ചെറുതോണി ഡാമില്‍ അതിക്രമിച്ച് കടന്നത് പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പോലീസ്... വിദേശത്തേക്ക് കടന്ന ഇയാളെ തിരികെ എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി

ഇടുക്കി ചെറുതോണി ഡാമില്‍ അതിക്രമിച്ച് കടന്നത് പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പോലീസ് കണ്ടെത്തി. വിദേശത്തേക്ക് കടന്ന ഇയാളെ തിരികെ എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. പതിനൊന്ന് സ്ഥലത്താണ് ഇയാള്‍ താഴ് ഉപയോഗിച്ച് പൂട്ടിയത്. ജൂലൈ 22 ന് പകല്‍ മൂന്നേകാലിനാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഇടുക്കി ഡാമില്‍ കയറി ഹൈമാസ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടിയത്.
പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തിയത്. ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലുമാണ് താഴുകള്‍ സ്ഥാപിച്ചത്. അമര്‍ത്തുമ്പോള്‍ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചത്. ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ താഴുകള്‍ പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവിന്റെ പ്രവര്‍ത്തികള്‍ മനസ്സിലായത്. തുടര്‍ന്ന് ഇടുക്കി പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം സ്വദേശിയാണിയാളെന്ന് മനസ്സിലായി. വാടകക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാള്‍ക്ക് കാര്‍ വാടകക്ക് എടുത്ത് നല്‍കിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇതിനിടെ ഇയാള്‍ വിദേശത്തേക്ക് പോയി. സംഭവം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്.
പൊലീസിന്റെ വീഴ്ചയും പരിശോധിക്കുന്നുണ്ട്. എന്തു കൊണ്ടാണ് ഇയാള്‍ ഇത്തരത്തില്‍ ചെയ്തതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. അണക്കെട്ടില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് അണക്കെട്ടില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ഇടുക്കി എസ് പി വി യു കുര്യാക്കോസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























