്വന്തം നിലയില്‍ ഇരുവരെയും കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. അലംഭാവമുണ്ടായെന്ന ആക്ഷേപം മലമ്പുഴ പൊലീസ് നിഷേധിച്ചു. പാലക്കാട് എ.എസ്.പിയുടെ നേതൃത്വത്തിലാണ് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയത്.
https://www.facebook.com/Malayalivartha
























