കോളേജ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ ഒളിവിൽ പോയ പ്രതി പിടിയിൽ

കോളേജ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതിയായ ഉണ്ണിയത്താൻ കണ്ടി ജുനൈദ് (25)കസ്റ്റഡിയിൽ. ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയതായി അതിജീവിത മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിനും, നഗ്ന ദൃശ്യങ്ങൾ പകർത്തിയതിനും വീട്ടിൽ എം.ഡി.എം എ കണ്ടെത്തിയതിനും അടക്കമാണ് കേസ്. കഴിഞ്ഞ ദിവസമാണ് ജുനൈദ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കുണ്ട് തോട്ടിലെ വീട്ടിൽ കെട്ടിയിട്ടത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവസ്ത്രയായ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
കോഴിക്കോട് സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്ന് കാണാതായത്. ബന്ധുക്കൾ സഹപാഠികളോട് വിവരം തേടിയതിനെത്തുടർന്ന് ആൺസുഹൃത്തിനൊപ്പം വൈകിട്ട് ബൈക്കിൽ പോയെന്ന വിവരമാണ് ലഭിച്ചത്. രാത്രി വൈകിയിട്ടും പെൺകുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ വച്ച് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്നും 5.47 ഗ്രാം എം.ഡി.എം.എ പൊലിസ് കണ്ടെത്തി.
എസ്.ഐ സി.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെ പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതി ജുനൈദിനായി അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതോടെ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഹോസ്റ്റലിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം ജുനൈദ് കൂട്ടികൊണ്ട് പോവുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ജുനൈദിന്റെ വീടിന്റെ പൂട്ടുതകർത്താണ് പോലീസ് പെൺകുട്ടിയെ മോചിപ്പിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് പെൺകുട്ടിയെ പൂട്ടിയിട്ടിരുന്നത്. വിവസ്ത്രയാക്കിയ നിലയിലായിരുന്നു.
ബന്ധുക്കളെത്തി വൈദ്യപരിശോധനയ്ക്കായി പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് എത്തിക്കുകയായിരുന്നു. പോലീസ് എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ജുനൈദ് അലി മുറി പൂട്ടി പുറത്തേയ്ക്ക് പോവുകയായിരുന്നു. രണ്ടുമാസംമുമ്പാണ് യുവാവിന്റെ മാതാപിതാക്കൾ മകളുടെ പ്രസവ ആവശ്യവുമായി ബന്ധപ്പെട്ട് വിദേശത്തേക്കു പോയത്. തുടർന്ന് യുവാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
https://www.facebook.com/Malayalivartha


























