ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള സ്‌നേഹസ്മരണകള്‍ നിറഞ്ഞ പുലരിയില്‍ അദ്ദേഹത്തിന്റെ 40-ാം ചരമദിനാചരണം.... പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിമുറ്റം നിറഞ്ഞു

ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള സ്‌നേഹസ്മരണകള്‍ നിറഞ്ഞ പുലരിയില്‍ അദ്ദേഹത്തിന്റെ 40-ാം ചരമദിനാചരണം. പെരുന്നാള്‍ ദിനങ്ങളിലെന്നപോലെ പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിമുറ്റം നിറഞ്ഞു.
കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും ഉമ്മന്‍ചാണ്ടിയെ സ്‌നേഹിക്കുന്നവരെത്തി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഇടവകാംഗങ്ങളും ഉണ്ടായിരുന്നു.
ജനപ്രതിനിധികളും നേതാക്കളും കല്ലറയില്‍ ആദരമര്‍പ്പിച്ച് മടങ്ങി. രാവിലെ പള്ളിയില്‍ പ്രഭാതനമസ്‌കാരവും കുര്‍ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടന്നു.
കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത, ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രപ്പൊലീത്ത എന്നിവര്‍ പ്രധാനകാര്‍മകത്വം വഹിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ മറിയ, അച്ചു, ചാണ്ടി ഉമ്മന്‍, ഉമ്മന്‍ചാണ്ടിയുടെ സഹോദരി വത്സമ്മ മാത്യു, സഹോദരന്‍ അലക്‌സ് വി.ചാണ്ടി, മരുമക്കള്‍, കൊച്ചുമക്കള്‍ തുടങ്ങിവര്‍ പങ്കെടുക്കുകയും ചെയ്തു.
നാല്പതാം ചരമദിനാചരണത്തിന്റെ ഭാഗമായി വൈദികരുടെ സാന്നിധ്യത്തില്‍, കുടുംബവീടായ കരോട്ടുവള്ളക്കാലിലെ കട്ടിലില്‍നിന്ന് വിരിപ്പും ബൈബിളും മാറ്റി, കെടാവിളക്ക് അണച്ചു. പാതിപണി പൂര്‍ത്തിയായ ഉമ്മന്‍ചാണ്ടിയുടെ പുതിയ വീടിന്റെ അങ്കണത്തില്‍ ധൂപപ്രാര്‍ഥനയുമുണ്ടായിരുന്നു.
പള്ളിയുടെ അങ്കണത്തില്‍ ഉമ്മന്‍ചാണ്ടിക്കായി പ്രത്യേക കബറിടമൊരുക്കിയ ഇടവകക്കാര്‍തന്നെ അദ്ദേഹത്തിന്റെ 40-ാം ചരമദിനത്തിലെ ചടങ്ങുകളും ഏറ്റെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും പ്രഭാതഭക്ഷണം നല്‍കി. വൈകീട്ടോടെ നിരവധിയിടങ്ങളില്‍നിന്ന് കബറിടത്തിലേക്ക് പദയാത്രയായി ആളുകളെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha


























