കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എം.എസ്.സി എല്‍സ ത്രീ കപ്പലിലെ വസ്തുക്കള്‍ കണ്ടെടുക്കാനായി കടലില്‍ പോയ സംഘം പ്രവര്‍ത്തനം തുടങ്ങാനാവാതെ പ്രതിസന്ധിയില്‍...

കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എം.എസ്.സി എല്‍സ ത്രീ കപ്പലിലെ വസ്തുക്കള്‍ കണ്ടെടുക്കാനായി കടലില്‍ പോയ സംഘം പ്രവര്‍ത്തനം തുടങ്ങാനാവാതെ പ്രതിസന്ധിയില്‍. കൊല്ലം തുറമുഖത്തു നിന്ന് രണ്ട് കപ്പലിലായി ഈ മാസം 16ന് പുറപ്പെട്ട സംഘം കടലില്‍ തന്നെ തുടരുന്നു. ഉള്‍ക്കടല്‍ പ്രക്ഷുബ്ദമായി തുടരുന്നതാണ് പ്രശ്‌നമായുള്ളത്.
ഡി.എസ്.വി സതേണ്‍ നോവ, ഓഫ്‌ഷോര്‍ മൊണാര്‍ക്ക് എന്നീ കപ്പലുകളിലായി 105 അംഗങ്ങളാണ് സാല്‍വേജ് സംഘത്തിലുള്ളത്. കരയില്‍ നിന്ന് 35-40 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ മുങ്ങിയ ഭാഗത്താണ് സംഘം ഇപ്പോഴുള്ളത്. ഇവര്‍ക്കുള്ള വെള്ളം, ഭക്ഷണം എന്നിവയുമായി അഞ്ചു ദിവസം മുമ്പ് കടലില്‍ പോയ ടഗ് വ്യാഴാഴ്ച കൊല്ലം പോര്‍ട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
ഭക്ഷണ സാധനവുമായി അടുത്ത ദിവസം ടഗ് വീണ്ടും കടലിലേക്ക് പോകും. എല്‍സ ത്രീയിലെ ബങ്കര്‍ ഓയില്‍, അപകടകരമായ വസ്തുക്കള്‍ എന്നിവ കണ്ടെടുക്കുകയാണ് പ്രഥമ ദൗത്യമായുള്ളത്. കൂടാതെ കടലില്‍ മുങ്ങിയ അഞ്ഞൂറോളം കണ്ടൈയ്‌നറുകളില്‍ സാധ്യമായവയും വീണ്ടെടുക്കേണ്ടതുണ്ട്. മുംബൈ ആസ്ഥാനമായ മെര്‍ക്ക് സാല്‍വേജ് ഓപ്പറേഷന്‍സ് കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം.
"
https://www.facebook.com/Malayalivartha