ചുമരില്‍ ചാരി വച്ച കിടക്ക ദേഹത്ത് വീണ് രണ്ടു വയസുകാരന്‍ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ:- അബദ്ധത്തിൽ പാറ്റ ഗുളിക കുട്ടി കഴിച്ചത് രണ്ടാഴ്ച മുമ്പ്

മുക്കത്ത് ചുമരില്‍ ചാരി വച്ച കിടക്ക ദേഹത്ത് വീണ് രണ്ടു വയസുകാരന്‍ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത്. മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. ചുമരില്‍ ചാരി വച്ചിരുന്ന മെത്ത ഉറങ്ങി കിടക്കുകയായിരുന്ന ജെഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ബുധനാഴ്ച വൈകിട്ട് 7മണിയോടെ ആയിരുന്നു സംഭവം. കുളിക്കാന്‍ പോയി വന്ന ശേഷം നോക്കിയപ്പോഴാണ് മെത്തയുടെ അടിയില്‍ കിടക്കുന്ന ജെഫിനെ കണ്ടതെന്നാണ് ജിന്‍സി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് രണ്ട് വയസുകാരൻ പാറ്റ ഗുളിക അബദ്ധത്തിൽ കഴിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പിന്നീട് കുട്ടിയെ ക്ഷീണിതനായി കണ്ടതായി നാട്ടുകാർ പറയുന്നു. ഇതിനിടയിലാണ് കിടക്ക ദേഹത്ത് വീണത്. ഇതുകൊണ്ടാണ് നാട്ടുകാർ മരണത്തിൽ ദുരൂഹത കാണുന്നത്.
മരണ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ പറയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് പരിശോധനയും നടത്തുന്നുണ്ട്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നടപടികൾക്കുശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.
https://www.facebook.com/Malayalivartha

























