അപ്പീല്‍ പോലുമില്ലാത്ത ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡാണ് വീണ വിജയന്റെ അനധികൃത ഇടപാട് കണ്ടെത്തി നികുതി വെട്ടിപ്പിന്റെ ഭാഗമാക്കിയത്. മൊഴി മാറ്റി പറയിക്കാനും രേഖകള്‍ തിരുത്താനുമുള്ള ശ്രമങ്ങളെയെല്ലാം ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കയ്യോടെ പൊക്കുകയും ചെയ്തു. പ്രമുഖ കരിമണല്‍ വ്യവസായിയുടെ സ്ഥാപനത്തില്‍ നിന്നാണ് വീണ വിജയന്‍ മാസപ്പടി കൈപറ്റി കൊണ്ടിരുന്നതെന്നതും ശ്രദ്ധേയമാണ്

കേരളം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചര്‍ച്ചയ്ക്ക് വാതില്‍ തുറന്ന ദിവസം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലും പുറത്തു വന്നത് തികച്ചും യാദൃശ്ചികമാണെങ്കിലും കേരള രാഷ്ട്രീയത്തില്‍ വലിയ കൊടുങ്കാറ്റഴിച്ചു വിടും എന്ന കാര്യത്തില്‍ സംശയമില്ല. അപ്പീല്‍ പോലുമില്ലാത്ത ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡാണ് വീണ വിജയന്റെ അനധികൃത ഇടപാട് കണ്ടെത്തി നികുതി വെട്ടിപ്പിന്റെ ഭാഗമാക്കിയത്. മൊഴി മാറ്റി പറയിക്കാനും രേഖകള്‍ തിരുത്താനുമുള്ള ശ്രമങ്ങളെയെല്ലാം ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കയ്യോടെ പൊക്കുകയും ചെയ്തു.
പ്രമുഖ കരിമണല്‍ വ്യവസായിയുടെ സ്ഥാപനത്തില്‍ നിന്നാണ് വീണ വിജയന്‍ മാസപ്പടി കൈപറ്റി കൊണ്ടിരുന്നതെന്നതും ശ്രദ്ധേയമാണ്. വീണയുടെ കമ്പനിയുണ്ടാക്കിയ വ്യാജ കരാറിന്റെ പേരിലാണ് മാസപ്പടിയായി കോടികള്‍ എത്തിയിരുന്നത്. ആദായ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുന്ന രേഖകളില്‍ നിന്നാണ് വീണ വിജയനിലേയ്ക്ക് പണം ഒഴുക്കുന്ന രേഖകള്‍ കിട്ടിയത്.
വീണവിജയന്റെ ബാംഗ്ലൂരിലെ കമ്പനിയില്‍ നിക്‌ഷേപിച്ചിരിക്കുന്ന കോടികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട് .കേരളത്തിലെ ഒരു പൊതുപ്രവര്‍ത്തകന്റെ കുടുംബത്തിന് ഇത്രയധികം തുക എവിടെ നിന്ന് ആരൊക്കെയാണ് നല്കിയതെന്ന വിവരങ്ങള്‍ ഉടന്‍ ആദായ നികുതി വകുപ്പ് പുറത്തു വിടുമെന്നാണറിയുന്നത്.വീണ വിജയന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് അഥവാ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍നിന്നു മാത്രം മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഈ പണം നല്‍കിയത് പ്രമുഖ വ്യക്തി അതായത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് കണ്ടെത്തിയിരിക്കുന്നു.
വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യന്‍സും ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി, സോഫ്റ്റ്വെയര്‍ േസവനങ്ങള്‍ നല്‍കാമെന്നു സിഎംആര്‍എലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നല്‍കിയില്ല. ജോലിയൊന്നും ചെയ്തിട്ടുമില്ല.എന്നാല്‍, കരാര്‍പ്രകാരം മാസം തോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍.ശശിധരന്‍ കര്‍ത്താ ആദായനികുതി വകുപ്പിനു മൊഴി നല്‍കിയതാണ് ബോര്‍ഡ് പരിഗണിച്ചത്. 2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് പണം നല്‍കിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വര്‍ സിങ്, എം.ജഗദീഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട സെറ്റില്‍മെന്റ് ബോര്‍ഡ് ബെഞ്ച് വ്യക്തമാക്കി.
