ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. കുട്ടിയെ പ്രതി ക്രിസ്റ്റല്‍രാജ്‌നേരത്തെ തന്നെ കണ്ടുവച്ചിരുന്നതായി പൊലീസ് പറഞ്ഞു. മുന്‍പ് ഒരു തവണ ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. രണ്ടാംതവണ മോഷണ ശ്രമവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു.
നേരത്തെ ക്രിസ്റ്റല്‍രാജ് വീടിന്റെ പരിസരത്ത് എത്തുകയും കുട്ടിയെ കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് പീഡന ശ്രമം നടത്തിയില്ല. ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയ ഇയാള്‍ ലൈംഗികാതിക്രമത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും മോഷണവും ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം ക്രിസ്റ്റല്‍രാജിനെ ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 21വരെ റിമാന്‍ഡ് ചെയ്തു. പ്രതിയെ ആലുവ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കോടതി മുമ്പാകെ ഏഴുദിവസത്തേക്ക് കസ്റ്റഡി അപേക്ഷയും അന്വേഷണസംഘം നല്‍കി. അപേക്ഷ എറണാകുളം പോക്‌സോ കോടതിക്ക് കൈമാറും. തിങ്കളാഴ്ച പരിഗണിക്കാനാണ് സാദ്ധ്യത. കുട്ടിയുമായി പ്രതി പോകുന്നത് കണ്ട എടയപ്പുറം ഈഴവത്തറയില്‍ സുകുമാരന്‍ മജിസ്‌ട്രേട്ടിന്റെ മുമ്പാകെ തിരിച്ചറിയല്‍ പരേഡിന് ഹാജരാകും. പ്രതിക്കെതിരെ മൊബൈല്‍മോഷണക്കേസും ചുമത്തിയിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ 2.15നാണ് ആലുവ എടയപ്പുറം ചാത്തന്‍പുറത്ത് വാടകവീട്ടിലെ ഹാളില്‍ ജ്യേഷ്ഠസഹോദരനൊപ്പം ഉറക്കത്തിലായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. ജനലഴിക്കുള്ളിലൂടെ കൈകടത്തി വാതില്‍തുറന്നാണ് പ്രതി അകത്തുകയറിയത്. താക്കോല്‍ വാതിലില്‍ത്തന്നെയുണ്ടായിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ കൈക്കലാക്കിയശേഷം കുട്ടിയെ തോളിലേറ്റി പുറത്തിറങ്ങി വീട് താക്കോലുപയോഗിച്ച് പൂട്ടി അതില്‍ത്തന്നെ ഇട്ടു. തുടര്‍ന്ന് കുട്ടിയെ താഴെയിറക്കി ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും നടത്തിയാണ് 150 മീറ്റര്‍ അകലെ പാടശേഖരത്തിലെത്തിച്ച് പീഡിപ്പിച്ചത്. മഴയുള്ള സമയത്ത് കുട്ടിയെ കൊണ്ടുപോകുന്നത് ജനലിലൂടെ കണ്ട സമീപവാസി സുകുമാരനും മറ്റ് രണ്ട് പേരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
അരമണിക്കൂറിനുശേഷം കുട്ടി വിവസ്ത്രയായി രക്തംവാര്‍ന്ന നിലയില്‍ കരഞ്ഞുകൊണ്ട് വരികയായിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞ ഇവര്‍ വീട്ടിലെത്തിക്കുമ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ഇതിനിടയില്‍ പൊലീസിനെയും അറിയിച്ചു. ഉടനെയെത്തിയ പൊലീസ് നടത്തിയ ചടുലമായ നീക്കമാണ് വൈകിട്ട് മൂന്നരയോടെ പ്രതിയെ പിടികൂടാന്‍ വഴിയൊരുക്കിയത്. മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനടിയില്‍ ഒളിച്ചിരുന്ന പ്രതിയെ ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെയാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha

























