കൊച്ചുവേളി ഏറ് പടക്കം എറിഞ്ഞുള്ള വീടാക്രമണം ...പ്രതികള്‍ക്ക് ജാമ്യമില്ല, വീടിന് നേരെ ജൂണ്‍ 30 നു പുലര്‍ച്ചെ 2 മണിക്കായിരുന്നു ആക്രമണം

വലിയതുറ കൊച്ചുവേളിയില്‍ എതിരാളിയുടെ വീടിന് നേരെ പടക്കം എറിഞ്ഞ് വീടാക്രമിച്ച കേസില്‍ പ്രതികളായ എട്ട് അംഗ സംഘത്തിന് ജാമ്യമില്ല. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളുടെ ജാമ്യഹര്‍ജികള്‍ നിരസിച്ചത്. പേട്ട പോലീസ് സ്റ്റേഷന്‍ ബോംബാക്രമണക്കേസില്‍ മുഖ്യപ്രതിയായ ജാങ്കോ കുമാറിന്റെ കൂട്ടുപ്രതിയായ ജോണ്‍ ബാപ്റ്റിസ്റ്റ് അടക്കമുള്ള പ്രതികള്‍ക്കാണ് മജിസ്‌ട്രേട്ട് കെ.ജി. രവിത ജാമ്യം നിഷേധിച്ചത്.
2023 ജൂലൈ 5 നാണ് വലിയതുറ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെട്ടുകാട് ബാലനഗര്‍ സ്വദേശി ജോണ്‍ ഗോമസ് മകന്‍ ജോണ്‍ ബാപ്റ്റിസ്റ്റ് , ടൈറ്റാനിയം തൈവിളാകം സ്വദേശികളായ ജെറോം മകന്‍ ശ്യാം ജെറോം, ജെറോം മകന്‍ ജാക്‌സണ്‍ ജെറോം, കൊച്ചുതോപ്പ് ഫിഷര്‍മെന്‍ കോളനിയില്‍ ജഗന്‍ എന്ന ഷാരോണ്‍, വിഡിപി സ്റ്റോറിന് എതിര്‍വശത്തു താമസിക്കുന്ന സെബിന്‍ , വെട്ടുകാട് സ്വദേശികളായ അനുലാല്‍, മുരുകന്‍ എന്ന ജയദേവന്‍ എന്നിവരാണ് വീടാക്രമണ കേസ് പ്രതികള്‍.
പൊഴിക്കര അപ്പന്‍പ്പിള്ള റോഡ് ടി.സി 80 പുതുവല്‍ പുത്തന്‍ വീട്ടില്‍ പ്രിജുമോന്റെ മകന്‍ പ്രവീണിന്റെ വീടിന് നേരെ ജൂണ്‍ 30 നു പുലര്‍ച്ചെ 2 മണിക്കായിരുന്നു ആക്രമണം നടന്നത്. അസഭ്യം വിളിച്ച് ബഹളമുണ്ടാക്കിയ സംഘം വീടിന്റെ മുന്‍ വശത്തെ ചുവരില്‍ പടക്കം എറിയുകയായിരുന്നു. സംഭവ സമയം പ്രവീണിന്റെ അമ്മയും അച്ഛന്റെ സഹോദരിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഉഗ്രശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞുവെന്നാണ് കേസ്.
പ്രവീണും അക്രമം നടത്തിയവരും സുഹൃത്തുക്കളും വിവിധ കേസുകളില്‍ പ്രതികളുമാണ്. ഇവര്‍ തമ്മില്‍ രണ്ടു ദിവസം മുന്‍പ് വലിയതുറയില്‍വച്ച് പ്രശ്‌നം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രവീണ്‍ രാത്രി ഭാര്യവീട്ടിലായിരുന്നു. സുരക്ഷാ ജീവനക്കാരനായ പ്രിജു രാത്രി ജോലിക്കും പോയിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉറങ്ങി കിടന്ന മുറിയുടെ തൊട്ടടുത്തുള്ള ചുവരിലാണ് ഏറ് പടക്കം പതിച്ചത്. പ്രതികളെ വലിയതുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha

























