സര്‍ക്കാരിന് ഹൈക്കോടതിയുടെ പാര, രാഷ്‌ട്രീയക്കാരുടെ ഇഷ്‌ടാനുസരണം ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നത് അവസാനിക്കുമെന്ന് സൂചന

രാഷ്‌ട്രീയക്കാരുടെ ഇഷ്‌ടാനുസരണം ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്ന പരിപാടി അവസാനിക്കുമെന്ന് സൂചന. ഹൈക്കോടതി വെച്ച പാരയാണ് കൊള്ളേണ്ടിടത്ത് കൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പിന് നിയോഗിക്കപ്പെടുന്ന ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ ഭൂരിപക്ഷവും വകയ്‌ക്ക് കൊള്ളാത്തവരാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് ഗതികെട്ടിട്ടാണ്. ഹൈക്കോടതിയില്‍ കേസ് നടത്തി പരിചയമുള്ളവരെ ഒഴിവാക്കുന്നതിനെതിരെയും ഹൈക്കോടതി ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ജസ്റ്റിസ് ഹാറൂണ്‍ ഉള്‍ റഷീദാണ് രാഷ്‌ട്രീയക്കാരെ പിടിച്ചുകുലുക്കിയ തീരുമാനം പറഞ്ഞത്.
അബ്‌കാരി കേസ് പ്രതികളായ രണ്ടുപേരെ കീഴ്‌കോടതി കുറ്റവിമുക്തമാക്കിയതിനെതിരെ 451 ദിവസം വൈകി അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ വക്കീലിന്റെ നടപടിയാണ് വിമര്‍ശനത്തിന് വിധേയമായത്. കേരള ഹൈക്കോടതിയില്‍ 138 സര്‍ക്കാര്‍ പ്ലീഡര്‍മാരാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവരിലാരെങ്കിലും അപ്പീല്‍ നല്‍കാത്തത് നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
അപ്പീല്‍ കാലതാമസം മാപ്പാക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്‌തു.
മാവേലിക്കര സ്വദേശിയാണ് കൊയിലാണ്ടിയില്‍ സ്‌പിരിറ്റ് കേസില്‍ പിടിയിലായത്. സ്‌പിരിറ്റ് പിടികൂടിയ ഉദ്യോഗസ്ഥന്‍ നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ടയാള്‍ ആയിരുന്നില്ലെന്ന് പറഞ്ഞാണ് 2011 ഡിസംബറില്‍ കൊയിലാണ്ടി കോടതി പ്രതികളെ വെറുതെ വിട്ടത്. 2012 ഫെബ്രുവരി 8 ന് വിധി എ. ജി ഓഫീസില്‍ ലഭിച്ചു. 451 ദിവസം അപ്പീല്‍ അപേക്ഷ എ. ജി ഓഫീസില്‍ കിടന്നു.
സര്‍ക്കാര്‍ കേസുകള്‍ പലപ്പോഴും ദയനീയമായി പരാജയപ്പെടാറാണ് പതിവ്. ഇതിനു കാരണം സര്‍ക്കാര്‍ അഭിഭാഷകരാണ്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാറുള്ളതു പോലെ കോടതികളില്‍ സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കുന്നതും രാഷ്‌ട്രീയക്കാര്‍ക്കുളള വീതംവയ്‌പാണ്. കൈക്കൂലി കൊടുത്തും സര്‍ക്കാര്‍ അഭിഭാഷകരാകുന്നവര്‍ കേരളത്തിലുണ്ട്. ഇക്കാര്യത്തില്‍ അഭിഭാഷകരുടെ മെറിറ്റ് നോക്കാറില്ല എന്നതാണ് അത്ഭുതം. ഘടകകക്ഷികളും ഭരണകക്ഷിയും തമ്മില്‍ അഭിഭാഷക നിയമനത്തിന്റെ പേരില്‍ വഴക്കുണ്ടാകുന്നതും പതിവാണ്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ അഭിഭാഷകരും രാഷ്‌ട്രീയ നോമിനികളാണ്. യാതൊരു മാനദണ്‌ഡവുമില്ലാതെ നിയമിക്കുന്ന ഇത്തരക്കാര്‍ സര്‍ക്കാരിനെ കൊള്ളയടിക്കുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha