ബിനീഷിനും വീണയ്ക്കും രണ്ട് നീതി കോടിയേരുടെ കസേര തെറിപ്പിച്ച സി.പി.എം പിണറായിയെ ചുമക്കുന്നതെന്ത് ന്യായം

സി.പി.എമ്മിന്റെ പല നേതാക്കളും മുമ്പ് രഹസ്യമായി പറയുന്നൊരു ആക്ഷേപമുണ്ടായിരുന്നു ' ബിനിഷ് കോടിയേരി നിമിത്തം പാര്‍ട്ടി നാണംകെടുന്നു'. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും അതിന് ശേഷവും ബിനീഷ് കോടിയേരിക്കെതിരെ നിരവധി ആരോപണങ്ങളും കേസുകളും ഉണ്ടായപ്പോഴെല്ലാം ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെയും ഭാര്യയേയും മക്കളെയും എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി സെക്രട്ടറിയായിരുന്ന പിണറായി ശാസിച്ചെന്ന് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. വിവാദമായ മെര്‍ച്ചിസ്റ്റണ്‍ ഭൂമിയിടപാടിലെ കുറ്റാരോപിതനായ സേവി മനോമാത്യുവും ബിനീഷ് കോടിയേരിയും തമ്മില്‍ അവിശുദ്ധബന്ധമുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. അന്നിത് വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. കേസുകളും വിവാദങ്ങളും തുടര്‍ക്കഥയായതോടെ കോടിയേരി ബിനീഷിനെ വിദേശത്ത് ജോലിക്കയച്ചു. വ്യവസായി രവിപിള്ളയുടെ കമ്പനിയില്‍ ബിനീഷിന് ഉന്നത ഉദ്യോഗം ലഭിച്ചതും രാഷ്ട്രീയ വിവാദമായി. ഈ അവസരങ്ങളിലെല്ലാം പാര്‍ട്ടിയിലെ ഒരി വിഭാഗം കോടിയേരിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു.
കോടിയേരിയുടെ മൂത്ത മകന്‍ ബിനോയി കോടിയേരി കടം വാങ്ങിയ പണം തന്നില്ലെന്ന പരാതിയുമായി യു.എ.ഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള മര്‍സൂഖി കേരളത്തിലെത്തിയിരുന്നു. അമര്‍സൂഖിക്ക് ഇവിടെ ചിലര്‍ ഒത്താശ ചെയ്തു കൊടുത്തെന്ന് മാത്രമല്ല സി.പി.എം കേന്ദ്രകമ്മിറ്റിക്കും പി.ബിക്കും പരാതി കൊടുക്കാന്‍ വരെ സഹായിച്ചു. അക്കൂട്ടത്തില്‍ സി.പി.എമ്മുകാരുണ്ടായിരുന്നു. മക്കള്‍ക്കെതിരെ വിവാദങ്ങളുണ്ടാകുമ്പോഴെല്ലാം കോടിയേരി യാതൊരു പിരിമുറുക്കവും കൂടാതെ പുഞ്ചിരിയോടെ മാധ്യമങ്ങളെ കണ്ടിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. പൊതുവേ സൗമ്യനായ കോടിയേരിയെ വേദനിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകരും ശ്രമിച്ചിരുന്നില്ല. കാരണം അത്രയ്ക്ക് മാന്യത അദ്ദേഹം എല്ലാവരോടും കാട്ടിയിരുന്നു. ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി മുംബൈയില്‍ പരാതി നല്‍കിയപ്പോഴും കോടിയേരി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയില്ല. പ്രായപൂര്‍ത്തിയായ മകന്‍ വേറെ കുടുംബമായി താമസിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെല്ലാം ശേഷമാണ് മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് കേന്ദ്രനേതൃത്വം അടക്കം കോടിയേരി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വം ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് ചികിത്സയ്ക്കായി അവധി എടുക്കുകയാണെന്ന് പറഞ്ഞ് കോടിയേരിയെ മാറ്റിനിര്‍്ത്തി. എ. വിജയരാഘവന്‍ താല്‍ക്കാലിക സെക്രട്ടറിയായി.