ബാങ്ക് മുഖേനയാണ് പണം നല്‍കിയത്. ബിസിനസ് ചെലവുകള്‍ക്കു പണം നല്‍കുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാല്‍, വീണയ്ക്കും കമ്പനിക്കും നല്‍കിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു.
2019 ജനുവരി 25ന് സിഎംആര്‍എലിന്റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2013-14 മുതല്‍ 2019-20 വരെയുള്ള നികുതിയടവു രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കമ്പനിയുടെ ചെലവുകള്‍ പെരുപ്പിച്ചുകാട്ടി വന്‍തോതില്‍ നികുതി വെട്ടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. സിഎംആര്‍എലും ശശിധരന്‍ കര്‍ത്തായും 2020 നവംബറില്‍ നല്‍കിയ സെറ്റില്‍മെന്റ് അപേക്ഷയിലാണ് കഴിഞ്ഞ ജൂണ്‍ 12നു ബോര്‍ഡ് ഉത്തരവിട്ടത്.ചില പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നല്‍കിയതിന്റെ തെളിവുകള്‍ സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്.സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു ലഭിച്ചത്. സിഎംആര്‍എലുമായി വീണയും എക്‌സാലോജിക്കും ഉണ്ടാക്കിയ കരാറുകളുടെ രേഖയും ഈ പരിശോധനയില്‍ ലഭിച്ചു. എന്നാല്‍ വീണയുടെ സ്ഥാപനത്തിന് പണം കടത്താനായി മാത്രമാണെന്ന് കരാറെന്ന് കണ്ടെത്തുക എളുപ്പമായിരുന്നു.
വീണയില്‍നിന്ന് ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി സേവനങ്ങള്‍ ലഭിക്കാന്‍ 2016 ഡിസംബറിലാണ് സിഎംആര്‍എല്‍ കരാറുണ്ടാക്കിയത്. സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ക്കായി വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി 2017 മാര്‍ച്ചില്‍ മറ്റൊരു കരാറുണ്ടാക്കി. ഇവയനുസരിച്ച് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്‌സാലോജിക്കിന് പ്രതിമാസം 3 ലക്ഷവും നല്‍കണമായിരുന്നു. ലഭ്യമായ കണക്കനുസരിച്ച് വീണയ്ക്ക് 55 ലക്ഷം, എക്‌സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കിട്ടി. കരാര്‍പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങള്‍ക്കും അറിയില്ലെന്ന് സിഎംആര്‍എലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്.സുരേഷ്‌കുമാറും ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ്‌കുമാറും മൊഴി നല്‍കി. മൊഴി പിന്‍വലിക്കാനായി കര്‍ത്തായും കമ്പനി ഉദ്യോഗസ്ഥരും പിന്നീടു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. എന്നാല്‍, നിയമവിരുദ്ധമായാണ് വീണയ്ക്കും എക്‌സാലോജിക്കിനും പണം നല്‍കിയതെന്ന വാദത്തില്‍ ആദായനികുതി വകുപ്പ് ഉറച്ചുനിന്നു.
ആദായനികുതി നിയമത്തിലെ 245എ എ വകുപ്പു പ്രകാരമുള്ളതാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ്. ഇവരുടെ തീരുമാനം അന്തിമമാണ്, അപ്പീലിനു വ്യവസ്ഥയില്ല. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നല്‍കുന്ന സെറ്റില്‍മെന്റ് അപേക്ഷയാണ് ബോര്‍ഡ് പരിഗണിക്കുന്നത്. ആദായനികുതി വകുപ്പ് എതിര്‍കക്ഷിയായി വാദങ്ങള്‍ ഉന്നയിക്കും. തെളിവുകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ തീര്‍പ്പാക്കുകയും ചെയ്തു. ഇനി ആദായ നികുതി വകുപ്പ് നിര്‍ദ്ദേശിക്കുന്ന നികുതി അടച്ചാലേ നികുതി വെട്ടിപ്പില്‍ നിന്നും രക്ഷനേടാനാകു. നിയമപരമായി കോടതിയില്‍ ചോദ്യം ചെയ്യാന്‍ പോലും വീണ വിജയന് അവകാശമില്ല.
