പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും അടക്കിഭരിച്ചിരുന്ന, എല്‍.ഡി.എഫിന്റെ കോട്ടകളെല്ലാം തവിടുപൊടിയാക്കി യു.ഡി.എഫ് മുന്നേറി.... ഉമ്മന്‍ചാണ്ടി മരിച്ച സഹതാപതരംഗം മാത്രമല്ല, ശക്തമായ ഭരണവിരുദ്ധ വികാരം കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്.....

പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും അടക്കിഭരിച്ചിരുന്ന എല്‍.ഡി.എഫിന്റെ കോട്ടകളെല്ലാം തവിടുപൊടിയാക്കി യു.ഡി.എഫ് മുന്നേറി. ഉമ്മന്‍ചാണ്ടി മരിച്ച സഹതാപതരംഗം മാത്രമല്ല ശക്തമായ ഭരണവിരുദ്ധ വികാരം കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്. മണ്ഡലത്തില്‍ ഞങ്ങള്‍ വിജയിക്കുമെന്നും ഭൂരിപക്ഷം പഞ്ചായത്തുകളും ഭരിക്കുന്നത് തങ്ങളാണെന്നും വീമ്പിളക്കിയ വലമ്പന്‍മാരുടെ നെഞ്ചത്ത് ജനം പൊങ്കാലയിട്ട കാഴ്ചയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന് കീഴിലുള്ളത്. വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍ക്കാട്, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം. ഇതില്‍ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. ബാക്കി ആറും എല്‍ഡിഎഫ് കോട്ടകളാണ്. ഈ കോട്ടയിലുള്ളവരാണ് സി.പി.എമ്മിനെതിരെ കൂട്ടത്തോടെ കുത്തിയത്. അതോടെ മൂന്നാംതവണയും ജെയ്ക്ക് മോന്‍ ഉജ്ജ്വലനായി.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കൂറയ്ക്കാന്‍ ജെയ്ക്കിന് കഴിഞ്ഞിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ കേവലം 9000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. ശെരിക്കും പറഞ്ഞാല്‍ ജെയ്ക്ക് ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും വിറപ്പിച്ചിരുന്നു. എന്നാല്‍ മൂന്നാമൂഴത്തില്‍ മൂക്കറ്റം മുങ്ങാന്‍ കാരണം ജെയ്ക്കല്ല. ശക്തമായ ഭരണവിരുദ്ധവികാരമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതില്‍ എടുത്ത് പറയേണ്ടതാണ്. ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് വോട്ട് പിടിക്കാന്‍ പോലും പിണറായി വിജയന് കഴിഞ്ഞില്ല. രണ്ട് തവണ പുതുപ്പള്ളിയിലെത്തിയ അദ്ദേഹം മകള്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ പേരില്‍ യു.ഡി.എഫിന്റെയോ, ബി.ജെ.പിയുടെയോ അഴിമതികളെ കുറിച്ച് പോലും നാവ് അനക്കിയില്ല. പക്ഷെ, ജനം വെറും കഴുതകളല്ല, അവര്‍ എണ്ണി എണ്ണി കണക്ക് തീര്‍ത്തു. ഇത് വെറും പ്രീക്വാര്‍ട്ടര്‍ മാത്രമാണ് മിസ്റ്റര്‍ പിണറായി വിജയന്‍.
സെമിഫൈനലായ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സുനാമിയായിരിക്കും സംഭവിക്കാന്‍ പോകുന്നത്. അതിന്റെ സാമ്പിള്‍ വെടിക്കെട്ടിനാണ് പുതുപ്പള്ളിക്കാര്‍ തുടക്കംകുറിച്ചത്.ഭൂരിപക്ഷവും ഇടതുപക്ഷം ഭരിക്കുന്ന ഒരു മണ്ഡലം തിരിച്ചുപിടിക്കാനായില്ലെങ്കില്‍ ബാക്കിയുള്ള മണ്ഡലങ്ങളിലെ അവസ്ഥ എന്താകും. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനം വ്യത്യസ്തമായി ചിന്തിക്കാറുണ്ട് എന്നത് സത്യമാണ്. പക്ഷെ, അതിനൊക്കെ ചില പരിധികളുണ്ട്. പലപ്പോഴും യു.ഡി.എഫ് ജയിക്കുകയും ഭൂരിപക്ഷം കുറയുകയുമായിരിക്കും. ഇവിടെ ഭൂരിപക്ഷം വാനോളം ഉയര്‍ന്നിരിക്കുകയാണ്. അതില്‍ ഭരണവിരുദ്ധ വികാരത്തിന് പങ്കുണ്ട്. ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപവുമുണ്ട്. വികസനം പറഞ്ഞ് വോട്ട് പിടിക്കാനിറങ്ങിയ സഖാക്കള്‍ ആദ്യം തന്നെ ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നല്‍കിയില്ലെന്ന വിവാദം എടുത്ത് അലക്കി. സത്യത്തില്‍ അന്നേരമേ തോല്‍വി ഉറപ്പായിരുന്നു. കാരണം പുതുപ്പള്ളിയ ഏദന്‍തോട്ടമാക്കിയല്ല ഉമ്മന്‍ചാണ്ടി 50 കൊല്ലം അവിടുത്തെ എം.എല്‍.എയായത്.