പക്ഷെ, പാര്‍ട്ടി ഇതേനിലപാട് പിണറായി വിജയനോടും അദ്ദേഹത്തിന്റെ മകള്‍ വീണാ വിജയനോടും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല. വീണയ്‌ക്കെതിരായ തെളിവുകള്‍ പുറത്തുവന്നിട്ടും പിന്തുണയ്ക്കുകയാണ് നേതാക്കളും പാര്‍ട്ടിയും. സ്പ്രിംഗ്ലര്‍ ഇടപാടിയില്‍ വീണയ്ക്ക് പങ്കുണ്ടെന്ന ആരോപണം ആദ്യമേ ഉയര്‍ന്നിരുന്നു. മാവേലിക്കര സ്വദേശിയായ സ്പ്രിംഗ്ലര്‍ കമ്പനി ഉടമയ്ക്ക് കോവിഡ് രോഗികളുടെ ഡാറ്റാ വിശകലനത്തിന് നല്‍കാന്‍ തീരുമാനിച്ചത് വീണയുടെ താല്‍പര്യപ്രകാരമായിരുന്നെന്ന ആരോപണവും ശക്തമായിരുന്നു. അവസാനം കോടതി ഇടപെട്ടതോടെ സര്‍ക്കാര്‍ കരാറുമായി മുന്നോട്ട് പോയില്ലെന്ന് മാത്രം. ഇവിടുത്തെ പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൊടുക്കാന്‍ ശ്രമിച്ചു എന്ന അതീവഗൗരവമായ കുറ്റകൃത്യത്തിനാണ് ശ്രമിച്ചത്. അതിനെ ഒരു സി.പി.എമ്മുകാരനും എതിത്തില്ല. പിണറായിക്കെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നില്ല. സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിനെ നിയമിക്കണമെന്ന് ശുപാര്‍ശ നല്‍കിയ പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസ് എന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജയ്ക് ബാലകുമാറും വീണാ വിജയനും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം മാത്യുകുഴല്‍നാടനാണ് പുറ്തതു കൊണ്ടുവന്നത്. ജയ്ക് തന്റെ മെന്ററാണെന്ന് വീണ വിജയന്‍ അവരുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ ആ ഭാഗം ഒഴിവാക്കി.
വീണാ വിജയന് ഷാര്‍ജയില്‍ ഐ.ടി കമ്പനി തുടങ്ങാന്‍ അവിടുത്തെ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയും ഭാര്യയും സഹായം തേടിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. വിദേശകാര്യ വകുപ്പിന്റെ പ്രോട്ടോക്കോള്‍ ലംഘിച്ച് രാജ്ഭവനില്‍ നിന്ന് ഷാര്‍ജ ഭരണാധികാരിയെയും ഭാര്യയേയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ എത്തിച്ചെന്നും ഇപ്പോഴത്തെ വിജിലന്‍സ് മേധാവിയായ മനോജ് എബ്രഹാമിനോട് യാത്രയുടെ കാര്യം താനാണ് നിര്‍ദ്ദേശിച്ചതെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതും അതീവഗൗരവമായ ആരോപണമാണ്. ഇതിനെതിരെ ഒരു വക്കീല്‍നോട്ടീസ് പോലും അയയ്ക്കാന്‍ മുഖ്യമന്ത്രിയോ, വീണാ വിജയനോ തയ്യാറായില്ല എന്നതാണ് ഏറ്റവും കൗതുകം.
ശശിധരന്‍ കര്‍ത്ത എന്ന വ്യവസായിയുടെ മറ്റൊരു കമ്പനിയായ എംപവര്‍ ഇന്ത്യ വീണാ വിജയന് വലിയ തുക വായ്പ നല്‍കിയെന്ന ആക്ഷേപം മുമ്പ് ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് കര്‍ത്തയുടെ സി.എം.ആര്‍.എല്‍ എന്ന കമ്പനി വീണാ വിജയന്റെ കമ്പനിക്കും വീണയ്ക്കുമായി 1 കോടി 72 ലക്ഷം രൂപ മാസപ്പടി നല്‍കിയെന്ന വിവരം തെളിവ് സഹിതം പുറത്തുവരുന്നത്. വീണ തന്റെ അക്കൗണ്ടിലൂടെ മൂന്ന് കൊല്ലം കൊണ്ട് പണം സ്വീകരിച്ചെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. പണം നല്‍കിയെന്ന് സി.എം.ആര്‍.എല്ലും പറയുന്നു. എന്നാല്‍ കരാറില്‍ പറഞ്ഞ സേവനങ്ങളൊന്നും വീണ കമ്പനിക്ക് നല്‍കിയിട്ടില്ലെന്നും കമ്പനി അധികൃതര്‍ ആദായനികുതി വകുപ്പിന് മൊഴി നല്‍കി. പിഴയടച്ചതോടെ കേസ് പരിഹരിച്ചു. അപ്പോഴും വീണയ്ക്ക് അനധികൃതമായി പണം നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. അതാണ് വീണാ മാജിക്. മുഖ്യമന്ത്രി മാധ്യമങ്ങളെ പാത്ത് നടക്കുകയാണ്. ഒരു ന്യായീകരണം പോലും നിരത്താനില്ല. പാര്‍ട്ടിക്കാര് പിണറായിയുടെ പണികൂടി ഭംഗിയായി ചെയ്യുന്നുണ്ട്. അവര്‍ക്ക് മുഖ്യമന്ത്രി മാറി നില്‍ക്കണ്ട, സംസ്ഥാന നേതൃത്വം വിശദീകരിക്കും എന്നാണ് കേന്ദ്രനേതൃത്വം പറയുന്നത്. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് ചെയ്ത ഇ.ഡി വീണയുടെ വീട്ടില്‍ പരിശോധനയ്ക്ക് തയ്യാറാകുന്നില്ല. കോടിയേരിക്കും മക്കള്‍ക്കും കിട്ടാത്ത പല ആനുകൂല്യങ്ങളും സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരും പിണറായി വിജയനും മകള്‍ക്കും നല്‍കുന്നു. എന്തായിരിക്കും ഇതിന്റെ രഹസ്യം?
https://www.facebook.com/Malayalivartha

























