ഒരു ‘ഫ്ലയിങ് കിസ്’; ഇത്രക്ക് പേടിയോ..? 'ഫ്ലൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ല’’ ....വിമർശനവുമായി നടൻ പ്രകാശ് രാജ്...

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ‘ഫ്ലയിങ് കിസ്’ പരാതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചശേഷം മടങ്ങുമ്പോൾ രാഹുൽ ഗാന്ധി ബിജെപി ബെഞ്ചുകൾക്കു നേരെ ‘ഫ്ലയിങ് കിസ്’ നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. ഇതിനെതിരെ ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്കു പരാതി നൽകിയിരുന്നു. സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം രാഹുൽ പെരുമാറിയെന്നായിരുന്നു ആരോപണം.സ്മൃതി ഇറാനി ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന വാർത്താ ഏജൻസിയായ എഎൻഐയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷ വിമർശനം ഉയർത്തിയത്. സ്മൃതി ഇറാനിക്ക് ‘ഫ്ലയിങ് കിസ്’ കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും, മണിപ്പുരിലെ സ്ത്രീകൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ വിമർശനം.
‘‘മുൻഗണനകളാണ് പ്രശ്നം. ഫ്ലൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ല’’ – #manipurwomen #ManipurVoilence #justasking എന്നീ ഹാഷ്ടാഗുകൾ സഹിതം പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചും,പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നുവെന്ന് വിമർശിച്ചുമാണ് അസമിൽനിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം ദിനം പ്രസംഗിച്ച രാഹുൽ ഗാന്ധി, മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു.ഈ പ്രസംഗത്തിനു ശേഷം രാഹുൽ മടങ്ങുമ്പോഴാണ്, ഫ്ലയിങ് കിസ് വിവാദം ഉയർന്നത്. രാഹുൽ മടങ്ങുന്ന സമയത്ത് ബിജെപി അംഗങ്ങൾ കൂവിയിരുന്നു.
സന്ദർശക ഗാലറിയിലുണ്ടായിരുന്ന കെ.സി.വേണുഗോപാലിനും മറ്റു കോൺഗ്രസ് നേതാക്കൾക്കും നേരെ കൈവീശിക്കാണിച്ച ശേഷം ബിജെപി ബെഞ്ചുകൾക്കു നേരെയും രാഹുൽ കൈവീശിയിരുന്നു. ഇതിനെതിരെയാണ് ആരോപണം ഉയർന്നത്. എന്നാൽ, ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഞാൻ അങ്ങനെയൊന്നും കണ്ടില്ല’ എന്നായിരുന്നു ബിജെപി എംപിയായ ഹേമമാലിനിയുടെ മറുപടി. അവിശ്വാസപ്രമേയ ചർച്ചയിൽ പ്രസംഗം കഴിഞ്ഞു മടങ്ങവെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ബിജെപി ബെഞ്ചുകൾക്കുനേരെ ‘ഫ്ലയിങ് കിസ്’ നൽകിയെന്ന കേന്ദ്രമന്ദ്രി സ്മൃതി ഇറാനിയുടെ ആരോപണത്തിൽ പ്രതികരണവുമായി ശിവസേന (ഉദ്ധവ് വിഭാഗം) എംപി പ്രിയങ്ക ചതുർവേദി. അതു ‘സ്‌നേഹപൂര്‍വം’ ആണെന്ന് അവർ പറഞ്ഞു.‘അദ്ദേഹം സംസാരിക്കുമ്പോൾ മന്ത്രിമാരെല്ലാം എഴുന്നേറ്റുനിന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മന്ത്രിമാർ തടസം സൃഷ്ടിച്ചു. അദ്ദേഹം സ്നേഹപൂർവം കാണിച്ചതാണ്.
അതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആംഗ്യം മനസ്സിലാക്കാൻ കഴിയാത്തത്ര വിദ്വേഷമാണ് നിങ്ങളിലുള്ളത്’’– അവർ പറഞ്ഞു. ‘‘നിങ്ങൾ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. അദ്ദേഹത്തിന്റെ വസതിയിൽനിന്ന് പുറത്താക്കി. കേസുകളിൽ വിജയിച്ച് അദ്ദേഹം തിരിച്ചെത്തി. എന്നിട്ടും, അദ്ദേഹം നിങ്ങളോടു വിദ്വേഷത്തോടെയല്ല സംസാരിക്കുന്നത്. നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ അതു നിങ്ങളുടെ പ്രശ്നമാണ്. മറ്റാരുടെയും പ്രശ്നമല്ല’’– അവർ കൂട്ടിച്ചേർത്തു.രാഹുൽ ‘ഫ്ലയിങ് കിസ്’ നൽകിയെന്ന ആരോപണത്തിൽ, അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ സഖ്യത്തിലെ വനിതാ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തയച്ചിരുന്നു.
https://www.facebook.com/Malayalivartha

























