പുതുപ്പള്ളിയിലെ മഹാതോല്‍വിയുടെയും ചരിത്രതോല്‍വിയുടെയും, ആഘാതം മന്ത്രി വി.എന്‍. വാസവന്.... ജയം ഉറപ്പിക്കാന്‍ ഒരു മാസം പുതുപ്പള്ളിയില്‍ തമ്പടിച്ച വാസവന്റെ തന്ത്രങ്ങളൊന്നും ഫലവത്തായില്ല....പിണറായിയും ഗോവിന്ദനും നടത്തിയ വിമര്‍ശനങ്ങള്‍, ജെയ്ക്കിന് നേട്ടത്തെക്കാള്‍ നാശമാണുണ്ടാക്കിയത്...

പുതുപ്പള്ളിയിലെ മഹാതോല്‍വിയുടെയും ചരിത്രതോല്‍വിയുടെയും ആഘാതം മന്ത്രി വി.എന്‍. വാസവന്. ജയം ഉറപ്പിക്കാന്‍ ഒരു മാസം പുതുപ്പള്ളിയില്‍ തമ്പടിച്ച വാസവന്റെ തന്ത്രങ്ങളൊന്നും ഫലവത്തായില്ല. ആഞ്ഞുപിടിച്ചാല്‍ പുതുപ്പള്ളി ഇടതോട്ട് പോരുമെന്ന മട്ടില്‍ സിപിഎം നേതൃത്വത്തെ വിശ്വസിപ്പിച്ചാണ് വാസവന്‍ മുഖ്യമന്ത്രി പിണറായിയെയും സെക്രട്ടറി എംവി ഗോവിന്ദനെയും പുതുപ്പള്ളി ചുറ്റിച്ചത്.പുതുപ്പള്ളിയില്‍ വികസനമില്ലെന്നും മണ്ഡലം അര നൂറ്റാണ്ട് പിന്നോട്ടടിച്ചെന്നുമൊക്കെ പറഞ്ഞ് പിണറായിയും ഗോവിന്ദനും നടത്തിയ വിമര്‍ശനങ്ങള്‍ ജെയ്ക്കിന് നേട്ടത്തെക്കാള്‍ നാശമാണുണ്ടാക്കിയത്. പിണറായി പുതുപ്പള്ളിയില്‍ മൂന്നു തവണയായി എട്ട് ഇടത്ത് പ്രസംഗിച്ചു. പ്രസംഗിച്ച ഒരിടത്തുപോലും നാല് വോട്ടിന്റെ ഭൂരിപക്ഷം ജെയ്ക്കിനു നേടിക്കൊടുക്കാന്‍ സഖാവിന് കഴിഞ്ഞില്ല.
സര്‍ക്കാരിന്റെ ഭരണപരാജയത്തിലും ഓണക്കിറ്റ് ഓണംകേറാമൂലയില്‍ തള്ളിയതിന്റെയും കട്ടക്കലിപ്പ് വോട്ടര്‍മാര്‍ കൊടുത്തു എന്നത് തീര്‍ച്ചയാണ്. രണ്ടു തവണ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച് തോറ്റിട്ടുള്ള വാസവന് പുതുപ്പള്ളിയിലെ ഒട്ടുമുക്കാലും വീടുകളും വീട്ടുകാരെയും വോട്ടര്‍മാരെയും അടുത്തറിയാം. ഈ പരിചയം പുതുക്കി മന്ത്രി വാസവന്‍ വോട്ടുചോദിച്ചെങ്കിലും യാതൊരു നേട്ടവുമുണ്ടായില്ല. സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വിഎന്‍ വാസവന്‍ മികച്ച സംഘാടകനാണ്.മേയ് ദിനറാലിയില്‍ അര ലക്ഷം തൊഴിലാളികളുടെ പ്രകടനം പാമ്പാടിയില്‍ നടത്തി വിസ്മയം കാഴ്ചവച്ചിട്ടുള്ള വാസവന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഒരു ചലനം പോലും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. വാസവന്റെ സ്വന്തം വീടിരിക്കുന്ന പാമ്പാടിയിലോ താമസിക്കുന്ന വാര്‍ഡിലോ എന്തിനേറെ സ്വന്തം ബൂത്തില്‍പോലും ജെയ്ക്കിനെ രക്ഷിക്കാന്‍ വാസവന് കഴിഞ്ഞില്ല.
ഈ തോല്‍വിയുടെ ആഘാതം പാര്‍ട്ടി തലത്തില്‍ വാസവന്റെ ഇമേജിനെ ബാധിക്കുമെന്നതാണ് മറ്റൊരു കാര്യം.ഇടതുമുന്നണിയെ ശക്തിപ്പെടുത്തി ഒരേ നിരയില്‍ വോട്ടുതേടാന്‍ വാസവന്‍ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. കേരള കോണ്‍ഗ്രസ് മാണി നേതാക്കളെയും സിപിഐക്കാരെയുമൊക്കെ മുന്നില്‍ നിറുത്തി അവരുടെ ശക്തികേന്ദ്രങ്ങളില്‍ വര്‍ക്ക് ചെയ്തിട്ടും വോട്ടര്‍മാര്‍ അനുസരിച്ചില്ല. കേരള കോണ്‍ഗ്രസിനും കത്തോലിക്കാ വിഭാഗത്തിനും ശക്തിയുള്ള അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ അയ്യായിരത്തോളം വീതം വോട്ടുകളുടെ ഭുരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്.സിപിഎമ്മിന് ഗണ്യമായ ശക്തിയുള്ള മീനടം, മണര്‍കാട് പഞ്ചായത്തുകളിലും ജെയ്ക്ക് രക്ഷപ്പെട്ടില്ല. യാക്കോബായ സഭാംഗമായ ജെയ്ക്കിനെ സ്വന്തം പഞ്ചായത്തായി മണര്‍കാടും കൈവിട്ടു. ഇവിടെയെല്ലാം പരമാവധി തന്ത്രങ്ങള്‍ മെനഞ്ഞ് വാസവന്‍ മുന്നിലുണ്ടായിരുന്നു.