ജനങ്ങളോടുള്ള ഇടപെടല്‍ കൊണ്ടുമാത്രമാണ്. ആ ജനകീയ ഇടപെടല്‍ സി.പി.എമ്മിന്റെ ഭാഗത്ത് ഇല്ലാതാകുന്നു. അതുകൊണ്ടാണ് ഇത്രയും പരിതാപകരമായ അവസ്ഥയിലേക്ക് ഇടതുമുന്നണി കൂപ്പുകുത്തേണ്ടിവന്നത്. സിപിഎമ്മും ഇടതുപക്ഷവും പ്രചാരണത്തില്‍ തുറന്നുവിട്ട വികസനമെന്ന മുദ്രാവാക്യം ഏശിയില്ല എന്നാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം തെളിയിക്കുന്നത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍, മാസപ്പടി വിവാദം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, സാമ്പത്തിക പരാധീനതകള്‍, കൃഷിക്കാരോടുള്ള അവഗണന, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങുന്ന അവസ്ഥ, ആരോഗ്യ രംഗത്തെ മുരടിപ്പ്, വിലക്കയറ്റം, വിദ്യാഭ്യാസരംഗത്തെ തളര്‍ച്ച തുടങ്ങി എല്ലാ രംഗങ്ങളിലുമുള്ള ജനങ്ങളുടെ വിയോജിപ്പും പ്രതിഷേധവുമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ചുരുക്കം പറഞ്ഞാല്‍ സിപിഎം നേതൃത്വം പറഞ്ഞ ക്യാപ്‌സ്യൂളുകളൊന്നും ജനം തൊണ്ടതൊടാതെ വിഴുങ്ങിയില്ല.
കെ.പി. സി.സി നേതൃത്വം ഇന്നേവരെ ആവിഷ്‌ക്കരിച്ചിട്ടില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അടവുകളുമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പയറ്റിയത്. കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍, എണ്ണയിട്ട യന്ത്രം പോലെയുള്ള സ്‌ക്വാഡുകള്‍, കൃത്യമായ സാമുദായിക സമവാക്യങ്ങള്‍ ഉറപ്പിക്കല്‍, സര്‍വ്വോപരി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ മണ്ഡലത്തിലുടനീളം ജ്വലിപ്പിച്ചുനിര്‍ത്തുന്നതിലെ സാമര്‍ഥ്യം - ഇങ്ങനെ എല്ലാ ഘടകങ്ങളും കിറുകൃത്യമായി 'വര്‍ക്ക് ചെയ്തപ്പോള്‍' ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം സ്വപ്ന തുല്യമായ നിലയിലെത്തി.
പുതുപ്പള്ളി മണ്ഡലത്തില്‍ തീരെ അപ്രസക്തമായ യുഡിഎഫ് ഘടക കക്ഷികളെപ്പോലും മുന്‍നിരയില്‍ത്തന്നെ നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ കെപിസിസി നേതൃത്വവും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന് ഫലം കണ്ടു. സാധാരണ ഗതിയില്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരമനുസരിച്ച് തെരഞ്ഞെടുപ്പ് ചിട്ടവട്ടങ്ങളത്രയും ഒരുപറ്റം നേതാക്കളുടെ കൈപ്പിടിയിലൊതുക്കുന്ന പ്രവണത മാറ്റി. എല്ലാവര്‍ക്കും തുല്യ പങ്കാളിത്തം ഉറപ്പിക്കുന്ന തരത്തിലായിരുന്നു വി.ഡി.സതീശന്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കിയത്. ഫണ്ട് വിതരണത്തില്‍പ്പോലും എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിവാദങ്ങള്‍ക്കും പരാതികള്‍ക്കും അധികമൊന്നും ഇടം നല്‍കാതെ ഐക്യത്തിന്റെ സന്ദേശം നല്‍കിയാണ് കെപിസിസി നേതൃത്വം മുന്നോട്ടു പോയത്. മധ്യകേരളത്തിലെങ്ങും തെരഞ്ഞെടുപ്പില്‍ സാമുദായിക ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും ഭീഷണിയും വിലപേശല്‍ നടത്താറുണ്ട്. എന്നാല്‍ പുതുപ്പള്ളിയില്‍ അതിനൊന്നു ഇടനല്‍കിയില്ല. സര്‍ക്കാര്‍ വിരുദ്ധ വികാരവും ഉമ്മന്‍ ചാണ്ടി വികാരവും സമാസമം ചേരുംപടിയായി ചേര്‍ത്താണ് കോണ്‍ഗ്രസും ഐക്യ മുന്നണിയും വിജയം കൊയ്‌തെടുത്തത്.
ഈ ഒത്തൊരുമ നിലനിര്‍ത്തിയാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം വീണ്ടും ആവര്‍ത്തിക്കാനാകും. ആലപ്പുഴയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന എം.പി സ്ഥാനം ഇടതു മുന്നണിയില്‍ നിന്ന് പിടിച്ചെടുത്ത് 20ല്‍ 20 മാര്‍ക്കുമായി ഡല്‍ഹിയിലേക്ക് പറക്കാം. അതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിലും അലമ്പും തമ്മിലടിയും ഇല്ലാതെ മുന്നോട്ട് പോയാല്‍ പിണറായി വിജയന്‍ സ്വപ്‌നം കണ്ട 100 എന്ന സംഖ്യ യു.ഡി.എഫിന് തികയ്ക്കാനാകും. അങ്ങനെ 100 എം.എല്‍.എമാരുമായി കേരളം ഭരിക്കാം. ജനം കൂടെ നില്‍ക്കുമെന്ന് ഉറപ്പാണ്. യു.ഡി.എഫ് പാളയത്തില്‍ പടയുണ്ടായാല്‍ പണി ഉറപ്പാണ്.
https://www.facebook.com/Malayalivartha

