അതേസമയം, രേഖകള്‍ വഴി വീണയ്ക്ക് 1.72 കോടി രൂപ നല്കിയെങ്കില്‍ രേഖകളില്ലാത്തെ നല്കിയ തുകയുടെ കണക്കിനെ കുറിച്ചും സംശയമുയരുന്നുണ്ട്. കരിണണല്‍ വ്യവസായിയുമായി വീണയുടെ കമ്പനിയ കരാര്‍ ഉണ്ടാക്കിയത് പണം ഒഴുക്കാന്‍ വേണ്ടിയായിരുന്നെന്ന് വ്യക്തമാണ്. എന്നാല്‍ കരിമണല്‍ കമ്പനി എന്തിനുവേണ്ടിയാണ് പണം നല്കിയതെന്ന ചോദ്യം എത്തി നില്ക്കുന്നത് പിണറായി വിജയനിലേയ്ക്കാണ് .സര്‍ക്കാര്‍ നല്കിയ വഴിവിട്ട സഹായത്തിന് കരിമണല്‍ കമ്പനിയില്‍ നിന്നും കമ്മിഷന്‍ അല്ലെങ്കില്‍ കൈക്കൂലി വാങ്ങാനായാണ് വ്യാജ കരാറുണ്ടാക്കി പണം വാങ്ങിയതെന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
അപ്പീലില്ലാത്ത സമിതിയുടെ തീരുമാനത്തെ വെള്ളപൂശാനും വെളുപ്പിക്കാനും സിപിഎം ന്യായീകരണ തൊഴിലാളികള്‍ പുതിയ അടവുകളുമായി എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പകല്‍വെളിച്ചം പോലെ ഉത്തരം പറയുന്ന രേഖകള്‍ നിഷേധിക്കാന്‍ വലിയ വിയര്‍പ്പൊഴുക്കേണ്ടി വരും.
പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ഒരിടത്തും അതിരുവിട്ട് എതിരാളികളെ ഉപദ്രവിക്കുകയോ അവരുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുകയോ ചെയ്യാത്ത വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ മരണ ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തന്നെ പിണറായി വിജയന്റെ മകള്‍ക്കെതിരെയുള്ള ആരോപണം കത്തിക്കയറുമെന്നത് മറ്റൊരു നിയോഗമാണ്. ഉമ്മന്‍ചാണ്ടിയേയും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഓരോ വ്യക്തിയേയും കടന്നാക്രമിക്കാന്‍ സിപിഎം നേതാക്കള്‍ നടത്തിയിട്ടുള്ള ആവേശം കേരളം കണ്ടിട്ടുള്ളതാണ്. അവിടേയ്ക്കാണ് ആരോപണമല്ല, തെളിവുകള്‍ സഹിതം മുഖ്യന്റെ പേരില്‍ മകള്‍ നടത്തിക്കൊണ്ടിരുന്ന കൊള്ള പുറത്തു വന്നിരിക്കുന്നത്. സിപിഎമ്മില്‍ ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ പിണറായിയുടെ മകളുടെ സമ്പാദ്യത്തെ കുറിച്ച് സംശയം ഉന്നയിച്ച നേതാക്കള്‍ക്ക്ും ഇത് വീണുകിട്ടിയ അവസരമാണ്. എന്തായാലും വീണ വിജയന്റെ എല്ലാ സമ്പാദ്യത്തിലേയ്ക്കും അന്വേഷണ ഏജന്‍സികള്‍ ഇരച്ചു കയറുന്ന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്.അതില്‍ മുഖ്യന്റെ പങ്കെന്തെന്ന് കൂടുതല്‍ വ്യക്തമാകാനായാണ് കേരളം കാത്തിരിക്കുന്നതും.
https://www.facebook.com/Malayalivartha

