സിപിഐയ്ക്ക് പുതുപ്പള്ളി മണ്ഡലത്തില്‍ കാര്യമായ ശക്തിയില്ലെങ്കിലും സിപിഐയുടെ ഇലക്ഷന്‍ പ്രവര്‍ത്തനം ദുര്‍ബലമായിരുന്നുവെന്നാണ് സിപിഎം കരുതുന്നത്.ഉമ്മന്‍ ചാണ്ടിയെ വ്യക്തിചെയ്യാന്‍ സിപിഎം മുന്‍പു കാണിച്ച കുതന്ത്രങ്ങളും സരിതയെ രംഗത്തിറക്കി നടത്തിയ അധിക്ഷേപങ്ങളും സ്ത്രീ വോട്ടര്‍മാരില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി മരിച്ചതിനുശേഷവും ഉമ്മന്‍ ചാണ്ടിയുടെ മകളെ അധിക്ഷേപിക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങളും ഏറെ വിനയായി. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിക്ഷേധിക്കപ്പെടാന്‍ കാരണം ചാണ്ടി ഉമ്മനാണെന്ന വിധത്തിലുണ്ടായ സിപിഎം ആരോപണങ്ങളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും സിപിഎമ്മിന് യാതൊരു നേട്ടവുമുണ്ടാക്കിയില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെയ്ക്കിന് വോട്ടു ചെയ്തവരില്‍ മുപ്പതിനായിരം പേര്‍ ഇത്തണ ജെയ്ക്കിനെ കൈവിട്ട് ചാണ്ടിയെ പിന്‍തുണച്ചു എന്നതാണ് വസ്തുക. ബിജെപി വോട്ടര്‍മാരില്‍ ഒരു വിഭാഗവും ചാണ്ടിക്ക് അകത്തുനിന്നു പിന്തുണ കൊടുത്തു എന്നത് പകല്‍പോലെ വ്യക്തം.
ഇനി രണ്ടര വര്‍ഷത്തിനുശേഷം പൂതുപ്പള്ളിയില്‍ വീണ്ടും തെരഞ്ഞെടുപ്പുണ്ടാകും.ഇന്നത്തെ സാഹചര്യത്തില്‍ പുതുപ്പള്ളിയില്‍ ചാണ്ടിയെ തുരത്താന്‍ സിപിഎമ്മിന് ഉടനെയൊന്നും കെല്‍പുണ്ടാകില്ല. ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇപ്പോഴത്തെ ട്രെന്‍ഡ് പുതുപ്പള്ളിയില്‍ നിഴലിക്കുന്ന സാഹചര്യത്തില്‍സ കോട്ടയം, പത്തനംതിട്ട ലോക് സഭാ മണ്ഡലങ്ങളിലെ ഇലക്ഷനെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്നതാണ് സിപിഎമ്മിന്റെ മറ്റൊരു ഗതികേട്. കോട്ടയം ലോക്‌സഭാ മണ്ഡലം നിലവില്‍ കേരള കോണ്‍ഗ്രസ് മാണിയുടെ തട്ടകമാണ്. യുഡിഎഫില്‍ നിന്ന് വിജയിച്ചെങ്കിലും കേരള കോണ്‍ഗ്രസ് ഇപ്പോള്‍ എല്‍ഡിഎഫില്‍ അംഗമാണ്.
ചരിത്രത്തിലാദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ല ഇടുതുമുന്നണി നേടിയതിനുപിന്നിലെ ചാലകശക്തി വിഎന്‍ വാസവനായിരുന്നു. മാണി ഗ്രൂപ്പിനെ ഇടതുപാളയത്തിലെത്തിച്ചതിന്റെ പ്രധാന ആസൂത്രകനും വാസവന്‍തന്നെയായിരുന്നു. അത്തരത്തില്‍ പാലായും കോട്ടയവും കടുത്തുരുത്തിയും പുതുപ്പള്ളിയും ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം എല്‍ഡിഎഫ് പിടിച്ചെടുത്തു. ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കേരള കോണ്‍ഗ്രസ് പിടിക്കാന്‍ കരുത്തായത് സിപിഎം നല്‍കിയ ഊര്‍ജമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു ഊര്‍ജം മുന്നണിക്കുണ്ടാകുമോ എന്നതിലാണ് സംശയം.ഒരേ മണ്ഡലത്തില്‍ തോല്‍ക്കാനായി മാത്രം ഒരേ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച ചരിത്രപുരുഷനാവുകയാണ് ജെയ്ക് സി തോമസ്. ഇങ്ങനെയൊരു റിക്കാര്‍ഡ് തോല്‍വിക്ക് ജെയ്ക്കിനെ അവരോധിച്ചതും വാസവനാണെന്ന വിമര്‍ശനം ബാക്കി നില്‍ക്കുന്നു. ചാണ്ടി ഉമ്മനെതിരെ ഒരു മാറ്റി പരീക്ഷണം ആകാം എന്ന അഭിപ്രായത്തെ തള്ളിക്കളഞ്ഞതിന്റെ പഴിയും വാസവന്‍ സ്വന്തമാക്കുകയാണ്.
https://www.facebook.com/Malayalivartha

























