മാട്രിമോണിയല്‍ വെബ് സൈറ്റിലൂടെ ഡോക്ടര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തി 22.75 ലക്ഷം രൂപ തട്ടിയ കേസ് ... ജാമ്യത്തില്‍ കഴിയുന്ന ത്രിപുര സ്വദേശികള്‍ക്ക് 3 മാസത്തേക്ക് ത്രിപുര സന്ദര്‍ശിച്ചു മടങ്ങാന്‍ കോടതി അനുമതി, തലസ്ഥാന ജില്ല വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥയിലാണ് 3 മാസ ഇളവ് അനുവദിച്ചത്, ത്രിപുരയില്‍ താമസിക്കുന്ന വിലാസം ഹാജരാക്കാനും കോടതി ഉത്തരവിട്ടു

മാട്രിമോണിയല്‍ വെബ് സൈറ്റിലൂടെ ഡോക്ടര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തി തലസ്ഥാനത്തെ യുവതിയില്‍ നിന്നും 22.75 ലക്ഷം രൂപ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചെടുത്ത കേസില്‍ ജാമ്യത്തില്‍ കഴിയുന്ന 2 ത്രിപുര സ്വദേശികള്‍ക്ക് 3 മാസത്തേക്ക് ത്രിപുര സന്ദര്‍ശിച്ചു മടങ്ങാന്‍ കോടതി അനുമതി നല്‍കി.
തലസ്ഥാന ജില്ല വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥയിലാണ് 3 മാസ ഇളവ് അനുവദിച്ചത്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.ത്രിപുര സ്വദേശികളായ കുമാര്‍ ജമാതിയ (36), സൂരജ് ദെബ്ബര്‍മ (27) എന്നീ പ്രതികളുടെ ജാമ്യവ്യവസ്ഥയില്‍ ഭേദഗതി വരുത്തണമെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ത്രിപുരയില്‍ താമസിക്കുന്ന വിലാസം ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം നവംബര്‍ 23 മുതല്‍ എല്ലാ വ്യാഴാഴ്ചയും സിറ്റി സൈബര്‍ പോലീസ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ പ്രതികള്‍ ഹാജരാകാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശിയായ യുവതിക്കാണ് മാട്രിമോണിയല്‍ സൈറ്റ് തട്ടിപ്പില്‍ പണം നഷ്ടമായത്. ത്രിപുര സ്വദേശികളായ കുമാര്‍ ജമാതിയ (36), സൂരജ് ദെബ്ബര്‍മ (27) , സഞ്ജിത് ജമാതിയ (40), ) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് ത്രിപുരയിലെ തെലിയമുറയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2023 മാര്‍ച്ച് 24 നാണ് പ്രതികള്‍ അറസ്റ്റിലായത്.
വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളിലൊരാള്‍ യുവതിയെ വാട്‌സാപ് വഴി ബന്ധപ്പെടുകയായിരുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍ ഡോക്ടറെന്ന് വിശ്വസിപ്പിച്ച് വിവാഹലോചന നടത്തുകയും തുടര്‍ന്ന് പ്രണയത്തിലാവുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ പേരില്‍ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞ് 22,75,000 വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഈ സംഘം കൈവശപ്പെടുത്തി.
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹ ആലോചനകള്‍ ക്ഷണിച്ച് പരസ്യം നല്‍കുന്ന യുവതികളുടെ പ്രൊഫൈല്‍ പരിശോധിച്ച് വ്യക്തിഗത വിവരങ്ങല്‍ കരസ്ഥമാക്കി അവരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിച്ച് വിശ്വാസത്തിലെടുത്തു കബളിപ്പിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി വ്യാജപേരുകളില്‍ ഫെയ്‌സ്ബുക്ക്, വാട്‌സാപ് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു.
ഇത്തരത്തിലുള്ള ഒട്ടേറെ പരാതികള്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്നു അസി. കമ്മിഷണര്‍ പി. പി. കരുണാകന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇന്‍സ്‌പെക്ടര്‍ പി. ബി. വിനോദ്കുമാര്‍, എസ്.ഐ കെ.എന്‍. ബിജുലാല്‍, എസ്സിപിഒമാരായ ബി.ബെന്നി, ടി. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























