പ്ലസ് വണ്‍ പ്രവേശന നടപടികള്‍ 21 ന് അവസാനിപ്പിക്കും.... ജില്ലയ്ക്കകത്തെ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറും പൂര്‍ത്തിയായി

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ 21 ന് അവസാനിപ്പിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രവേശനത്തിനുശേഷം ജില്ലാ/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറും കഴിഞ്ഞിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ മെറിറ്റ് അധിഷ്ഠിത സ്പോട്ട് അഡ്മിഷനും അനുവദിച്ച് നടപടികള്‍ അവസാനിപ്പിക്കുമെന്ന് എം വിജിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.
ജില്ലയ്ക്കകത്തെ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറും പൂര്‍ത്തിയായി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞവര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും മാറ്റി നല്‍കിയതുമായ 81 ബാച്ചും മാര്‍ജിനല്‍ സീറ്റ് വര്‍ധനവും ഈ വര്‍ഷവും തുടര്‍ന്നു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളിലും 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചു.
ആവശ്യപ്പെടുന്ന സ്‌കൂളുകള്‍ക്ക് 10 ശതമാനംകൂടി വര്‍ധന ഉറപ്പാക്കി. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചു.
മലബാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റ് അപര്യാപ്തതയുള്ള 14 സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 14 ബാച്ചുകള്‍ മാറ്റിനല്‍കി. മലബാര്‍ മേഖലയില്‍ താല്‍ക്കാലികമായി 97 ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ കൂടി അനുവദിച്ചു.
https://www.facebook.com/Malayalivartha

























