സർക്കാർ ഖജനാവ് നിറച്ച് കുടിയന്മാർ...നാട്ടിലെമ്പാടുമുള്ള കള്ളുഷാപ്പുകള്‍ നവീകരിച്ച് അവിടങ്ങളില്‍ കള്ളെത്തിച്ച് കൂടുതല്‍ മദ്യപാനികളെ ആകർഷിക്കും....കള്ള് ഇനി മേലില്‍ വെറും കള്ളല്ല, കെ-ടോഡിയാണ്.....

മദ്യോല്‍പ്പാദനത്തിനും മദ്യവിതരണത്തിനും മദ്യപാനത്തിനുമുള്ള ഏതാണ്ട് എല്ലാ നിയന്ത്രണങ്ങളും തടസ്സങ്ങളും എടുത്തുകളഞ്ഞ് പുതിയ അബ്കാരി നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. പുതിയ ബാര്‍ ലൈസന്‍സ് നല്‍കിയും അടഞ്ഞുകിടക്കുന്നവ തുറക്കാന്‍ അനുവദിച്ചും, റസ്റ്ററന്റുകളിലും വ്യവസായ പാര്‍ക്കുകളിലുമൊക്കെ മദ്യവിതരണത്തിന് പച്ചക്കൊടി കാട്ടിയും ഈ രംഗത്ത് ഒരു വിപ്ലവംതന്നെ സൃഷ്ടിക്കാനാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. നാട്ടിലെമ്പാടുമുള്ള കള്ളുഷാപ്പുകള്‍ നവീകരിച്ച് അവിടങ്ങളില്‍ കള്ളെത്തിച്ച് കൂടുതല്‍ മദ്യപാനികളെ ആകര്‍ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ടൂറിസ്റ്റു റിസോര്‍ട്ടുകളില്‍ സ്വന്തമായി കള്ളുചെത്തി ഉപയോഗിക്കാനും അനുവാദം നല്‍കിയിരിക്കുകയാണ്. കള്ള് ഇനി മേലില്‍ വെറും കള്ളല്ല, കെ-ടോഡിയാണ്. പരമാവധി സ്ഥലങ്ങളില്‍ കഴിയാവുന്ന വിധമൊക്കെ കള്ളുല്‍പ്പാദനം വര്‍ധിപ്പിക്കും.
പ്ലാന്റേഷന്‍ അടിസ്ഥാനത്തിലും കള്ളുല്‍പ്പാദനം നടത്തും. തെങ്ങില്‍നിന്നുള്ള കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനഃക്രമീകരിക്കും! ദിനംതോറുമുള്ള വില്‍പ്പനയ്ക്കുശേഷം അധികംവരുന്ന കള്ള് ഒഴുക്കിക്കളയാതെ വിന്നാഗിരിയും മറ്റും നിര്‍മിക്കുമത്രേ. കുടുംബശ്രീ വനിതകളെയും ഇതിലേക്ക് കൊണ്ടുവരും!! ചുരുക്കത്തില്‍ മദ്യപന്മാര്‍ക്കും ബാറ് മുതലാളിമാര്‍ക്കും ആനന്ദലബ്ധിക്കിനിയെന്തുവേണം എന്നാണ് സര്‍ക്കാര്‍ പരോക്ഷമായി ചോദിച്ചിരിക്കുന്നത്.ഏതായാലും ഇതുംകൂടെ ആകുമ്പോൾ മദ്യപാനികളായ മലയാളികൾ ഹാപ്പി. പ്രതിദിനം കുടിച്ച് സർക്കാർ ഖജനാവിന് നൽകുന്നത് 50-കോടി; രണ്ടുവർഷത്തിനിടെ മലയാളി അകത്താക്കിയത് 31,912-കോടിയുടെ വിദേശമദ്യം; ദിനംപ്രതി സേവിക്കുന്നത് ആറ് ലക്ഷത്തോളം ലിറ്റർ; പ്രതിമാസ നികുതി 1,022-കോടിയിലധികം. കുടിച്ച് കുടിച്ച് സർക്കാർ ഖജനാവ് നിറയ്‌ക്കാൻ മത്സരിച്ച് കേരളീയർ. ഞെട്ടിക്കുന്ന കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. ബെവ്‌കോ കണക്കുപ്രകാരം രണ്ട് വർഷത്തിനിനിടെ മലയാളികൾ പ്രതിദിനം കുടിച്ചുതീർക്കുന്ന മദ്യത്തിൽ ഒരു ലക്ഷം ലിറ്ററിന്റെ വർദ്ധനവുണ്ടായെന്ന് വ്യക്തമാവുന്നു.
പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ ഹരിദാസിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയിലാണ് മലയാളിയുടെ ഈ മദ്യപാന കണക്കുകൾ ലഭ്യമായത്. അതേസമയം 2022 സെപ്തംബർ വരെ വിമുക്തി പദ്ധതിക്കായി സർക്കാർ ചെലവിട്ടതാകട്ടെ വെറും 44-കോടി രൂപയാണ്.പ്രതിദിനം 50 കോടിയോളം രൂപ വിലവരുന്ന ആറു ലക്ഷം ലിറ്റർ മദ്യമാണ് മലയാളികൾ അകത്താക്കുന്നത്. 2021ൽ ബെവ്കോ നൽകിയ കണക്കുപ്രകാരം പ്രതിദിന വിൽപ്പന അഞ്ചുലക്ഷം ലിറ്ററായിരുന്നെങ്കിൽ 2023 മേയ് വരെയുള്ള കണക്കുപ്രകാരം മദ്യത്തിന്റെ വിൽപ്പന പ്രതിദിനം ആറുലക്ഷം ലിറ്ററായി ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























