ഊരുവിലക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാരൻ നാട്ടിലില്ല! പ്രമുഖന്റെ വിക്കറ്റെടുത്ത് ശോഭ സുരേന്ദ്രന്‍... പിണറായിയുടെ വീട്ടിലേക്ക് കോടികൾ!

ബിജെപി നേതൃത്വത്തിന് നേരെ വീണ്ടും ഒളിയമ്പുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. തന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കഞ്ഞി കുടിക്കാൻ വകയില്ലാത്ത ഒരു വീട്ടിൽ ജനിച്ച് ഒരു കുഗ്രാമത്തിൽ നിന്ന് വളരെ ബുദ്ധിമുട്ടി ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ, ഒരു ഊരുവിലക്കിനെയും താൻ ഭയക്കുന്നില്ലെന്ന് ശോഭ തുറന്നടിച്ചു.
കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രനെതിരെ നടപടിയെടിക്ക് അനുമതി തേടി സുരേന്ദ്രൻ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായാണ് വിവരം ലഭിക്കുന്നത്. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി തുടർച്ചയായി പരസ്യ പ്രസ്താവന നടത്തി ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പരാതി.
എഐ ക്യാമറ വിവാദത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ പരാതികളാണ് കെ. സുരേന്ദ്രൻ ഉന്നയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുക്കാനാണ് അനുമതി തേടിയത്. കേന്ദ്ര നേതൃത്ത്വത്തിന് രേഖാമൂലം പരാതി നൽകി എന്നാണ് സൂചന. ഇന്ന് ഡൽഹിയിലെത്തിയ കെ. സുരേന്ദ്രൻ വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കളെ കാണും. ഈ സാഹചര്യത്തിൽ ഒരു പരസ്യ പ്രതികരണം നടത്തുകയാണ് ശോഭ.
‘‘എന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്റെ മണ്ണിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, കഞ്ഞികുടിക്കാൻ വകയില്ലാത്ത ഒരു വീട്ടിൽ ജനിച്ച്, വളരെ ബുദ്ധിമുട്ടി തെക്കുംകര എന്ന ചെറിയ പഞ്ചായത്തിലെ മണലിത്തറ എന്നു പറയുന്ന കുഗ്രാമത്തിൽ ഭക്ഷണത്തിനു ഗതിയില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ തുടങ്ങിയിട്ട് ഇന്ന് ഇവിടെ വരെ എത്തിനിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, ഒരു ഊരുവിലക്കിനെയും ഭയപ്പെടുന്ന രാഷ്ട്രീയ നേതാവല്ല ഞാൻ എന്നു മാത്രമാണ് എനിക്ക് ഇതേക്കുറിച്ച് പറയാനുള്ളത്.’
‘‘ഇന്നലെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന ഞാനും കണ്ടു. ശോഭാ സുരേന്ദ്രനെതിരെ താൻ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി എനിക്കെതിരെ പരാതി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, സംസ്ഥാന അധ്യക്ഷന് ഫ്ലൈറ്റ് ടിക്കറ്റെടുത്ത് പൈസയും കളഞ്ഞ് അതിനായി പോകേണ്ട കാര്യമുണ്ടോ? ഒരു മെയിൽ അയച്ചാൽ പോരേ?
ഇവിടെ നിന്ന് മെയിൽ അയച്ച് പറയാനുള്ള കാര്യങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചാൽ പോരേ? കഴിഞ്ഞ അഞ്ചെട്ടു വർഷമായി ദേശീയ നേതൃത്വം നൽകുന്ന ചുമതലകൾ കൃത്യമായി നിർവഹിച്ച് മുന്നോട്ടു പോകുന്ന ഒരു സാധാരണക്കാരിയാണ് ഞാൻ. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു വാർത്തയും എന്നെ ഭയപ്പെടുത്തുന്നില്ല. എന്നെ വേദനിപ്പിക്കുന്നുമില്ല. ഒരു തീരുമാനമെടുത്ത് കളത്തിലിറങ്ങിയാൽ പിൻമാറുന്ന സ്വഭാവവും എനിക്കില്ല.’
‘‘ഈ പാർട്ടിയുടെ പ്രവർത്തനം സുതാര്യമായിരിക്കണം എന്നു പഠിപ്പിച്ച നരേന്ദ്ര മോദിയുടെയും അഖിലേന്ത്യാ നേതാക്കളുടെയുമെല്ലാം ആശീർവാദത്തോടെ തന്നെയാണ് കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടു പോകേണ്ടത്. അത് അങ്ങനെത്തന്നെയായിരിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട’ – ശോഭ പറഞ്ഞു.
പാര്‍ട്ടിയുടെ അച്ചടക്കം താന്‍ ലംഘിച്ചിട്ടില്ലെന്നും തടസങ്ങള്‍ തട്ടി നീക്കി മുന്നോട്ടു പോകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്. തന്നെ പാര്‍ട്ടിയുടെ ഭാഗമാക്കാതിരിക്കനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ ആ വെള്ളം വാങ്ങിവെച്ചേക്കെന്നും ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നതെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.
എഐ ക്യാമറാ പദ്ധതിയിലെ തട്ടിപ്പുകൾ മനസിലാക്കി ആദ്യം തന്നെ പിന്മാറിയ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജെയിംസ് പാലമുറ്റം അടക്കമുള്ളവർ ഭീഷണി നേരിടുന്നതായും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ജെയിംസ് പാലമുറ്റം തന്നെ വന്നു കണ്ടിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മാഫിയ സംഘം പല വ്യവസായികളെയും ഭീഷണിപ്പെടുത്തുകയാണ്. ഇക്കാര്യങ്ങൾ മനസിലാക്കി ദേശീയ ഏജൻസികൾ ഇടപെടണമെന്നും ശോഭ തൃശൂരിൽ പറഞ്ഞു.
എ ഐ ക്യാമറയിൽ വലിയ ഗൂഡാലോചന നടത്തി. പിണറായിയുടെ വീട്ടിലേക്ക് കോടികൾ കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നത്. രാജ്യത്തോടുള്ള ഉത്തരവാദിത്തം ഇഡി ഉൾപ്പടെയുള്ളവർ നിറവേറ്റണം. ജനങ്ങൾക്ക് വേണ്ടി ദേശീയ ഏജൻസി പ്രവർത്തിക്കണം. വീണയ്ക്കും വിവേകിനും വിവേകിന്റെ അമ്മായപ്പനും പിണറായിയുടെ ഭാര്യക്കും മാത്രം കേരളത്തിൽ ജീവിച്ചാൽ പോരാ എന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
https://www.facebook.com/Malayalivartha
























